ബീഡി വലിക്കുന്നവരില്‍ അര്‍ബുദ സാധ്യത നാലിരട്ടി കൂടുതല്‍

Posted on: March 22, 2013 10:15 am | Last updated: March 23, 2013 at 10:49 am
SHARE

beedi1_1057256fതിരുവനന്തപുരം:’നിരന്തര പുകവലിക്കാരില്‍ ബീഡി ഉപയോഗിക്കുന്നവരില്‍ അര്‍ബുദ സാധ്യത സാധാരണ പുകവലിക്കാരേക്കാള്‍ നാലിരട്ടി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് മാരകമായ ഒന്നിലധികം അര്‍ബുദങ്ങളാണ് ബീഡി വലിക്കുന്നവരില്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി നടത്തിയ സംഘടിത പഠനത്തിലാണ് (കൊഹോര്‍ട് സ്റ്റഡി) കേരളത്തിലെ പുരുഷന്മാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ശ്വാസകോശാര്‍ബുദത്തിനും വദനാര്‍ബുദത്തിനും കാരണം ബീഡിയുടെ നിരന്തരമായ ഉപയോഗമാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. പി ജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പഠനം.
30 നും 84നുമിടയില്‍ പ്രായമുള്ള 65,829 പുരുഷന്മാരെയാണ് പഠന വിധേയരാക്കിയത്. ശ്വാസകോശാര്‍ബുദം ബാധിച്ചവര്‍ ബീഡി ഉപയോഗിക്കാത്തവരുടെ നാലിരട്ടിയോളം വരുമെന്നാണ് പഠനത്തില്‍ കണ്ടത്. പുകവലി നിര്‍ത്തിയവരാണെങ്കില്‍ പോലും നേരത്തെ ബീഡി ഉപയോഗിച്ചിരുന്നവരാണെങ്കില്‍ ഉപയോഗിക്കാത്തവരേക്കാള്‍ ഈ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ പത്ത് വര്‍ഷം മുമ്പ് നിര്‍ത്തിയവരില്‍ അപകട സാധ്യത താരതമ്യേന കുറവായാണ് കണ്ടെത്തിയത്. ഇതേ പ്രായപരിധിയിലുള്ള 66,277 പേരെ പഠനവിധേയരാക്കിയപ്പോള്‍ കവിളിലും ചുണ്ടിലും അര്‍ബുദം ബാധിച്ചവര്‍ ബീഡി ഉപയോഗിക്കാത്തവരെക്കാള്‍ നാലിരട്ടി കൂടുതലായിരുന്നു.
ദിവസവും ബീഡി കൂടുതലുപയോഗിക്കുന്നത് മോണയിലും വായിലുമടക്കം അര്‍ബുദം വരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം കണ്ടെത്തി. 30 വര്‍ഷത്തിലേറെയായി ബീഡി ഉപയോഗിക്കുന്നവരിലും ചെറുപ്പത്തില്‍ തന്നെ ബീഡി വലിക്കാന്‍ തുടങ്ങിയവരിലും നാവില്‍ അര്‍ബുദം കൂടുതലായി വരുന്നുവെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തൊണ്ടക്കുതാഴെയും സ്വനപേടകത്തിലും കാണുന്ന അതിവേദനയുണ്ടാക്കുന്ന അര്‍ബുദങ്ങളും ബീഡി ഉപയോഗിക്കുന്നവരില്‍ കണ്ടെത്തിയിട്ടുണ്ട്. ബീഡി പുകയില്‍ അര്‍ബുദത്തിനു കാരണമായ നിരവധി ഹൈഡ്രോകാര്‍ബണുകളുണ്ടെന്ന്, ബീഡിയുടെ അപകടസാധ്യതകളെക്കുറിച്ച് കരുനാഗപ്പള്ളി കേന്ദ്രമാക്കി പഠനം നടത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. ജയലക്ഷ്മി പറഞ്ഞു.