Connect with us

Kozhikode

ഫയലുകളുടേയും പരാതികളുടെയും വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

Published

|

Last Updated

വടകര: വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാന തത്വങ്ങള്‍ ആസ്പദമാക്കി കേരളാ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി വടകരയില്‍ ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് സംവിധാനം നടപ്പിലാക്കുന്നു. കോഴിക്കോട് റൂറല്‍ പോലീസ് ജില്ലയിലേക്ക് അനുവദിച്ച ടച്ച്‌സ്‌ക്രീന്‍ വടകര മിനി സിവില്‍ സ്റ്റേഷനിലാണ് ആരംഭിക്കുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്യും.

പോലീസ് വകുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ഇനത്തില്‍പ്പെടുത്തി മൂന്ന് പ്രോജക്ടുകള്‍ നടത്തി വരുന്നുണ്ട്. ഇന്റ്റേണല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം, സിറ്റിസണ്‍ ഹെല്‍പ് ഡസ്‌ക്. ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് വഴി പോലീസിന്റെ ഭരണപരമായ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. ഡിജിറ്റല്‍ രൂപത്തിലായാല്‍ ഫലയുകള്‍ സുതാര്യവും എളുപ്പത്തിലും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയും. രണ്ടാമത്തെ സംവിധാനമായ സിറ്റിസണ്‍ ഹെല്‍പ് ഡസ്‌ക് പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ളതാണ്. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഏത് പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഓഫീസുകളിലേക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഇത്തരം പരാതികള്‍ ഓണ്‍ലൈനായി കൈമാറ്റം ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. പരാതികള്‍ക്കുള്ള രസീതി പരാതി രജിസ്റ്റര്‍ ചെയ്യുന്നതോടെ ലഭിക്കുകയും ചെയ്യും. ഈ രണ്ട് സംവിധാനത്തിലൂടെയുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത് ടച്ച് സ്‌ക്രീന്‍ വഴിയാണ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 42 കേന്ദ്രങ്ങളിലാണിത് സ്ഥാപിക്കുന്നത്. പോലീസ് വകുപ്പിന്റെ ഫയലുകളുടേയും പരാതികളുടെയും വിവരങ്ങള്‍ ജനങ്ങളുടെ വിരല്‍ തുമ്പിലെത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പോലീസ് വകുപ്പിന് പുറമെ സംസ്ഥാന സര്‍ക്കാറിന്റെ ഇതര വകുപ്പുകളുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകും. മൂന്ന് സംവിധാനങ്ങളും ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത് ആഭ്യന്തര സുരക്ഷാവിഭാഗം ഐ ജി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ കേരള ഐ ടി മിഷന്‍ നല്‍കുന്നുണ്ട്.
ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ റൂറല്‍ എസ് പി. ടി കെ രാജ്‌മോഹന്‍, തഹസില്‍ദാര്‍ ടി ജനില്‍കുമാര്‍, ഡി വൈ എസ് പി ജോസി ചെറിയാന്‍ പങ്കെടുക്കും.