കുടിവെള്ളത്തിനായി വട്ടക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം

Posted on: March 23, 2013 6:57 am | Last updated: March 23, 2013 at 6:57 am
SHARE

എടപ്പാള്‍: ചോലക്കുന്ന് കോളനിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലോകജലദിനമായ ഇന്നലെ വട്ടക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തി. കോളനിയിലെ മുപ്പതില്‍ പരം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ഒഴിഞ്ഞ കുടങ്ങളുമായി എത്തി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഇവിടെയുള്ള പഞ്ചായത്ത് കിണര്‍ മാത്രമാണ് കുടിവെള്ളത്തിനുള്ള ഏക ആശ്രയം. വേനല്‍ രൂക്ഷമായതോടെ കിണറിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ കോളനിവാസികള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വാര്‍ഡ് അംഗം വിഷയത്തില്‍ ഇടപെടുന്നില്ലെന്നാരോപിച്ചാണ് കോളനിവാസികള്‍ സമരത്തിനിറങ്ങിയത്. ഉച്ചയോടെ പഞ്ചായത്തിലെത്തിയ പ്രസിഡന്റ് എം മുസ്തഫ സമരക്കാരുമായി ചര്‍ച്ച നടത്തി.
15 ദിവസത്തിനകം കോളനിയില്‍ കുഴല്‍കിണര്‍ നിര്‍മിച്ച് പൊതുടാപ്പുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.