മലയോര പഞ്ചായത്തുകളിലെ ആറ് കുടിവെളള പദ്ധതികള്‍ വെള്ളം ചുരത്തിയില്ല

Posted on: March 23, 2013 7:08 am | Last updated: March 23, 2013 at 7:08 am
SHARE

കാളികാവ്: മലയോര പഞ്ചായത്തുകളില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കുടിവെളള പദ്ധതികള്‍ മിക്കതും നിശ്ചലാവസ്ഥയില്‍. ഒരു തുള്ളി വെള്ളം ചുരത്താത്ത പദ്ധതികളുടെ പേരില്‍ ലക്ഷങ്ങളാണ് പാഴായത്. കാളികാവ് പഞ്ചായത്തിലെ താളിക്കുഴി, അടക്കാക്കുണ്ട് സ്‌കൂള്‍കുന്ന്, തുവ്വൂര്‍ പഞ്ചായത്തിലെ ഏറാഞ്ചേരി, കരുവാരകുണ്ടിലെ പാന്ത്ര,ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് കടഞ്ചീരി , മാളിയേക്കല്‍കുന്ന് മഞ്ഞപ്പറ്റ കോളനി കുടിവെള്ള പദ്ധതികളുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ച് കരാറുകാര്‍ പണം കൈപറ്റിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുള്ളി വെളളം പോലും ഗുണഭോക്താക്കള്‍ക്ക് കിട്ടിയിട്ടില്ല.
എങ്ങിനെയാണ് കുടിവെള്ള പദ്ധതിയുടെ പേരില്‍ ജനങ്ങളെ പറ്റിക്കാന്‍ കഴിയുന്നത് എന്ന് ചോദിച്ച എസ് സി ഓഫീസറെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്ത സംഭവങ്ങളും മലയോരത്ത് ഉണ്ടായിട്ടുണ്ട്. അഞ്ച് ലക്ഷം വീതമാണ് ഓരോ പദ്ധതികള്‍ക്കും വകയിരുത്തിയ തുക.
എന്നാല്‍ മിക്ക പദ്ധതികളിലും നിര്‍മാണ പ്രവൃത്തികള്‍ പലതും പേരിന് മാത്രം ചെയ്തതായതിനാലും വെള്ളത്തിന്റെ ലഭ്യതപോലും കൃത്യമായി പരിശോധിക്കാത്തതിനാലും ഗുണനിലവാരം കുറഞ്ഞ മെറ്റീരിയല്‍സ് ഉപയോഗിച്ചതും വൈദ്യുതി ലഭിക്കാത്തും എസ്റ്റിമേറ്റ് പ്രകരം പണി പൂര്‍ത്തീകരിക്കാത്തതുമാണ് പദ്ധതികള്‍ എല്ലാം മുടങ്ങാന്‍ കാരണമെന്ന് ആരോപണമുണ്ട്.
പട്ടികജാതി കോളനിക്കാരുടെ പേരിലാണ് കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടി പണം വകയിരുത്തിയതും, അംഗീകാരം നേടിയതും. അഞ്ച് ലക്ഷം വീതം വകയിരുത്തിയ പദ്ധതികളില്‍ രണ്ട് ലക്ഷം രൂപ പോലും ചിലവഴിക്കാത്ത പദ്ധതികളും ഉണ്ടെന്നും വിജിലന്‍സിന് ഉള്‍പ്പടെ പാരാതി നല്‍കിയിട്ടും ഉണ്ട്.
എന്നാല്‍ വീണ്ടും വീണ്ടും ഇതേ പ്രകാരം പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് വര്‍ഷം തോറും വീണ്ടും ഫണ്ട് പാസാക്കുകയും തട്ടിപ്പ് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഗുണഭോക്താക്കളുടെ കമ്മറ്റികള്‍ ഉണ്ടാക്കി കണ്‍വീനര്‍ വര്‍ക്കെന്ന പേരില്‍ ബിനാമി കരാറുകരാണ് പ്രവൃത്തികള്‍ എല്ലാം ചെയ്തത്. മിക്കതിലും ഉദ്ഘാടനങ്ങള്‍ കെങ്കേമമായി നടന്നു. ചില പദ്ധതികള്‍ക്ക് ശിലാഫലകം മാത്രം നിര്‍മിച്ച് കൈയൊഴിഞ്ഞു.
എല്ലാ പദ്ധതികളും ഫണ്ട് തട്ടിയെടുക്കാനുള്ള ചെപ്പടി വിദ്യകളായി മാറുകയായിരുന്നു. പ്രതികരിക്കുന്നവര്‍ക്ക് ചില പാരിതോഷികങ്ങളും, ഭീഷണികളും ഉണ്ടായതായും പരാതികള്‍ ഉണ്ട്. കമ്മറ്റി ഭാരവാഹികള്‍ (കണ്‍വീനര്‍, ചെയര്‍മാന്‍) എന്നിവരുടെ വ്യാജ ഒപ്പും കണക്കുകളും സമര്‍പ്പിച്ചാണ് മിക്ക പദ്ധതികളിലും കരാറുകാര്‍ പണം കൈപറ്റിയിരിക്കുന്നത്.