Connect with us

Kasargod

വരള്‍ച്ച നേരിടാന്‍ ജല സാക്ഷരതയിലേക്ക് സമൂഹം ഉണരണം -ജില്ലാ കലക്ടര്‍

Published

|

Last Updated

കാസര്‍കോട്: ജില്ല നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ ജല സാക്ഷരതിയിലേക്ക് സമൂഹം ഉണരണമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. വെള്ളം അമൂല്യമാണ്, കുടിക്കുക പാഴാക്കരുത് എന്ന സന്ദേശവുമായി എസ് വൈ എസ് കാസര്‍കോട് സോണ്‍ ആഭിമുഖ്യത്തില്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജല സംരക്ഷണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലത്തിന്റെ ദുരുപയോഗം തടയാന്‍ കഴിഞ്ഞാല്‍തന്നെ ഒരു പരിധി വരെ ക്ഷാമത്തെ നേരിടാന്‍ കഴിയും. ശക്തമായ ബോധവത്കരണത്തിലൂടെ സമൂഹത്തില്‍ ജല സാക്ഷരത ഒരു പ്രസ്ഥാനമായി വളര്‍ന്നുവരണം. എസ് വൈ എസ് നടത്തുന്ന ജല സംരക്ഷണ ക്യാമ്പയിന്‍ സംഘടനകള്‍ക്കു മാതൃകയാണ്. ലോക ജലദിനത്തില്‍ ജല സംരക്ഷണത്തിനായി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.
എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ സ്വാഗതവും ഹനീഫ് പടുപ്പ് നന്ദിയും പറഞ്ഞു.
കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍, ഇത്തിഹാജ് മുഹമ്മദ് ഹാജി, മൊയ്തു സഅദി ചേരൂര്‍, ഹാജി അമീറലി ചൂരി, അശ്‌റഫ് കരിപ്പോടി, ഹസ്ബുല്ലാഹ് തളങ്കര, സി എ അബ്ദുല്ല ചൂരി, ത്വാഹിര്‍ കോട്ടക്കുന്ന്, മുനീര്‍ സഅദി നെല്ലിക്കുന്ന്, ഹാരിസ് ഫാളിലി, അബ്ദുല്ല പൊവ്വല്‍, അഹ്മദ് സഅദി ചെങ്കള, മുഹമ്മദ് ടിപ്പുനഗര്‍, സലീം കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്യാമ്പയിന്‍ ഭാഗമായി സോണിലെ 61 യൂണിറ്റുകളില്‍ ജലസംരക്ഷണ സംഗമങ്ങള്‍, ലഘുലേഖ വിതരണം, ജനസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടത്തും.
ആറ് സര്‍ക്കിള്‍ തലങ്ങളില്‍ സെമിനാര്‍ നടക്കും.

 

Latest