വരള്‍ച്ചാ ദുരിതാശ്വാസം: കേരളം 7,888 കോടി രൂപ ആവശ്യപ്പെട്ടു

Posted on: March 22, 2013 8:46 am | Last updated: March 22, 2013 at 8:47 am
SHARE

droughtതിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസമായി 7,888 കോടി അനുവദിക്കണമെന്ന് കേരളം. കേരളത്തിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഉപസമിതി കൂടിയാണ് തുക അനുവദിക്കുക.
മന്ത്രിമാരായ പി ജെ ജോസഫ്, കെ പി മോഹനന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് ജില്ലകള്‍ സന്ദര്‍ശിച്ചു. ഒരു സംഘം കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലും മറ്റൊരു സംഘം പാലക്കാട്, തൃശൂര്‍ ജില്ലകളിലുമാണ് പര്യടനം നടത്തിയത്. ഓരോ പ്രദേശത്തെയും നഷ്ടം സംഘം നേരിട്ട് വിലയിരുത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ നെല്‍കൃഷി പൂര്‍ണമായും നശിച്ചത് സംഘത്തിന് ബോധ്യപ്പെട്ടു. വിവിധ ജില്ലകളിലെ കുടിവെള്ള ക്ഷാമവും നേരിട്ട് മനസ്സിലാക്കി. ദീര്‍ഘകാല പദ്ധതികള്‍ക്ക് കേന്ദ്ര ഫണ്ട് ഏതെല്ലാം തരത്തില്‍ വിനിയോഗിക്കാമെന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചു.
വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ജല ദൗര്‍ലഭ്യവും കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെ നഷ്ടം കണക്കാക്കി 1,110 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷി നഷ്ടപരിഹാരമായി 5,880 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ വരള്‍ച്ചാ സംഘം കേരളത്തിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടത് 1,995 കോടി രൂപയായിരുന്നു. എന്നാല്‍ ലഭിച്ചത് 62.5 കോടിയാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള മാനദണ്ഡം അനുസരിച്ചാണ് കേരളത്തിന്റെ പ്രശ്‌നങ്ങളും കേന്ദ്രം പരിഗണിക്കുന്നത്. ഇതുകാരണമാണ് ഇവിടെ സഹായം കുറയാന്‍ കാരണം.