Connect with us

International

സിറിയന്‍ പള്ളിയില്‍ ചാവേറാക്രമണം:41 മരണം

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ പള്ളിയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മുതിര്‍ന്ന സുന്നി പണ്ഡിതനുള്‍പ്പെടെ 41 പേര്‍ കൊല്ലപ്പെട്ടു. 84 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതാദ്യമായാണ് സിറിയയിലെ ഒരു പള്ളിയില്‍ ചാവേര്‍ ആക്രമണമുണ്ടാകുന്നത്.
84 കാരനായ മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂതിയാണ് മരിച്ച പണ്ഡിതന്‍. അദ്ദേഹത്തിന്റെ പ്രഭാഷണം എല്ലാ ആഴ്ചയും സിറിയന്‍ ടി വിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. മരിച്ചവരില്‍ അദ്ദേഹത്തിന്റെ ചെറുമകനും ഉള്‍പ്പെട്ടതായി സൂചനയുണ്ട്.
ദമസ്‌കസിലെ മധ്യ മസ്ര ജില്ലയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് മതപഠന ക്ലാസ് എടുത്തുകൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ പള്ളിക്കകം മുഴുവന്‍ ചോരക്കളമായി. നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ സൈന്യം പരുക്കേറ്റവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. പള്ളി പൂട്ടി മുദ്രവെച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഏതെങ്കിലും പ്രതിപക്ഷ ഗ്രൂപ്പുകള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് കരുതുന്നില്ലെന്ന് സിറിയന്‍ വിമത സഖ്യം വ്യക്തമാക്കി. അതേസമയം, രാജ്യത്ത് നിന്ന് തീവ്രവാദികളെ തുടച്ചുനീക്കുമെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്തു.
കഴിഞ്ഞ ജൂലൈയില്‍ അസദിന്റെ ഭാര്യാ സഹോദരനും പ്രതിരോധ മന്ത്രിയുമുള്‍പ്പെടെ നാല് ഉന്നതര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം ഇവിടെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest