Connect with us

Wayanad

ജനനീസുരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 24ന്

Published

|

Last Updated

കല്‍പ്പറ്റ: ജില്ലപഞ്ചായത്ത് ,ആയൂര്‍വേദ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജനനീസുരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 24ന് രാവിലെ 11ന് കല്‍പ്പറ്റ എസ് കെ എം ജെ ജൂബിലി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടനുബന്ധിച്ച് ജില്ലാതല രജിസ്‌ട്രേഷനും ബോധവത്കരണക്ലാസും സംഘടിപ്പിക്കും. ഗര്‍ഭിണികളുടേയും അമ്മമാരുടേയും ആരോഗ്യപരിപാലനത്തെ മുന്‍ നിര്‍ത്തി 58 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ 23 ലക്ഷവും എസ് സി വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപയും, എസ് ടി വിഭാഗത്തില്‍ 30 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇത്തവണ ജനറല്‍ വിഭാഗത്തില്‍ 365 പേര്‍ക്കും, എസ് സിവിഭാഗത്തില്‍ 75 പേര്‍ക്കും, എസ് ടി വിഭാഗത്തില്‍ 480 പേര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഈ പദ്ധതിയില്‍ അംഗമാവുന്ന ഓരോരുത്തര്‍ക്കും ആറായിരത്തോളം രൂപയുടെ ആയുര്‍വേദ ഔഷധങ്ങളാണ് കണക്കാക്കിയിരുന്നത്. ഗര്‍ഭം ധരിച്ച് മൂന്നാം മാസം മുതല്‍ പ്രസവ ശേഷം രണ്ടാം മാസം വരെയുള്ള കാലയളവിലാണ് ചികിത്സയും ഔഷധവും ലഭ്യമാവുന്നത്. മറ്റു മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ആയുര്‍വേദ ഔഷധങ്ങളും കഴിക്കാവുന്നതാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന അസുഖങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സയും ഈ പദ്ധതിയില്‍ പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഗര്‍ഭിണികള്‍ മൂന്നാം മാസം തന്നെ അടത്തുള്ള ആയുര്‍വേദ ആശുപത്രിയിലോ ഡിസ്‌പെന്‍സറിയിലോ രജിസ്റ്റര്‍ ചെയ്യണം. ഗര്‍ഭകാലത്ത് എല്ലാ മാസവും കൃത്യമായി പരിശോധിച്ച് മരുന്ന് വാങ്ങുന്നവര്‍ക്ക് മാത്രമെ പ്രസവ ശേഷമുള്ള മരുന്നുകള്‍ ലഭ്യമാവുകയുള്ളൂ. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി വിനോദ് ബാബു, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എം സത്യപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest