Connect with us

National

ഡല്‍ഹിയില്‍ ആക്രമണ പദ്ധതി തകര്‍ത്തെന്ന് പോലീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഹിസ്ബുല്‍ മുജാഹിദീന്‍കാരനെ അറസ്റ്റ് ചെയ്തതായി പോലീസ്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഗോരഖ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ലിഖായത്ത് അലി എന്നയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതെന്നും ഹോളി ആഘോഷത്തിനിടെ ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ് എന്‍ ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജമ്മു കാശ്മീരിലെ കുപ്‌വാര സ്വദേശിയായ ഇയാള്‍ക്ക് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുണ്ട്. അവിടെ പരിശീലനവും നേടിയിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദീനുമായി 15 വര്‍ഷത്തോളമായി ബന്ധമുണ്ട്. നിരവധി ആക്രമണങ്ങളില്‍ പങ്കാളിയാണ്. ഹിസ്ബുല്‍ മുജാഹിദീന്‍കാരായ ഗാസി, ഫറൂഖ് എന്നിവരുടെ നിര്‍ദേശാനുസരണമാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ പറഞ്ഞു.
ഗോരഖ്പൂരില്‍ വെച്ച് അതിര്‍ത്തി രക്ഷാ സഹായത്തോടെയാണ് ഇയാളെ ചൊവ്വാഴ്ച പിടികൂടിയത്. ഇയാളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തെ ഹാസി അരാഫത്ത് ഗസ്റ്റ് ഹൗസില്‍ വ്യാഴാഴ്ച രാത്രി തിരച്ചില്‍ നടത്തി. എ കെ 56 റൈഫിളുകള്‍, തിരകള്‍, ഗ്രനേഡ്, രണ്ട് കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഇയാള്‍ താമസിച്ചിരുന്ന 304-ാം നമ്പര്‍ റൂമില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മുറി പോലീസ് മുദ്രവെച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ മറ്റൊരാള്‍ ലിഖായത്ത് അലിക്ക് എത്തിച്ചുകൊടുത്തതാണെന്ന് ശ്രീനിവാസ് പറഞ്ഞു.
ഗസ്റ്റ് ഹൗസിലെ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നവരെ കുറിച്ച് പോലീസ് വിവരം തേടിയിട്ടുണ്ട്.
പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെയും മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിന്റെയും മരണത്തിന് പകരംവീട്ടുക എന്ന ലക്ഷ്യമാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്നും ശ്രീനിവാസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ലിയാഖത്ത് അലിയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഗസ്റ്റ് ഹൗസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നവരെ തിരിച്ചറിയുന്നതിന് പോലീസ് ഇവിടത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.