സിനിമാ നടന്റെയും മന്ത്രിയുടെയും സദാചാരം

Posted on: March 23, 2013 6:36 am | Last updated: March 23, 2013 at 6:36 am
SHARE

സദാചാരമെന്നാലെന്താണെന്ന് വിശദാംശങ്ങളോടെ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുക എന്നത് തീരെ എളുപ്പമല്ല. പക്ഷേ, സദാചാരത്തിന്റെ സാരാംശമെന്തെന്നു വ്യക്തമാക്കാന്‍ ‘നിയന്ത്രണം’ എന്ന ഒറ്റ വാക്ക് മതി. അമിതമാകാത്ത വിധം മനസ്സും വാക്കും കര്‍മങ്ങളും നിയന്ത്രിക്കുക എന്നതിലൊതുങ്ങുന്നു സദാചാരമത്രയും. റോബിന്‍സണ്‍ ക്രൂസോയെപ്പോലെ ഒറ്റപ്പെട്ടൊരു ദ്വീപില്‍ ഒറ്റക്ക് കഴിയുന്ന വ്യക്തിക്ക് ഒരുപക്ഷേ, യാതൊന്നും നിയന്ത്രിക്കേണ്ടിവരില്ല. എന്നാല്‍, കൂട്ടായ ജീവിതം നയിക്കുന്ന ഏതൊരു വ്യക്തിക്കും അയാള്‍ക്ക് തോന്നുന്നതു പോലെ ഉടുക്കാനോ ഉടുക്കാതിരിക്കാനോ ഉറങ്ങാനോ ഉണ്ണാനോ നടക്കാനോ വാഹനമോടിക്കാനോ വിസര്‍ജിക്കാനോ കാര്‍ക്കിച്ചു തുപ്പാനോ സംസാരിക്കാനോ കഴിയില്ല. കൂട്ടായി ജീവിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തെയൊക്കെ ബലികഴിച്ചു പോലും പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടേണ്ടിവരും. നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ അത്തരമൊരു നിയന്ത്രണ സങ്കേതത്തോടു കൂടിയ വിനിമയോപാധിയാണ്. വ്യാകരണമാണ് ഭാഷയുടെ അടിസ്ഥാന സാദാചാരം. എത്രമേല്‍ വ്യക്തി സ്വാതന്ത്ര്യവാദിയായൊരാള്‍ക്കും കര്‍ത്താവ്, കര്‍മം, ക്രിയ എന്നീ വ്യാകരണ നിയമങ്ങളെ പാടെ അവഗണിച്ച് തന്നിഷ്ടപ്രകാരം പത്ത് വാചകങ്ങള്‍ എഴുതാന്‍ കഴിയില്ലല്ലോ. ഇതിന് സമാനമായ നിയന്ത്രണങ്ങള്‍ കൂട്ടായി ജീവിക്കുമ്പോള്‍ ഏത് രംഗത്തും വ്യക്തിസ്വാതന്ത്ര്യത്തെ ഭരിക്കുകയും നയിക്കുകയും ചെയ്തുവരുന്നുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണ ശക്തി ദുര്‍ബലമാകാതിരിക്കുന്ന അവസ്ഥയും വ്യവസ്ഥയുമാണ്, ഏറ്റവും ചുരുക്കത്തില്‍ സദാചാരം.
ഒരു വ്യക്തി ഭര്‍ത്താവോ ഭാര്യയോ ആകുമ്പോള്‍ ആ വ്യക്തിയുടെ അതിനു മുമ്പുള്ള സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമൊക്കെ സാരമായ ചില നിയന്ത്രണങ്ങള്‍ താനെ സംഭവിച്ചുപോകും. അത് സംഭവിക്കാത്ത പക്ഷം ഏറെക്കാലം വിവാഹ ജീവിതം നിലനില്‍ക്കില്ല. ഒരാള്‍ക്ക് ഭാര്യയോ ഭര്‍ത്താവോ ആയി ജീവിക്കാന്‍ പോലും അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ സാരമായ നിയന്ത്രണങ്ങള്‍ സംഭവിക്കാതെ പറ്റില്ല എന്നിരിക്കെ, ഒരു വ്യക്തി നാട് ഭരിക്കുന്ന ഉത്തരാവദപ്പെട്ട മന്ത്രിയായി ജീവിക്കുന്നതിനും ആയാളുടെ സ്വകാര്യതയും സ്വാതന്ത്ര്യവുമൊക്കെ സാരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടുത്തേണ്ടിവരും എന്നത് തീര്‍ച്ചയാണല്ലോ. ഒരു നിയന്ത്രണവും കൂടാതെ വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയുമൊക്കെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവാഹ ജീവിതം നയിക്കാനോ സന്യാസിയാകാനോ നാട് ഭരിക്കാനോ ഒന്നും ഇറങ്ങിപ്പുറപ്പെടരുത്. അത്തരക്കാര്‍ക്ക് പറ്റുന്ന ഒരേയൊരു മേഖല ഒരുപക്ഷേ, സിനിമയും സീരിയലും ഒക്കെ തന്നെയാണ്. നാട് ഭരിക്കുന്ന മന്ത്രിയായിട്ടും അതിനൊത്ത നിയന്ത്രണങ്ങള്‍ സ്വന്തം സ്വകാര്യതകള്‍ക്ക് മേലും സ്വാതന്ത്ര്യത്തിന് മേലും നടപ്പാക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു എന്നതാണ് കെ ബി ഗണേഷ് കുമാറിന്റെ യാഥാര്‍ഥ പ്രശ്‌നം. അദ്ദേഹത്തിന്റെ ജീവിത ശൈലി സിനിമാ നടന് തീര്‍ത്തും യോജിച്ചതാണ്; പക്ഷേ, മന്ത്രിപദവിക്കോ ഭര്‍ത്താവിനോ ഇണങ്ങുന്നതോ അല്ല. അതുകൊണ്ടാണല്ലോ ഡോ. യാമിനി തങ്കച്ചി ഗണേഷ് കുമാറുമായുള്ള വൈവാഹിക ബന്ധം വേര്‍പെടുത്താന്‍ തയ്യാറായത്.
കെ ബി ഗണേഷ് കുമാറിന്റെ ജീവിത സദാചാരം മന്ത്രിപദിവിക്ക് ചേര്‍ന്നതല്ല എന്ന കാര്യം തനിക്കറിയാവുന്ന ‘ഈരാറ്റുപേട്ട മലയാള’ത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞു എന്നതാണ് പി സി ജോര്‍ജ് ചെയ്ത ഒരേയൊരു കാര്യം. താന്‍ പറയുന്നതിനെ സാധൂകരിക്കാന്‍ വേണ്ട തെളിവുകളത്രെയും തന്റെ പക്കലുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഇത്രയും വ്യക്തവും ദൃഢവുമായ ഭാഷയില്‍ തന്റെ മന്ത്രിസഭാംഗമായ ഗണേഷ്‌കുമാറിനെതിരെ തന്റെ മുന്നണിയിലെ പ്രധാന കക്ഷിയുടെ നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ് ഗുരുതരമായ കുറ്റാരോപണം നടത്തിയിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവലംബിച്ച ഊമത്തരം അത്യന്തം അപലപനീയമാണ്. ജോര്‍ജിന്റെ ആരോപണത്തില്‍ കാമ്പുണ്ടെങ്കില്‍ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. വ്യക്തിഹത്യ നടത്താനായി മാത്രം ‘പെയ്ഡ് ന്യൂസ്’ വഴി ജോര്‍ജ് ഉണ്ടാക്കിയെടുത്ത അനാവശ്യ വിവാദമാണ് ജോര്‍ജിന്റെ ആരോപണങ്ങളെങ്കിലോ തീര്‍ച്ചയായും ചീഫ് വിപ്പ് പദവിയില്‍ നിന്നു പി സി ജോര്‍ജിനെ നീക്കം ചെയ്യണം. ഇതേതെങ്കിലുമൊന്ന് ചെയ്യാന്‍ ചെറുവിരലനക്കാതെ, ഒരില പോലും അനങ്ങാത്ത മുന്നണി അഥവാ ജീവസ്പര്‍ശമേതുമില്ലാത്ത മൃതമുന്നണിയുടെ മുഖ്യമന്ത്രിയായി തുടരാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കം അദ്ദേഹത്തിലെ അധികാര കൗശലക്കാരനെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
എന്തായാലും ഇപ്പോള്‍ സകലരും കുറ്റപ്പെടുത്തുന്നത് പി സി ജോര്‍ജിനെയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ജോര്‍ജ്‌വിരുദ്ധ മുന്നണി എന്നൊരു അപ്രഖ്യാപിത സഖ്യത്തിലേക്ക് പോലും വന്നെത്തിയിട്ടില്ലേ എന്ന് സംശയിക്കാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ നില. ഇത്തരമൊരു രാഷ്ട്രീയമായ ഒറ്റപ്പെടലിലേക്ക് പി സി ജോര്‍ജിനെ കൊണ്ടെത്തിച്ചത് ഗണേഷ് കുമാറിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണവും അതിനെ അപഹസിച്ചുകൊണ്ടും ജോര്‍ജിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും ഗൗരിയമ്മ നടത്തിയ പ്രസ്താവനയും അതിനോട് പ്രതികരിച്ചുകൊണ്ട് ഗൗരിയമ്മക്കും ഭര്‍ത്താവായ ടി വി തോമസിനും എതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും ഉള്‍പ്പെടെയുള്ള ലക്കും ലഗാനുമില്ലാത്ത വാദപ്രതിവാദ പരമ്പരയാണ്.
ഇതില്‍ ടി വി തോമസിനെപ്പറ്റി പി സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ ഭാഷാപരമായ മേനിത്തിളക്കം വളരെ കുറഞ്ഞതാണെങ്കിലും കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുകാല ജീവിതത്തിലെ ലൈംഗിക ബന്ധങ്ങളെപ്പറ്റി സക്കറിയ പയ്യന്നൂരില്‍ നടത്തിയ പരാമര്‍ശങ്ങളേക്കാള്‍, ‘കാര്യത്തില്‍’ വ്യത്യസ്തമല്ല. കമ്യൂണിസ്റ്റ് നേതാക്കളെ അധിക്ഷേപിച്ചപ്പോള്‍ സക്കറിയയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണക്കാന്‍ മാധ്യമങ്ങളും നാട്ടുകാരുമൊക്കെ അണിനിരന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി പോലും സക്കറിയയെ ഭാഗികമായി പിന്തുണക്കാന്‍ നിര്‍ബന്ധിതനായി. അധിക്ഷേപിച്ചത് തെറ്റ്, അധിക്ഷേപത്തെ കായികമായി നേരിട്ടത് അതിലും വലിയ തെറ്റ് എന്നായിരുന്നു അന്നത്തെ നിലപാട്. ടി വി തോമസിനെപ്പോലുള്ള മുന്‍കാല കമ്യൂണിസ്റ്റ് നേതാക്കളെപ്പറ്റി സക്കറിയ പറഞ്ഞതിനെക്കാള്‍ മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലാത്ത പി സി ജോര്‍ജിനെ ഇത്രമേല്‍ ഒറ്റപ്പെടുത്തുക വഴി രാഷ്ട്രീയ സാംസ്‌കാരിക കേരളവും മാധ്യമങ്ങളും ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? കമ്യൂണിസ്റ്റ് നേതാക്കളുടെ മാനത്തേയോ അതോ കെ ബി ഗണേഷ്‌കുമാര്‍ എന്ന അശ്ലീലത്തേയോ? ഫലത്തില്‍ കണ്ടുവരുന്നത്, എല്ലാവരും പി സി ജോര്‍ജിനെതിരെ പാദരക്ഷാപാണികളായി ചീറിത്തിരിഞ്ഞപ്പോള്‍ ചുളുവില്‍ രക്ഷപ്പെട്ടത് കെ ബി ഗണേഷ് കുമാര്‍ ആണ്. അങ്ങനെ രക്ഷപ്പെടാവുന്ന വിധം ചെറുതല്ല ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.
ഗണേഷ് കുമാറാണ് കാമുകിയുടെ ഭര്‍ത്താവിനാല്‍ മര്‍ദിക്കപ്പെട്ട മന്ത്രി എന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. പി സി ജോര്‍ജിന്റെ പ്രസ്താവന തെറ്റാണെന്ന് പറയാന്‍ ഉത്തരവാദപ്പെട്ട ഏറ്റവും ആധികാരിക വ്യക്തിത്വം ഗണേഷ് കുമാറിന്റെ ഭാര്യ ഡോ. യാമിനിയാണ്. പ്രൊഫ. പി ജെ കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെയെന്നല്ല താനൊഴിച്ച് ഏതൊരു സത്രീയെയും പെറ്റമ്മയായി കാണാവുന്ന വിധം ഏകപത്‌നീ വ്രതനിഷ്ഠനായ ക്രൈസ്തവ ശ്രീരാമനാണെന്ന് പറയാനുള്ള ധര്‍മപത്‌നിത്വം കുര്യന്റെ ഭാര്യ കാണിച്ചു. ഭാര്യയുടെ പിന്തുണയുള്ള ഭര്‍ത്താവ് എന്ന യോഗ്യതയെങ്കിലും അതുവഴി കുര്യന് ഉണ്ടാകുകയും ചെയ്തു. എന്നാല്‍ പി സി ജോര്‍ജിന്റെ ലൈംഗിക ആരോപണങ്ങള്‍ ഡോ. യാമിനി തങ്കച്ചി നിഷേധിച്ചില്ലെന്ന് മാത്രമല്ല, അവര്‍ വിവാഹമോചനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ് ചെയ്തത്. അതിനാല്‍ പ്രതിഷേധത്തിന്റെയും ശിക്ഷണ നടപടികളുടെയും കുന്തമുന യഥാര്‍ഥത്തില്‍ തിരിയേണ്ടത് പി സി ജോര്‍ജിനെതിരെ എന്നതിനേക്കാള്‍ ഗണേഷ് കുമാറിനെതിരെയാണ്. ഇതിന് പിന്നിലെ രാഷ്ട്രീയ സദാചാരം എത്ര ചിന്തിച്ചിട്ടും ബോധ്യമാകുന്നില്ല. എന്തായാലും അധികാര ദുര്‍മോഹമാണ് ഒരേയൊരു രാഷ്ട്രീയ സദാചാരം എന്ന് പറയാവുന്നിടത്തോളം അധഃപതിച്ചിട്ടില്ലാത്തവര്‍ക്കൊന്നും തന്നെ ഏകപക്ഷീയമായി പി സി ജോര്‍ജിനെതിരെ വാളോങ്ങുന്ന നടപടിയെ സാധൂകരിക്കാനാകില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഗണേഷ പരിവാരം എന്ന് പറയാവുന്ന കേരള രാഷ്ട്രീയത്തിലെ കുറുമുന്നണിയുടെ സദാചാരമെന്തെന്നതിനെപ്പറ്റി അല്‍പ്പം ചിന്തിക്കാന്‍ നിര്‍ബന്ധിതനാകുന്നത്.
അല്‍പ്പ സ്വല്‍പ്പം വിവരവും വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെയുള്ളവരെന്ന് പ്രതീതി ജനിപ്പിച്ചുകഴിഞ്ഞ കോണ്‍ഗ്രസ് എം എല്‍ എമാരാണ് ടി എന്‍ പ്രതാപനും വി ടി ബലറാമും. ഈരാറ്റുപേട്ട മലയാളത്തില്‍ പച്ച എം എല്‍ എമാര്‍ എന്ന് വിളിക്കേണ്ട ഇക്കൂട്ടര്‍ ആഢ്യസംസ്‌കൃത മലയാളത്തില്‍ ‘ഹരിത എം എല്‍ എമാര്‍’ എന്നാണ് സംബോധന ചെയ്യപ്പെട്ടുവരുന്നത്. ഇവരായിരുന്നു ഗണേഷ് കുമാറിന്റെ ആപല്‍ ബന്ധുക്കളായ അകമ്പടി സേവകരില്‍ പ്രധാനികള്‍. ”ഏതൊരു വ്യക്തിക്കും അയാളുടെ സ്വകാര്യതകള്‍ കാത്തുസൂക്ഷിക്കാന്‍ അവകാശമുണ്ട്. പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം ഭരണഘടന പ്രകാരം കുറ്റമല്ലെന്നിരിക്കെ കെ ബി ഗണേഷ് കുമാറിന്റെ അത്തരം സ്വാകര്യ വിഷയങ്ങളിലേക്ക് പൊതുസമൂഹം ഒളിഞ്ഞുനോക്കുന്നത് ഒരുതരത്തിലും പ്രോത്സാഹനം അര്‍ഹിക്കാത്ത സദാചാര പോലീസിംഗാണ്. കാമുകിയോ അവരുടെ ഭര്‍ത്താവോ പരാതി ഉന്നയിച്ചിട്ടില്ലാത്ത നിലക്ക് ഗണേഷ് കുമാര്‍ രാജിവെക്കേണ്ടതില്ല.” ഈ തരത്തിലായിരുന്നു ഒരു ചാനല്‍ പരിപാടിയില്‍ വി ടി ബലറാം വാദിച്ചത്.
സ്വന്തം ഭാര്യ സീതയെപ്പോലെ പതിവ്രതയായിരിക്കണമെന്ന കാര്‍ക്കശ്യം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സ്വയം ശ്രീകൃഷ്ണനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു പുരുഷനും പുരോഗമനവാദി എന്ന പരിവേഷ ലബ്ധിക്കായി ഉന്നയിക്കുന്ന വാദങ്ങളാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം വ്യക്തിയുടെ സ്വകാര്യതയും സ്വാതന്ത്ര്യവും നിയമാനുസൃതവുമാണെന്ന വാദം.! മാത്രമല്ല, മന്ത്രിക്ക് ‘രാസ ലീല കളിക്കാന്‍’ വ്യക്തിസ്വാതന്ത്ര്യത്തെ കൂട്ടുപിടിക്കുന്നതും അതിനെ ചോദ്യം ചെയ്യുന്നത് സദാചാര പോലീസിംഗാണെന്ന് കുറ്റപ്പെടുത്തുന്നതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കാരണം, ജനങ്ങള്‍ക്ക് പ്രവേശമില്ലാത്ത രാജാവിന്റെ അന്തപ്പുരങ്ങള്‍ക്ക് സമാനമായ കള്ളറകളോടുകൂടിയ ഒരു മന്ത്രി ഉണ്ടാകുക എന്നത് ജനാധിപത്യ വ്യവസ്ഥ പ്രകാരം അങ്ങേയറ്റം ജനവിരുദ്ധമാണ്.
ഗണേഷ്‌കുമാര്‍ ഇപ്പോള്‍ വെറും വ്യക്തിയല്ല; ജനാധിപത്യ കേരളത്തിലെ മന്ത്രിയാണ്. അയാള്‍ വെറും വ്യക്തിയോ സിനിമാ നടനോ ആയിരിക്കെ അയാളുടെ കുടുംബത്തില്‍ എന്തു സംഭവിക്കുന്നു എന്ന് എത്തിനോക്കാന്‍ മഞ്ഞപ്പത്രങ്ങള്‍ പോലും മെനക്കെട്ടിട്ടില്ല. എന്നാലിപ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കുടുംബ ജീവിതവുമൊക്കെ വാര്‍ത്താ പ്രാധാന്യമുള്ളതും ചര്‍ച്ചാ വിധേയവുമാകുന്നത് കേരളം ഭരിക്കുന്ന മന്ത്രിസഭാംഗം എന്ന നിലയിലാണ്. അതിന്റെതായ അച്ചടക്കവും സുതാര്യതയും ഗണേഷിന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
ഇതൊന്നും പരിഗണിക്കാതെ ഗണേഷ് കുമാറിനെതിരെ എന്തെങ്കിലും പറയുന്നതോ അദ്ദേഹത്തിന്റെ കുടുംബ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോ സ്വകാര്യ ജീവിതത്തിന്മേലുള്ള കടുന്നുകയറ്റവും സദാചാര പോലീസിംഗുമാണെന്ന് കുറ്റപ്പെടുത്തുന്നവരുടെ ജനാധിപത്യ സങ്കല്‍പ്പം അത്യന്തം ജനവിരുദ്ധമാണ്. എം എ ബേബിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും വി എസിന്റെ മകന്റെയുമൊക്കെ വ്യക്തിജീവിതത്തിലേക്കും കുടുംബത്തിലേക്കും എത്തിനോക്കുമ്പോള്‍ ഇല്ലാതിരുന്ന ‘മര്യാദകള്‍’ ഗണേഷ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുമ്പോള്‍ കേരള ജനത കാണിക്കണമെന്ന് പറയുന്നതിലെ ന്യായം എന്താണ്?
‘ഉപയകക്ഷി സമ്മതത്തോടെയുള്ള’ ലൈംഗി ബന്ധത്തെക്കുറിച്ചു ചിലതുകൂടി പറയാനുണ്ട്. ഏറ്റവും കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കയില്‍ വലിയ പ്രതാപത്തോടെ ജീവിച്ചിരുന്ന കേരള വംശജനായ ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ എന്ന വിശ്വവിഖ്യാതനായ ഫാഷന്‍ ഡിസൈനര്‍ ഇപ്പോള്‍ ജയിലിലാണ്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമാണ് അയാള്‍ തടവിന് ശിക്ഷിക്കപ്പെട്ടത്. താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് സ്ത്രീകളുടെ സമ്മതത്തോടെയാണെന്ന് തന്നെയാണ് ആനന്ദ് ജോണും വാദിച്ചത്. ‘സഹകരിച്ചാല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഫാഷന്‍ മോഡലാക്കാം’ എന്നൊക്കെ പറഞ്ഞു വിവിധ തരം സമ്മര്‍ദങ്ങള്‍ ഉപയോഗിച്ചാണ് യുവതികളെ ആനന്ദ് ജോണ്‍ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയത്. സമ്മതവും സമ്മതിപ്പിക്കലും വ്യത്യാസമുണ്ടല്ലോ. നമ്മുടെ സിനിമാ സീരിയല്‍ രംഗത്തും സമ്മത ലൈംഗികതയേക്കാള്‍ ഏറെ സമ്മര്‍ദത്തിലൂടെയുള്ള സമ്മതിപ്പിക്കല്‍ ലൈംഗികത കൊച്ചുകൊച്ചു ആനന്ദ് ജോണുമാരിലൂടെ അരങ്ങേറുന്നുണ്ട്.
ഇത്തരമൊരു ചൂഷണങ്ങള്‍ നിറഞ്ഞാടുന്ന ഒരു മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു നടനെന്ന നിലയില്‍ ശ്രദ്ധേയനായ ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ ‘പരസ്പര സമ്മത’ത്തിന്റെ വിലയിരുത്തി വെള്ള പുശുന്നത് വേണ്ടത്ര യുക്തിഭദ്രമായിരിക്കില്ല.