ജലവേട്ടയുടെ വികസന വഴികള്‍

Posted on: March 22, 2013 10:37 am | Last updated: March 23, 2013 at 10:50 am
SHARE

WATERമഴക്കാലത്ത് കിട്ടുന്ന ജലം പാഴായിപ്പോകുന്നത് നോക്കി നില്‍ക്കുന്നതാണ് മലയാളിയുടെ രീതി. മഴ മാറിയാല്‍ വരള്‍ച്ച അനുഭവിക്കുന്ന നാം ജല മാനേജ്‌മെന്റിനെക്കുറിച്ച് ചിന്തിക്കാത്തത് അത്ഭുതകരമാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന ഒരു നദിയും നമുക്കില്ല. ശരാശരി 3000 മില്ലീ ലിറ്റര്‍ പ്രതിവര്‍ഷം മഴ ലഭിച്ചിട്ടും സംസ്ഥാനം വരള്‍ച്ച നേരിടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ അനാസ്ഥകൊണ്ട് മാത്രമാണത്. 2002ല്‍ കേന്ദ്ര ജല നയവും 2008ല്‍ സംസ്ഥാന ജലനയവും പ്രഖ്യാപിച്ചു. 2012ല്‍ വീണ്ടും കേന്ദ്ര ജലനയം പുതുക്കി. എന്നിട്ടും സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും വേനല്‍ക്കാലത്ത് ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട വസ്തുതയാണ്. ജല സംരക്ഷണത്തിനും മഴക്കാലത്തെ ജല മാനേജ്‌മെന്റിനും നാം നടപടി സ്വീകരിച്ചില്ലെങ്കില്‍ ജല വില്‍പ്പന ലക്ഷക്കണക്കിന് കോടികളുടെതായി മാറും. ജനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം വെള്ളം വാങ്ങാന്‍ മാറ്റിവെക്കേണ്ടിവരും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. ജനാധിപത്യ ഭരണങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പോകട്ടെ, കുടിവെള്ളമെങ്കിലും നല്‍കാന്‍ കഴിയേണ്ടതല്ലേ?
കഴുകക്കണ്ണുകളോടെയാണ് ജലവില്‍പ്പനക്കാര്‍ ജല സംരക്ഷണ രംഗത്ത സര്‍ക്കാര്‍ വീഴ്ചയെ കാണുന്നത്. ഈ ലാഭക്കൊതി ജലം ഊറ്റിയെടുക്കുന്നതിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പ്രകൃതിദത്തമായ ജലസ്രോതസ്സുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും എണ്ണത്തില്‍ അതിഭീകരമായ നഷ്ടമാണ് നമുക്കുണ്ടായിരിക്കുന്നത്. കൃഷി ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും നികത്തുന്നതും കേരളത്തല്‍ അതിശീഘ്രം കൂടിവരികയാണ്. 1969-70 കാലത്ത് 8.74 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നത് രണ്ടായിരാമാണ്ടോടെ 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി. 2003-04 കാലഘട്ടത്തില്‍ കേരളത്തില്‍ 2.8 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് നമ്മുടെ പാടശേഖരങ്ങള്‍. ഒരു ഹെക്ടര്‍ നെല്‍പ്പാടം ഏകദേശം 7500 ഘനമീറ്റര്‍ ജലസംഭരണം നടത്തുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കേരളം നേരിടുന്ന കുടിവെള്ള ക്ഷാമത്തിന്റെ മുഖ്യ കാരണവും നെല്‍വയല്‍ നികത്തല്‍ തന്നെയാണ്.
1940ല്‍ കേരളത്തില്‍ 12,850 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമുണ്ടായിരുന്നത് 1970 ആകുമ്പോഴേക്കും 9400 ച. കി മീറ്ററായി കുറയുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ വനമേഖല അതിവേഗം നഗരവത്കരികരണത്തിന്റെ പിടിയിലുമാണ്. പശ്ചിമഘട്ട മഴക്കാടുകളാണ് കേരളത്തിലെ നദികളുടെ വേനല്‍ക്കാല നീരൊഴുക്ക് നിലനിര്‍ത്തിപ്പോന്നത്. അതിരൂക്ഷമായ വനനശീകരണം കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് മറ്റൊരു കാരണവുമായി. സംസ്ഥാനത്തെ ജനസംഖ്യ 1951ല്‍ 1.35 കോടി മാത്രമായിരുന്നു. 1991ല്‍ 2.95 കോടയായും 2001ല്‍ 3.36 കോടിയായും ജനസംഖ്യ ഉര്‍ന്നു. 2021ല്‍ കേരളത്തിലെ ജനസംഖ്യ 5.53 കോടി കവിയുമെന്ന് അനുമാനിക്കുന്നു.
1995ന് ശേഷമാണ് കേരളത്തില്‍, ഇന്ന് നാം നേരിടുന്ന തരത്തില്‍ വേനല്‍ക്കാലങ്ങളില്‍ ജലദൗര്‍ലഭ്യം രൂക്ഷമായത്. ഇന്ന് മഴ മാറിയാലുടനെ വരള്‍ച്ച എന്ന അവസ്ഥയാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ലോറി വെള്ള വിതരണം ബജറ്റിലെ മുഖ്യ ഇനമായി മാറി.
കുന്നിടിക്കുന്നതിനും പാടശേഖരങ്ങള്‍ കുഴിക്കാനും നികത്താനും പുഴകളും തോടുകളും ഇടത്തോടുകളും കൈയേറുന്നതിനും പുഴ,കര മണല്‍ ഖനനത്തിനും വീറോടെ പ്രോത്സാഹനം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങളും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും റവന്യൂ വകുപ്പുമെല്ലാം കേരളത്തെ രൂക്ഷമായ ജലക്ഷാമത്തിലേക്ക് നയിക്കുന്നതില്‍ പ്രതികളാണ്. വനനാശത്തിന് വനം വകുപ്പും വൈദ്യുതി വകുപ്പും തുല്യ ഉത്തരവാദികളാണ്. ശുദ്ധ ജല സ്രോതസ്സുകള്‍ മലിനീകരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും അനാസ്ഥ കാട്ടി. ഉള്ള വെള്ളം പോലും നിലക്കുന്നതിന് ഇത് ഇടവരുത്തി. ഈ നശീകരണ പ്രവര്‍ത്തികളെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ തണ്ണീര്‍ത്തട നാശത്തിലാണ് ചെന്നെത്തിയത്.
1429263_370കേളത്തിന് ലഭിക്കുന്ന മഴയില്‍ രണ്ട് പതിറ്റാണ്ടായി വന്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കേരളത്തിന്റെ പ്രകൃതിക്ക് അതിഭീകരമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. നമ്മുടെ നാടിന് ഇണങ്ങിയ രീതിയിലുള്ള വികസനമല്ല നാം തിരഞ്ഞെടുത്തത്. കെട്ടിട നിര്‍മാണമാണ് വികസനമെന്ന തെറ്റായ സന്ദേശം ഒരുപക്ഷേ, അധികാരം ജനങ്ങളിലേക്ക് എന്ന ആപ്തവാക്യവുമായി കേരളത്തില്‍ 1997ല്‍ ആഞ്ഞടിച്ച ജനകീയാസൂത്രണ പദ്ധതിയാകാമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. തൊഴിലിലിരിക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കാതെ ജനകീയാസൂത്രണ പദ്ധതികളില്‍ കടന്നുകൂടിയ പെന്‍ഷന്‍ പറ്റിയ ഒരുകൂട്ടം ആളുകള്‍ നിര്‍ദേശിച്ച പല പദ്ധതികളും നാടിനിണങ്ങിയതായിരുന്നില്ല. സേവനകാലത്ത് നാടിന്റെ സ്പന്ദനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ റോഡ് നിര്‍മാണത്തിനും കെട്ടിട നിര്‍മാണത്തിനും ആക്കം കൂട്ടി. അതിന്റെ വിഭവ സമാഹണത്തിനായി പുഴമണലും കരമണലും വാരിക്കൂട്ടി. കാടുകളും വഴിയോര തണല്‍ മരങ്ങളും വെട്ടിമാറ്റി. പാടശേഖരങ്ങള്‍ കുഴിക്കുകയും നികത്തുകയും ചെയ്യാന്‍ ഉത്സാഹം കാട്ടി. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ഉത്തേജനം നല്‍കി. കേരളത്തിലെ ജനസംഖ്യാ വര്‍ധനക്ക് ആനുപാതികമല്ലാത്ത രീതിയില്‍ റിസോര്‍ട്ടുകളും ഫഌറ്റുകളും വില്ലകളും കൂണ് പോലെ മുളച്ചുപൊങ്ങി. ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതി സംവിധാനങ്ങള്‍ മുഴുവന്‍ നശിപ്പിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സമ്പന്നര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ധാരാളം സര്‍ക്കാര്‍ ഓഫറുകള്‍ ഉണ്ടായി. ബി ഒ ടി അടിസ്ഥാനത്തിലുള്ള ഹൈവേകളും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി ജിമ്മും എമര്‍ജിംഗ് കേരളയും സര്‍ക്കാര്‍ ഭൂമി സ്വതന്ത്ര ഉപയോഗം നല്‍കാമെന്ന ഓഫറില്‍ സ്മാര്‍ട്ട് സിറ്റിയും ഹൈട്ടെക് സിറ്റികളും നിര്‍ദേശിക്കപ്പെട്ടു. മിച്ചഭൂമിയും പുറമ്പോക്ക് ഭൂമികളും കായല്‍ തീരങ്ങളും കടല്‍ തീരങ്ങളും പുഴക്കരകളും ചതുപ്പു നിലങ്ങളും (പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി പോലും) തീറെഴുതി നല്‍കാന്‍ ഭരണക്കാര്‍ തയ്യാറായി. ഏത് വിധേനയും കേരളത്തെ വികസിപ്പിച്ചേ ഒക്കൂ എന്ന വാശിയിലായിരുന്നു സര്‍ക്കാറുകള്‍. നിലവിലുള്ള നിയമങ്ങളെ മറികടക്കാന്‍ അതിവേഗ ട്രാക്കുകളും ഏകജാലക സംവിധാനങ്ങളും കൊണ്ടുവന്ന് തെറ്റിനെ ന്യായീകരിക്കുകയും നിയമത്തെ നോക്കുകുത്തിയാക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടികളുടെ ആസ്തി വര്‍ധിച്ചു. നമ്മുടെ സംരക്ഷകരാകേണ്ടവര്‍ പ്രകൃതിക്ക് രൂപാന്തരം വരുത്തുന്നതിന് കൂട്ടുനിന്നു. നാട്ടില്‍ അഴിമതിക്കൊപ്പം ജലദൗര്‍ലഭ്യവും വര്‍ധിച്ചു. പാഴ്ജല ശുചീകരണം നടക്കാത്തതിനാലും വ്യവസായശാലകളിലെ ജലമലിനീകരണം നിയന്ത്രിക്കാത്തതിനാലും ഭൂഗര്‍ഭ ജലമടക്കമുള്ള ജലസ്രോതസ്സുകള്‍ മലിനീകൃതമായി. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന ജലം തേടിയുള്ള യാത്ര കേരളത്തിലും ദൃശ്യമായി. സര്‍വത്ര ജലമുണ്ടെങ്കിലും ശുദ്ധജല ലഭ്യത സംസ്ഥാനത്ത് വളരെ കുറഞ്ഞു വെള്ളം കിട്ടാക്കനിയായിരിക്കുന്നു. സാധാരണക്കാര്‍ ജലത്തിനായി അലയുന്ന സ്ഥിതിയിലേക്ക് കേരളം വഴിമാറിയിരിക്കുന്നു. ശുദ്ധ ജല ലഭ്യതക്കായി കേരള സര്‍ക്കാര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.