Connect with us

Wayanad

കാരാപ്പുഴ പദ്ധതി: കനാലിന് കുഴിച്ച കിടങ്ങില്‍ വീണ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

കല്‍പ്പറ്റ: കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുവശം കനാലിന് കുഴിച്ച കിടങ്ങില്‍ വീണ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുല്‍ത്താന്‍ ബത്തേരി സബ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ഉത്തരവായി.
കരിങ്കുറ്റി, പൂളക്കൊല്ലി വീട്ടില്‍ പി സി രാമചന്ദ്രനാ(38)ണ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം 2000 ജൂലായ് മാസം 20ന് ജീവനഷ്ടം നേരിട്ടത്. രാമചന്ദ്രന്റെ മക്കളായ രാജേന്ദ്രനും, ചന്ദ്രമതിയുമാണ് ജില്ലാ പഞ്ചായത്തിനെയും, കോണ്‍ട്രാക്ടറെയും, ജലസേചന വകുപ്പ് സെക്രട്ടറിയേയും ജില്ലാ കലക്ടറെയും പ്രതിചേര്‍ത്ത് നഷ്ടപരിഹാരത്തിനായി സിവില്‍ കേസ് ബോധിപ്പിച്ചത്. ഈ കേസിലാണ് രാമചന്ദ്രന്റെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
കിടങ്ങ് കീറുന്ന പ്രവര്‍ത്തിയില്‍ അടിസ്ഥാനപരമായി സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതികള്‍ പരാജയപ്പെട്ടതായും സംരക്ഷണ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്‍ മരണപ്പെടുമായിരുന്നില്ലെന്നും കോടതി വിലയിരുത്തി. അപകട സമയത്ത് മൈനര്‍മാരായിരുന്ന ഹരജിക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും, ആറ് ശതമാനം പലിശയും കോടതി ചെലവും പ്രതികള്‍ നല്‍കണമെന്നും കോടതി കല്‍പ്പിക്കുകയുണ്ടായി.നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഉപയോഗിക്കുന്ന കമ്പളക്കാട്-പള്ളിക്കുന്ന് റോഡിലാണ് 2000 ജൂലായ് മാസത്തില്‍ കനാല്‍ നിര്‍മിക്കുന്നതിനായി 45 മീറ്റര്‍ ആഴത്തില്‍ കിടങ്ങ് കുഴിച്ചിരുന്നത്.
കിടങ്ങില്‍ മനുഷ്യരും മൃഗങ്ങളും വാഹനങ്ങളും വീഴാതിരിക്കാന്‍ നിയമാനുസൃതം നിര്‍മ്മിക്കേണ്ടതായ സംരക്ഷണ ഭിത്തിയോ, ബാരിക്കേടോ, നെറ്റുകളോ സ്ഥാപിക്കാതെ തികച്ചും നിരുത്തരവാദപരമായിട്ടായിരുന്നു കനാല്‍ നിര്‍മാണം നടത്തിയിരുന്നത്. അധികൃതരുടെ അശ്രദ്ധ വലിയ ജനകീയ സമരത്തിനും ആഴ്ചകള്‍ നീണ്ട റോഡ് ഉപരോധത്തിനും കാരണമായിരുന്നു.പരാതിക്കാര്‍ക്ക് വേണ്ടി കല്‍പ്പറ്റയിലെ അഭിഭാഷകരായ പി.കെ. ദിനേഷ്‌കുമാര്‍, എം. സി.എം. ജമാല്‍ ഹാജരായി.