തോടന്നൂരില്‍ വീടുകള്‍ക്ക് നേരെ അക്രമം; നാല് പേര്‍ക്ക് പരുക്ക്‌

Posted on: March 23, 2013 7:11 am | Last updated: March 23, 2013 at 7:12 am
SHARE

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക് തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുത്തത് വീടുകള്‍ക്ക് നേരെയുള്ള അക്രമത്തില്‍ കലാശിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടായത്. രാത്രി ഏഴ് മണിയോടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ വടക്കേടത്ത് മീത്തല്‍ ഗഫൂറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഒരു സംഘം ഗഫൂറിനേയും ഭാര്യ ഷെരീഫ, മക്കളായ റസീന, മുഹമ്മദ് റിനാസ് എന്നിവരെയും മര്‍ദിച്ച് പരുക്കേല്‍പ്പിച്ചു. ഇവര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലേറിനെ തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചിലുകളും തകര്‍ന്നു.
തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയോടെ സി പി എം പ്രവര്‍ത്തകരായ ചാലില്‍ മീത്തല്‍ ശ്രീധരന്‍, മാണിക്കോത്ത് രാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. ഇരുവരുടെയും വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ തോടന്നൂരില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വടകര പോലീസ് പറഞ്ഞു. വടകര സി ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.