മഹ്‌റം, സഹായി നിബന്ധനയില്‍ ഇളവ്: വൈകി എത്തിയ തീരുമാനം പ്രയോജനപ്പെടില്ല

Posted on: March 22, 2013 11:41 am | Last updated: March 22, 2013 at 11:41 am
SHARE

Difference-Between-Hajj-and-Umrah-കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ മഹ്‌റം, സഹായി എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വ്യവസ്ഥകളില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇളവുകള്‍ അനുവദിച്ചു.
എന്നാല്‍ വൈകി എത്തിയ തീരുമാനം കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ക്ക് ഹജ്ജിന് അനവസരം നിഷേധിക്കലായി.
സ്ത്രീ അപേക്ഷകരുടെ മഹ്‌റം, 70 വയസ് പൂര്‍ത്തിയാവരുടെ സഹായി എന്നിവര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തവരായിരിക്കരുത് എന്നതായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം ഇന്നലെ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരുത്തി. മറ്റാരുമില്ലെങ്കില്‍ നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് മഹ്‌റമും സഹായിയുമായി പോകാമെന്നാണ് പുതിയ തീരുമാനം. എന്നാല്‍ ഇങ്ങനെ പോകുന്നവര്‍ക്ക് ടിക്കറ്റ് നിരക്കിലും മറ്റും സബ്‌സിഡി ലഭിക്കില്ലെന്നും മറ്റ് ഹാജിമാര്‍ക്കുള്ള എല്ലാ നിബന്ധനകളും ഇവര്‍ക്ക് ബാധകമാണെന്നും ഹജ്ജ് കമ്മിറ്റി അറിയിക്കുന്നുണ്ട്. മറ്റാരും ഇല്ലാത്ത അവസ്ഥയിലാണ് കൂടെ പോകുന്നതെന്ന് ഇവര്‍ സത്യവാങ് മൂലം നല്‍കേണ്ടതുമുണ്ട്.
അപേക്ഷകന്‍ യാത്ര റദ്ദാക്കിയാല്‍ മഹ്‌റം, സഹായി എന്നിവരുടെ യാത്ര റദ്ദാക്കപ്പെടും. ഇപ്പോള്‍ മഹ്‌റം, സഹായിയായി അപേക്ഷ നല്‍കിയവര്‍ അപേക്ഷ പിന്‍വലിച്ച് മറ്റൊരാള്‍ക്ക് വേണ്ടി പോകാന്‍ അപേക്ഷ നല്‍കുകയും നേരത്തെയുള്ള സ്ഥാനത്തേക്ക് മറ്റൊരാളെ ചേര്‍ക്കുന്നതും എല്ലാവരുടെയും അപേക്ഷകള്‍ തള്ളുന്നതിനു കാരണമാകും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇപ്പോള്‍ നല്‍കിയ ഇളവ് ആഴ്ചകള്‍ക്ക് മുമ്പു തന്നെ നല്‍കിയിരുന്നങ്കില്‍ കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ക്ക് ഹജ്ജിനവസരം ലഭിക്കുമായിരുന്നു.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടിയെങ്കിലും കേരളത്തിലെ ആയിരക്കണക്കിനു സ്ത്രീ അപേക്ഷകരും മഹ്‌റം കാര്യത്തില്‍ നേരത്തെയുള്ള നിബന്ധനകള്‍ കാരണം അപേക്ഷ നല്‍കിയിരുന്നില്ല.