സ്മാര്‍മട്ട്‌സിറ്റി നിര്‍മാണം ജൂണില്‍ തുടങ്ങും

Posted on: March 23, 2013 12:58 am | Last updated: March 23, 2013 at 12:58 am
SHARE

smart cityകൊച്ചി: സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മാണം ജൂണ്‍ മാസത്തില്‍ ആരംഭിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സ്മാര്‍ട്ട്‌സിറ്റി കമ്പനിയുടെ കിക്കോഫ് യോഗം തീരുമാനിച്ചു. അഞ്ചര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 18 മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് യോഗത്തിന് ശേഷം സ്മാര്‍ട്ട്‌സിറ്റി എം ഡി ബാജു ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതിനുള്ള സമയക്രമവും നിശ്ചയിച്ച് കൗണ്ട്ഡൗണ്‍ കലണ്ടറിനും യോഗം രൂപം നല്‍കി. വിവിധ കണ്‍സള്‍ട്ടന്‍സികളെ ഏകോപിപ്പിച്ച് പദ്ധതിയുടെ പ്രവര്‍ത്തനം സമയബന്ധിതമായി നടത്തുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ബംഗളൂരിലെ സിനര്‍ജി എന്ന പ്രോജക്ട് മാനേജ്‌മെന്റ് കമ്പനിയെ ചുമതലപ്പെടുത്തി.
ആദ്യഘട്ടത്തില്‍ 15 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് നിര്‍മിക്കുക. ഐ ടി ബില്‍ഡിംഗും അനുബന്ധ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും. ഒമ്പത് ലക്ഷം ചതുരശ്ര അടി കെട്ടിടം ഐ ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ശേഷിക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് മാളുകള്‍, താമസ സ്ഥലങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. പുഴക്ക് അഭിമുഖമായിട്ടായിരിക്കും ഇവയുടെ നിര്‍മാണം. 15000 മുതല്‍ 20000 വരെ പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ തൊഴിലവസരം ലഭ്യമാകുമെന്ന് ബാജു ജോര്‍ജ് പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കുള്ള 246 ഏക്കര്‍ ഭൂമിയുടെ പരിസ്ഥിതി ക്ലിയറന്‍സിനായി ഏപ്രില്‍ 15ന് സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിക്കും. അപേക്ഷ നല്‍കി 45 ദിവസത്തിനകം ക്ലിയറന്‍സ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ടീകോമിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംബന്ധിച്ച പഠനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായും ഇതിനായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായും ബാജു ജോര്‍ജ് പറഞ്ഞു. പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷകളുടെ സമര്‍പ്പണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. ഈ റിപ്പോര്‍ട്ട് സഹിതമാകും സര്‍ക്കാറിന് അപേക്ഷ നല്‍കുക. പദ്ധതിയുടെ നവീകരിച്ച മാസ്റ്റര്‍ പ്ലാന്‍ ഏപ്രില്‍ 11ന് ദുബൈയില്‍ ചേരുന്ന കൊച്ചി സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കും. എന്നാല്‍, പദ്ധതിയുടെ അന്തിമ മാസ്റ്റര്‍ പ്ലാന്‍ മേയില്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂവെന്ന് ബാജു ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഐ ടി സെക്രട്ടറി പി എച്ച് കുര്യന്‍, പ്രമുഖ പ്രവാസി വ്യവസായി എം എ യൂസുഫലി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്നലെ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് ആറ് വരെ നീണ്ട കിക്കോഫ് യോഗത്തില്‍ സനിനര്‍ജി പ്രൊപ്പര്‍ട്ടീസ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്‍കി പ്രസാദ്, കണ്‍സല്‍ട്ടന്‍സി സ്ഥാപന പ്രതിനിധികള്‍, പദ്ധതികളുടെ തലവന്‍മാര്‍ എന്നിവരടക്കം സ്വദേശത്തും വിദേശത്തും നിന്നുമുള്ള മുഴുവന്‍ കണ്‍സള്‍ട്ടന്റുമാരും പങ്കെടുത്തു.