ആരുടെ നയതന്ത്ര വിജയം?

Posted on: March 23, 2013 6:37 am | Last updated: March 23, 2013 at 6:37 am
SHARE

SIRAJ.......
ഒടുവില്‍ കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തിയിരിക്കുന്നു. നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്നാണ് അവരെ തിരിച്ചയക്കാന്‍ തീരുമാനിച്ചതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍, ലെസ്‌തോറെ മര്‍സി മിലാനോയും സാല്‍വതോറെ ഗിറോണും കഴിഞ്ഞ മാസം 22നാണ് നാട്ടിലേക്ക് തിരിച്ചത്. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി ഇവര്‍ക്ക് പോകാന്‍ അനുമതി നല്‍കുമ്പോള്‍ നാലാഴ്ചക്കകം തിരിച്ചെത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചെത്തിക്കാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മഞ്ചിനി ഉറപ്പും നല്‍കി. ഇറ്റലി പിന്നീട് നിലപാട് മാറ്റുകയും നാവികരെ തിരിച്ചയക്കില്ലെന്ന് ഇന്ത്യയെ അറിയിക്കുകയുമായിരുന്നു. ഇത് വന്‍പ്രതിഷേധത്തിനും കോലാഹലങ്ങള്‍ക്കും വഴിവെച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കഴിവുകേടായി പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. ഇരുസര്‍ക്കാറുകളും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതേതുടര്‍ന്ന് പ്രശ്‌നത്തില്‍ ആദ്യം അയഞ്ഞ നിലപാട് സ്വീകരിച്ച യു പി എ സര്‍ക്കാറിനും സോണിയാഗാന്ധിക്കും കര്‍ക്കശനയം കൈക്കൊള്ളേണ്ടി വന്നു. ഇറ്റാലിയന്‍ സ്ഥാനപതിയെ അനഭിമതനായി പ്രഖ്യാപിക്കുന്നതടക്കമുളള ഗൗരവതരമായ നിലപാടുകളെക്കുറിച്ച് ഇന്ത്യ ആലോചിക്കുകയുണ്ടായി. സ്ഥാനപതിയെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയും വിമാനത്താവളങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളലേല്‍ക്കുന്ന വിധം പ്രശ്‌നം വഷളാകുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇറ്റലി തിരിച്ചയക്കാന്‍ സന്നദ്ധമായത്.
ഇന്ത്യയുടെ നയതന്ത്ര വിജയമെന്നാണ് ഇറ്റലിയുടെ നിലപാട് മാറ്റത്തെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇറ്റലി മുന്നോട്ട് വെച്ച ഡിമാന്റുകളെല്ലാം അംഗീകരിച്ചു കൊണ്ടാണ് ഇത് സാധിച്ചെടുത്തതെന്ന് ഖുര്‍ശിദ് തന്നെ സമ്മതിക്കുന്നുണ്ട്. നാവികര്‍ക്ക് വധശിക്ഷ നല്‍കരുത്, അറസ്റ്റ് ചെയ്യരുത്, കോടതി നടപടികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ പ്രത്യേക അതിവേഗ കോടതി സംവിധാനിക്കണം, ശിക്ഷ വിധിച്ചാല്‍ അത് ഇന്ത്യയില്‍ വെച്ചാകരുത്, ഇറ്റലിയിലേ നടപ്പാക്കാവൂ എന്നിങ്ങനെ ഇറ്റലി വെച്ച വ്യവസ്ഥയിലൊന്നു പോലും അംഗീകരിക്കാനാകില്ലെന്ന് തന്റേടത്തോടെ പറയാന്‍ സര്‍ക്കാറിനായിട്ടില്ല. എങ്കില്‍ ഇതാരുടെ വിജയമാണ്? നമ്മുടെതോ അതോ ഇറ്റലിയുടെതോ?
നാവികര്‍ക്ക് വധശിക്ഷ വിധിക്കുകയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് കൊടുത്തതിന്റെ ന്യായവശമെന്തെന്ന് മനസ്സിലാകുന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കൊലക്കേസുകളിലാണ് വധ ശിക്ഷ വിധിക്കാറെന്നും നാവികരുടെ കേസ് അത്തരത്തിലുള്ളതല്ലെന്നുമാണ് സല്‍മാന്‍ ഖുര്‍ശിദിന്റെ വിശദീകരണം. രാജ്യത്ത് നീതിന്യായം നടപ്പാക്കേണ്ടത് കോടതികളാണ്. ഒരു കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ, വധശിക്ഷയാണോ ജീവപര്യന്തം തടവാണോ വിധിക്കേണ്ടത്, അഥവാ പ്രതികള്‍ നിരപരാധികളാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വിചാരണക്ക് ശേഷം ന്യായപീഠങ്ങളാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ പ്രതിനിധികളും തീരുമാനമെടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ ഭരണ വ്യവസ്ഥിതിയെ തന്നെ നോക്കുകുത്തിയാക്കലായിരിക്കും ഫലം. ഇറ്റാലിയന്‍ നാവികര്‍ കുറ്റാരോപിതരായ കൊലക്കേസ് നടപടികള്‍ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോടതിയെ മറികടന്നുകൊണ്ട് പ്രതികള്‍ക്ക് വധശിക്ഷനല്‍കില്ലെന്ന സര്‍ക്കാറിന്റെ ഉറപ്പ് ഇറ്റലിയോടുള്ള വിധേയത്വത്തിന് ഭരണകൂടം എത്രത്തോളം തരംതാഴുന്നുവെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
നാവികരുടെ പ്രശ്‌നത്തില്‍ തുടക്കം മുതലേ പ്രകടമാണ് ഈ വിധേയത്വം. നമ്മുടെ രാജ്യത്തെ രണ്ട് പൗരന്മാരെ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് വി വി ഐ പി പരിഗണയാണ് നല്‍കിയ വന്നത്. നാട്ടില്‍ ഓണവും പെരുന്നാളും ആഘോഷിക്കാന്‍ കഴിയാതെ ഇറ്റാലിയന്‍ ജയിലുകളില്‍ നുറുകണക്കിന് ഇന്ത്യക്കാര്‍ തടവ് ശിക്ഷ അനുഭവിക്കുമ്പോള്‍ കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് കോടതിയുടെ അനുമതി വാങ്ങിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്കെന്തൊരു താത്പര്യമായിരുന്നു. വോട്ട് ചെയ്യാനായി നാട്ടില്‍ പോകാന്‍ അനുമതിക്കപേക്ഷിച്ചപ്പോഴും ഇതുതന്നെയായിരുന്നു നിലപാട്. ഇന്ത്യന്‍ ജയിലുകളിലുമുണ്ട് നിസ്സാര കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരും വിചാരണാ തടവുകാരുമായി ധാരാളം പേര്‍. ഇവര്‍ക്കൊന്നും തിരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുന്നതിനോ, ആഘോഷങ്ങളില്‍ പങ്ക് കൊള്ളുന്നതിനോ സര്‍ക്കാര്‍ അവസരമൊരുക്കിക്കൊടുക്കാറില്ല. ഇവരുടെ കാര്യത്തില്‍ ദയാവായ്പ്പ് തോന്നാത്തവര്‍ക്ക് ഇറ്റലിക്കാരുടെ കാര്യത്തില്‍ അങ്ങനെ തോന്നുമ്പോള്‍, നാവികരുടെ തോക്കിനിരയായവരുടെ കുടുംബങ്ങളുടെ തേങ്ങലും കണ്ണീരും കാണാതെ പോവുകയോ, അതോ കണ്ടില്ലെന്ന് നടിക്കുകയോ? ഈ കൂടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കൊണ്ട് സര്‍ക്കാറിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല, കേസില്‍ നീതി ഉറപ്പാക്കേണ്ടതുണ്ട്.