Connect with us

Malappuram

മാവോയിസ്റ്റുകള്‍ ലഘുലേഖ വിതരണം ചെയ്ത സംഭവം കൂടുതല്‍ തെളിവെടുപ്പ് നടത്തി

Published

|

Last Updated

നിലമ്പൂര്‍:പോത്തുകല്ല് ചെമ്പ്ര ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവെടുപ്പ് നടത്തി.ആയുധ ധാരികളായ ആറ് പേര്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ കോളനിയില്‍ രാജേഷിന്റെ വീട്ടിലെത്തി ഭക്ഷണവും അരിയും മറ്റും ആവശ്യപ്പെടുകയും ലഖുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പോലീസ് നേരിട്ട് കോളനിയിലെത്തി തെളിവെടുപ്പ് നടത്തിയത്. കോളനിക്കാരോടും പരിസരവാസികളോടും കൂടുതല്‍ ജാഗ്രത പാലിക്കാനും വിവരങ്ങള്‍ എന്ത് തന്നെ ലഭിച്ചാലും പോലീസില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ട്.ഇന്നലെ രാവിലെ രാജേഷിനോട് പോത്തുകല്ല് പോലീസ് സ്റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ ജില്ലാ പോലീസ് സൂപ്രണ്ട് കെ സേതുരാമന്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി. കെ പി വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ജെ സലീം കുമാര്‍, നിലമ്പൂര്‍ സി ഐ. എ പി ചന്ദ്രന്‍ എന്നിവര്‍ പോത്തുകല്ല് പോലീസ് സ്‌റ്റേഷനിലെത്തി രാജേഷില്‍ നിന്നും കൂടുതല്‍ വിരങ്ങള്‍ ശേഖരിച്ചു. രാത്രി ആറര മണിയോടെ എത്തിയ സംഘം ഭക്ഷണം ആവശ്യപ്പെട്ടതും അരിയും സാധനങ്ങളും ചോദിച്ചതും അവ നല്‍കിയതുമായ കാര്യങ്ങള്‍ രാജേഷ് വിവരിച്ചു. എാതു തരം തോക്കുകളാണ് അവരുടെ കൈയിലുണ്ടായിരുന്നതെന്നറിയാന്‍ സ്‌റ്റേഷനിലെ തോക്ക് രാജേഷിന് കാണിച്ച് കൊടുത്തു. പോലീസിന്റെ കൈവശമുള്ള എാതാനും ചിത്രങ്ങള്‍ കാണിച്ചു കൊടുത്തതില്‍ രണ്ടെണ്ണം രാജേഷ് തിരിച്ചറിയുകയും ചെയ്തു. മാവോയിസ്റ്റ് സംഘത്തിലെ കൃഷ്ണന്‍, ജഗദീഷ് എന്നിവരെയാണ് രാജേഷ് തിരിച്ചറിഞ്ഞത്. ഉച്ചക്ക് ഡി വൈ എസ് പി. കെ പി വിജയകുമാറും സി ഐ. എ പി ചന്ദ്രനും പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും രാജേഷുമായി കോളനിയിലെത്തി കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തി. ഏത് വഴിയാണ് വന്നതെന്നും ഏത് വഴിയാണ് പോയതെന്നും എവിടെ നിന്നാണ് സംസാരിച്ചതെന്നും രാജേഷ് വിവരിച്ചു. മാവോയിസ്റ്റുകള്‍ എത്തിയ വഴികളും അതിന്റെ സാധ്യതകളും പോലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ പോത്തുകല്ല് പോലീസ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തതായി സി.ഐ അറിയിച്ചു. ആയുധം കൈവശം വെച്ചതിനും സര്‍ക്കാര്‍ വിരുദ്ധ ലഖുലേഖ വിതരണം ചെയ്തതിനുമാണ് കേസെടുത്തിട്ടുള്ളത്.

Latest