പേരാമ്പ്ര മണ്ഡലം ഹര്‍ത്താല്‍ പൂര്‍ണം

Posted on: March 23, 2013 7:12 am | Last updated: March 23, 2013 at 7:12 am
SHARE

പേരാമ്പ്ര: താലൂക്ക് പ്രഖ്യാപനത്തില്‍ പേരാമ്പ്രയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇടത് മുന്നണി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നിര്‍ദിഷ്ട താലൂക്ക് പരിധിയില്‍ വരുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര ബ്ലോക്കിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ ഇരുവിഭാഗവും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മലയോര മേഖലാ പ്രദേശങ്ങളിലും വൈകീട്ട് ആറ് വരെ കടകള്‍ അടച്ചിട്ടു. പേരാമ്പ്ര, മേപ്പയൂര്‍, ഇരിങ്ങത്ത്, തുറയൂര്‍, പാലച്ചോട് ടൗണുകളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വാഹനഗതാഗതം തടസ്സപെടുത്തിയിരുന്നില്ലെങ്കിലും ജനം റോഡിലേക്കിറങ്ങാത്തതിനാല്‍ സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മിക്കവയും പിന്‍വാങ്ങി.
പേരാമ്പ്ര ടൗണില്‍ പൊതുവെ ബന്ദിന്റെ പ്രതീതിയാണ് അനുഭവപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ജനങ്ങള്‍ ഉയര്‍ത്തുന്ന താലൂക്ക് രൂപവത്കരണമെന്ന ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്രതിഷേധം കക്ഷിഭേദമില്ലാതെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
താലൂക്ക് രൂപവത്കരണത്തില്‍ പേരാമ്പ്രയെ അവഗണിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ഐ എന്‍ എല്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. 33 വര്‍ഷമായി ജനം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് പേരാമ്പ്ര ആസ്ഥാനമായുള്ള താലൂക്ക് രൂപവത്കരണം. സംസ്ഥാനത്ത് നിലവിലുള്ള 63 താലൂക്കുകളില്‍ 41 എണ്ണവും തിരുവിതാംകൂര്‍ മേഖലയിലാണെന്നും ഇത് മലബാറിനോടുള്ള അവഗണനയാണെന്നും യോഗം കുറ്റപ്പെടുത്തി.
എ ടി സി അമ്മത് അധ്യക്ഷത വഹിച്ചു. ഒ ടി ബശീര്‍, നെല്ലിയോട്ട് കുഞ്ഞമ്മദ്, വി ടി കെ സമദ്, സലാം മുറിക്കുത്തി, വി കുഞ്ഞിപ്പൊയ്തി, പി പി മുഹമ്മദ് സംബന്ധിച്ചു.