Connect with us

Sports

ലോകകപ്പ് യോഗ്യതാ റൗണ്ട്‌: പ്രമുഖര്‍ ഇന്ന് കളത്തില്‍

Published

|

Last Updated

slide_287125_2237322_free

ഇംഗ്ലീഷ് ടീമംഗങ്ങള്‍ പരിശീലത്തിനിടെ

ലോകഫുട്‌ബോളില്‍ ഇന്ന് 2014 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍. ലാറ്റിനമേരിക്കയില്‍ അര്‍ജന്റീന-വെനിസ്വേല, പെറു-ചിലി, കൊളംബിയ-ബൊളിവിയ, ഉറുഗ്വെ-പരാഗ്വെ മത്സരങ്ങള്‍.
യൂറോപ്പില്‍ ഹോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ്, സ്വീന്‍, ഗ്രീസ്, ഉക്രൈന്‍, പോളണ്ട് ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും.
കോണ്‍കകാഫില്‍ ഹോണ്ടുറാസ്-മെക്‌സിക്കോ, യു എസ് എ-കോസ്റ്ററിക്ക, ജമൈക്ക-പനാമ ടീമുകള്‍ നേര്‍ക്കുനേര്‍.
ഓഷ്യാനിയ ഗ്രൂപ്പില്‍ ന്യൂസിലാന്‍ഡ് – ന്യൂ കാലെഡോനിയ, താഹിതി- സോളമന്‍ ഐലന്‍ഡ് പോരാട്ടങ്ങള്‍.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ ഇരുപത് പോയിന്റോടെ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഇക്വഡോര്‍ (17) രണ്ടാം സ്ഥാനത്തും എട്ട് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്തും. പന്ത്രണ്ട് പോയിന്റുള്ള വെനിസ്വേല നാലാം സ്ഥാനത്തിനുള്ള പോരില്‍ ഉറുഗ്വെ, ചിലി ടീമുകളെ ഗോള്‍ ശരാശരിയില്‍ പിറകിലാക്കുന്നു. ബൊളിവിയ, പെറു എട്ട് പോയിന്റുകളുമായി ഏഴ്, എട്ട് സ്ഥാനങ്ങളില്‍. പരാഗ്വെ ഏഴ് പോയിന്റോടെ ഏറ്റവും പിറകില്‍. രാഷ്ട്രത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന വ്യസനവുമായി കഴിയുന്ന ലയണല്‍ മെസിയില്‍ നിന്ന് അര്‍ജന്റീന ഏറെ പ്രതീക്ഷിക്കുന്നു. രാഷ്ട്ര നായകനായ ഹ്യൂഗോ ഷാവേസിന്റെ വിയോഗഭാരം പേറിയാണ് വെനിസ്വേലയുടെ കളിക്കാര്‍ ഇറങ്ങുന്നത്. തങ്ങളുടെ ജനനേതാവിന് സമര്‍പ്പിക്കാന്‍ മികച്ചൊരു ജയം തന്നെ വെനിസ്വേല ടീം ആഗ്രഹിക്കുന്നുണ്ടാകും.
യൂറോപ്പിലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ക്രൊയേഷ്യ-സെര്‍ബിയ, മാസിഡോണിയ- ബെല്‍ജിയം, സ്‌കോട്‌ലന്‍ഡ്-വെയില്‍സ് പോരാട്ടങ്ങള്‍. പത്ത് പോയിന്റോടെ ബെല്‍ജിയവും ക്രൊയേഷ്യയുമാണ് ഗ്രൂപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ബള്‍ഗേറിയ-മാള്‍ട്ട, ചെക് റിപബ്ലിക്-ഡെന്‍മാര്‍ക്ക് മത്സരങ്ങള്‍. പത്ത് പോയിന്റോടെ ഇറ്റലിയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് സിയില്‍ കസാഖിസ്ഥാന്‍-ജര്‍മനി,ആസ്ത്രിയ-ഫെറോ ഐലന്‍ഡ്, സ്വീഡന്‍-റിപ. അയര്‍ലന്‍ഡ് മത്സരങ്ങള്‍.
ഗ്രൂപ്പ് ഡിയില്‍ അന്‍ഡോറ-തുര്‍ക്കി, ഹംഗറി-റുമാനിയ, ഹോളണ്ട്-എസ്‌തോണിയ മത്സരങ്ങളും ഗ്രൂപ്പ് ഇയില്‍ സ്ലൊവേനിയ-ഐസ്‌ലന്‍ഡ്, നോര്‍വെ-അല്‍ബാനിയ മത്സരങ്ങളും നടക്കും.
ഗ്രൂപ്പ് എഫില്‍ ഇസ്രാഈലിന് പോര്‍ച്ചുഗലാണ് എതിരാളി. ലക്‌സംബര്‍ഗ്-അസര്‍ബൈജന്‍, ഉത്തര അയര്‍ലന്‍ഡ്-റഷ്യ എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങള്‍.
ഗ്രൂപ്പ് ജിയില്‍ ലിചെന്‍സ്റ്റിന്‍-ലാറ്റ്‌വിയ, സ്ലൊവാക്യ-ലിത്വാനിയ, ബോസ്‌നിയ-ഗ്രീസ് മത്സരങ്ങളും ഗ്രൂപ്പ് എച്ചില്‍ മൊള്‍ഡോവ-മോണ്ടനെഗ്രോ, പോളണ്ട്-ഉക്രൈന്‍, സാന്‍ മാരിനോ-ഇംഗ്ലണ്ട് മത്സരങ്ങളും നടക്കും. ഗ്രൂപ്പ് ഐയില്‍ സ്‌പെയിന്‍-ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്-ജോര്‍ജിയ.
ജോര്‍ജിയ എന്ന എതിരാളി മാത്രമാണ് ഫ്രാന്‍സിന് മുന്നിലുള്ളത്. അവരെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ശക്തിപ്രാപിക്കുക, അതാണ് ആദ്യ ലക്ഷ്യം-ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പറഞ്ഞു. അടുത്താഴ്ച ലോകചാമ്പ്യന്‍മാരായ സ്‌പെയിനിനെ നേരിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോളായിരുന്നു ദെഷാംപ്‌സിന്റെ ഈ മറുപടി. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റോടെ ഗ്രൂപ്പ് ഐയില്‍ രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്. ഏഴ് പോയിന്റുള്ള സ്‌പെയിന്‍ ഗോള്‍ ശരാശരിയിലെ മുന്‍തൂക്കത്തിലാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ജോര്‍ജിയയെ ദുര്‍ബല ടീമായി കാണാന്‍ സാധിക്കില്ല. യൂറോപ്പിലെ മികച്ച ടീമുകളിലൊന്നാണ് ജോര്‍ജിയ. അവര്‍ക്ക് മികച്ച കളിക്കാരുണ്ട്. മത്സരം ജയിക്കാനുമറിയാം. നാല് പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോര്‍ജിയക്കെതിരെ ആക്രമണോത്സുക ഗെയിം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും ദെഷാംപ്‌സ് വ്യക്തമാക്കി. സ്‌പെയിനിനെതിരെ ജോര്‍ജിയയുടെ പ്രതിരോധ നിര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവസാന മിനുട്ടില്‍ റോബര്‍ട്ടോ സൊല്‍ഡാഡോയുടെ ഗോളിലായിരുന്നു സ്‌പെയിന്‍ ജോര്‍ജിയയെ വീഴ്ത്തിയത്. ആ നിലക്ക് ഫ്രാന്‍സിന് ഗോള്‍ നേടുക അത്ര എളുപ്പമല്ല. മധ്യനിരയുടെ കൈയ്യിലാണ് ഫ്രാന്‍സിന്റെ ജയം. മാക്‌സിം ഗൊണലന്‍സ്, യൊഹാന്‍ കബായെ, ബ്ലെയിസ് മടൗഡി എന്നീ മധ്യനിരക്കാരും സെന്റര്‍ ബാക്ക് ലൗറന്റ് കോസിനിക്കും ഇന്ന് മഞ്ഞക്കാര്‍ഡ് ലഭിച്ചാല്‍ സ്‌പെയിനിനെതിരെ കളിക്കാന്‍ സാധിക്കില്ല.
സസ്‌പെന്‍ഷന്‍ എന്ന റിസ്‌ക് മുന്നില്‍ നില്‍ക്കുന്നത് അപകടം തന്നെയാണെന്ന് ദെഷാംപ്‌സ് വിലയിരുത്തുന്നു. കോസിനിക്ക് വിശ്രമം അനുവദിച്ച് റയല്‍മാഡ്രിഡിന്റെ ടീനേജ് താരം റാഫേല്‍ വറാനെയെ മമാദോ സകോയ്‌ക്കൊപ്പം പ്രതിരോധനിരയില്‍ ഇറക്കാനാണ് ദെഷാംപ്‌സ് ആലോചിക്കുന്നത്. പത്തൊമ്പതുകാരനായ വറാനെ റയലിനായി സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ലോംഗ് റേഞ്ച് ഗോളുകള്‍ നേടുന്നതില്‍ നിപുണനായ ജുവെന്റസിന്റെ മധ്യനിരയിലെ യുവതാരം പോള്‍ പോഗ്ബ ഫ്രഞ്ച് നിരയില്‍ അരങ്ങേറ്റം കുറിക്കും. സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുടെസ്‌കോറിംഗ് മാന്ദ്യമാണ് ദെഷാംപ്‌സിനെ അലട്ടുന്ന പ്രശ്‌നം. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ബെന്‍സിമ ഫ്രാന്‍സിനായി ഗോള്‍ നേടിയിട്ടില്ല. മാത്രമല്ല, മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാത്തതിനും ബെന്‍സിമ വിമര്‍ശിക്കപ്പെടുന്നുണ്ട്. ദേശീയ ഗാനം പാടിയെന്ന് കരുതി ഹാട്രിക്ക് നേടാനൊന്നും സാധിക്കില്ല എന്ന് ഫ്രഞ്ച് റേഡിയോ ആര്‍എംസിയോട് ബെന്‍സിമ പറഞ്ഞത് വലിയ വിവാദമായിരുന്നു. ബയേണിന്റെ പ്ലേ മേക്കല്‍ ഫ്രാങ്ക് റിബറി, മൂസ സിസോക്കോ, മാത്യു വല്‍ബ്യൂന എന്നിവര്‍ മുന്നേറ്റ നിരയിലുണ്ട്.
പ്ലേ മേക്കര്‍ വെസ്‌ലെ സ്‌നൈഡറുടെ തിരിച്ചുവരവാണ് ഹോളണ്ട് ഉറ്റുനോക്കുന്നത്. എസ്‌തോണിയക്കെതിരെ വലിയൊരു മാര്‍ജിന്‍ ജയം ഡച്ച് ലക്ഷ്യമിടുന്നത് സ്‌നൈഡറുടെ വരവ് കണ്ടാണ്. കഴിഞ്ഞ നാല് മത്സരങ്ങളിലും സ്‌നൈഡര്‍ പരുക്കേറ്റ് പുറത്തായിരുന്നു. ഇറ്റലിയിലെ ഇന്റര്‍മിലാനില്‍ നിന്ന് തുര്‍ക്കിയിലെ ഗാലത്‌സരെയിലെത്തിയ സ്‌നൈഡര്‍ ഫോമിലേക്കുയര്‍ന്നിരുന്നു. ഗലാത്‌സരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്‌നൈഡറില്ലാതെ ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ച ഹോളണ്ട് നാലും ജയിച്ച് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. ജര്‍മനി, ഇറ്റലി ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരത്തിലും ഡച്ച് നിരയില്‍ സ്‌നൈഡറുടെ അസാന്നിധ്യം നിഴലിച്ചിരുന്നില്ല. റുമാനിയയെ 1-4ന് തകര്‍ത്തതും സ്‌നൈഡര്‍ ഇല്ലാത്തപ്പോഴാണ്. എന്നാല്‍, തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും തിരിച്ചുവരവില്‍ ദേശീയ ടീമിന് ഏറെ ചെയ്യാന്‍ സാധിക്കുമെന്നും തെളിയിക്കേണ്ടതുണ്ടെന്ന് സ്‌നൈഡര്‍ വിശ്വസിക്കുന്നു. മധ്യനിരയില്‍ സ്‌നൈഡറുണ്ടാകുന്നത് ഡച്ച് മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടുമെന്ന് മുന്‍ താരം ഡിര്‍ക് വാന്‍ ക്യുയിറ്റ് അഭിപ്രായപ്പെട്ടു.
ലൂയിസ് വാന്‍ ഗാലിന്റെ ഡച്ച് നിരക്ക് എസ്‌തോണിയ ഭീഷണിയല്ല. നാല് യോഗ്യതാ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് എസ്‌തോണിയ ജയിച്ചത്. നേടിയത് ഒരേയൊരു ഗോള്‍. എന്നാല്‍, ഓരോ പന്തിന് പിറകെയും ഓടിനടക്കുന്ന എസ്‌തോണിയക്കാര്‍ അപകടകാരികളാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കോച്ച് വാന്‍ ഗാല്‍ ഡച്ച് നിരക്ക് മുന്നറിയിപ്പ് നല്‍കി. ഡിഫന്‍ഡര്‍ താവി റഹന് പരുക്കേറ്റതും ദിമിത്രി ഗ്രുഗ്ലോവ് ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതും എസ്‌തോണിയക്ക് തിരിച്ചടിയായി. എന്നാല്‍, കോച്ച് ടര്‍മോ റുതില്‍ പറയുന്നത് ഡച്ച് നിരക്ക് തന്റെ ടീം അപ്രതീക്ഷിത ഷോക്ക് നല്‍കുമെന്നാണ്.
ആര്യന്‍ റോബന്‍, റോബിന്‍ വാന്‍ പഴ്‌സി എന്നിവരെ മുന്‍ നിര്‍ത്തി തന്ത്രം മെനയുന്ന ഹോളണ്ട് കോച്ച് വാന്‍ ഗാല്‍ കെവിന്‍ സ്ട്രൂട്മാന്‍, ജോര്‍ഡി ക്ലാസി, റുബന്‍ ഷാകന്‍ എന്നിവരെയാണ് സ്‌നൈഡര്‍ക്കൊപ്പം മധ്യനിരയില്‍ പരീക്ഷിക്കുന്നത്.

Latest