Connect with us

Malappuram

ചങ്ങരംകുളം എക്‌സൈസ് ഓഫീസ് കുടിയിറക്കല്‍ ഭീഷണിയില്‍

Published

|

Last Updated

ചങ്ങരംകുളം: ചങ്ങരംകുളം എക്‌സൈസ് ഓഫീസ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. ഇത് കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. പൊന്നാനി സര്‍ക്കിളിന് കീഴിലുള്ള ചങ്ങരംകുളം റെയ്ഞ്ച് ഓഫീസാണ് ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ അധികൃതര്‍ക്ക് കത്ത് നല്‍കിയത്.
പതിനഞ്ച് വര്‍ഷമായി എടപ്പാള്‍ റോഡിലെ വാടക കെട്ടിടത്തിലാണ് എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിച്ച് വരുന്നത്. ഏറെ പരിമിതികളുള്ള പഴയ കെട്ടിടത്തിലെ ബേങ്കായി ഉപയോഗിച്ചിരുന്ന ഹാളാണ് എക്‌സൈസ് ഓഫീസായി ഉപയോഗിക്കുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും പിടിയിലായ പ്രതികളെ പാര്‍പ്പിക്കുവാന്‍ ലോക്കപ്പും ജീവക്കാര്‍ക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യങ്ങളെന്നുമില്ലാതെയാണ് നിലവിലെ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. കെട്ടിടം ചോര്‍ന്നൊലിക്കുന്നതിനെ തുടര്‍ന്ന് ഇവിടെ സൂക്ഷിക്കുന്ന ഫയലുകളും മറ്റുരേഖകളും നനഞ്ഞ് കേടായ അവസ്ഥയിലാണ്.
പ്രതികളില്‍ നിന്നും പിടിച്ചെടുക്കുന്ന മദ്യക്കുപ്പികളും കന്നാസുകളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ക്കിടയിലാണ് ഇവിടെയുള്ള പന്ത്രണ്ട് ജീവനക്കാരും താമസിക്കുന്നത്. ബേങ്കിന്റെ ക്യാഷ് കൗണ്ടറായി ഉപയോഗിച്ചിരുന്ന ഇടുങ്ങിയ മുറിയാണ് ഇപ്പോള്‍ ലോക്കപ്പായി ഉപയോഗിക്കുന്നത്.
കെട്ടിടത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി എത്രയും പെട്ടെന്ന് ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉടമ കത്ത് നല്‍കിയതോടെ പകരം സംവിധാനമില്ലാതെ കുഴഞ്ഞിരിക്കുകയാണ് എക്‌സൈസ് അധികൃതര്‍. വ്യാജവാറ്റും. വ്യാജ മദ്യവില്‍പ്പനയും ഈ മേഖലയില്‍ സജീവമായതിനാല്‍ ചങ്ങരംകുളം എക്‌സൈസ് ഓഫീസ് പ്രദേശത്ത് തന്നെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.

Latest