Connect with us

Editorial

പൊടുന്നനെയൊരു സി ബി ഐ റെയ്ഡ്

Published

|

Last Updated

ഡി എം കെ ട്രഷററും കരുണാനിധിയുടെ പുത്രനുമായ എം കെ സ്റ്റാലിന്റെ വീട്ടിലെ സി ബി ഐ റെയ്ഡ് പെട്ടെന്ന് നിര്‍ത്തിവെച്ചെങ്കിലും അതൊരു രാഷ്ട്രീയ വിവാദമായിരിക്കയാണ്. വിദേശത്ത് നിന്ന് 20 കോടി രൂപ വില വരുന്ന കാറുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് സ്റ്റാലിന്റെ ചെന്നൈയിലുളള വീട്ടിലും അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറി രാജാശങ്കറിന്റെ വീട്ടിലും ഇന്നലെ കാലത്ത് 7.45 നാണ് റെയ്ഡ് തുടങ്ങിയത്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും ഇടപെടലിനെ തുടര്‍ന്ന് ഒരു മണിക്കൂറിനകം റെയ്ഡ് നിര്‍ത്തിവെക്കുകയും ചെയ്തു.
ഇറക്കുമതി ചെയ്ത കാറുകളുടെ നികുതി അടച്ചില്ലെന്ന റവന്യൂ ഇന്റലിജന്‍സിന്റെയും കസ്റ്റംസിന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്‌ഡെന്നാണ് സി ബി ഐ വിശദീകരണം. സ്റ്റാലിന്റെ മകന്‍ ഉദയനിധി കാര്‍ ഇറക്കുമതി ചെയ്തത് അനധികൃതമായാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഉദയനിധിക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നത്തില്‍ യു പി എ സര്‍ക്കാറിനുള്ള പിന്തുണ ഡി എം കെ പിന്‍വലിച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന റെയ്ഡ്, പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് ഡി എം കെയും സമാജ്‌വാദി പാര്‍ട്ടിയും ബി ജെ പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്. റെയ്ഡില്‍ സര്‍ക്കാറിന് പങ്കില്ലെന്നും തങ്ങളുടെ അറിവോടെയല്ല സി ബി ഐ നടപടിയെന്നുമാണ് പ്രധാനമന്ത്രിയും ചിദംബരവും ആണയിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി വി നാരായണ സ്വാമിയോട് ഇതുസംബന്ധിച്ച് സോണിയാ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഈ വിശദീകരണങ്ങള്‍ ഡി എം കെയെയും പ്രതിപക്ഷ കക്ഷികളെയും പൊതുജനത്തെയും തൃപ്തിപ്പെടുത്താന്‍ പ്രയാസം. റെയ്ഡിന് തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഡി എം കെ രാജി വെച്ചതിന് തൊട്ടു പിന്നാലെയുള്ള സി ബി ഐ നടപടി തെറ്റിദ്ധാരണക്കിടം നല്‍കുമെന്നും മന്ത്രി ചിദംബരം തന്നെ പ്രസ്താവിക്കുകയുണ്ടായി. ഉദയനിധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മാസങ്ങളായി. എന്നിട്ടിതുവരെ സി ബി ഐ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാകുമോ? ഡി എം കെ പിന്തുണ പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു റെയ്ഡ് നടക്കുമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്.
തന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയായ സി ബി ഐ, താനോ തന്റെ ഓഫീസോ അറിയാതെയാണ് സര്‍ക്കാറിന് ദുഷ്‌പേര് വരുത്തുന്ന വിധം റെയ്ഡ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെ വിശദീകരണം അംഗീകരിച്ചാല്‍, സി ബി ഐയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുന്നുവെന്ന് സമ്മതിക്കേണ്ടിവരും. എങ്കില്‍ സര്‍ക്കാറിലെ ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും കരുനീക്കങ്ങളോ, സി ബി ഐ ഉന്നതോദ്യോഗസ്ഥന്റെ തല തിരിഞ്ഞ ഉത്തരവോ ഇതിന് പിന്നിലുണ്ടാകണം. അതാരാണെന്ന് കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്.
ഡി എം കെയെ നിലക്കു നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സി ബി ഐ റെയ്‌ഡെന്ന വിശ്വാസക്കാരുമുണ്ട്. യു പി എ സര്‍ക്കാറിന്റെ നിലനില്‍പ്പ് അവതാളത്തിലാക്കാന്‍ ഡി എം കെ മുതിര്‍ന്നാല്‍ 2ജി അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി എം കെ നേതാവുമായ എ രാജയുടെ നില പരുങ്ങലിലായിരിക്കുമെന്ന വ്യംഗമായ സൂചന ഈ റെയ്ഡിലുണ്ടെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്. 2ജി അഴിമതിക്കേസില്‍ പൂര്‍ണ ഉത്തരവാദിത്തം രാജയുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലിമെന്റ് സമിതി തയ്യാറാക്കിയതെന്നാണ് വിവരം. റിപ്പോര്‍ട്ട് വെളിച്ചം കാണിക്കാതിരിക്കാന്‍ ഡി എം കെ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലാത്തത് കൊണ്ടാണ് ഡി എം കെ മന്ത്രിമാരെ പിന്‍വലിച്ചതെന്നും, പുറമെ പ്രചരിപ്പിക്കുന്നത് പോലെ ശ്രീലങ്കന്‍ തമിഴ് പ്രശ്‌നമല്ല യഥാര്‍ഥ കാരണമെന്നുമുളള വാര്‍ത്ത ഇതിന് ബലമേകുന്നു.
സി ബി ഐയെ സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനുപയോഗപ്പെടുത്തുന്നുവെന്ന ആരോപണം ഇതാദ്യത്തേതല്ല. ലാവ്‌ലിന്‍ പ്രശ്ത്തിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. സി ബി ഐ മന്ദഗതിയില്‍ കൈകാര്യം ചെയ്തിരുന്ന ലാവ്‌ലിന്‍ കേസ്, ആണവ പ്രശ്‌നത്തിന്റെ പേരില്‍ സി പി എം കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ഉടനെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയപ്പോഴാണ് ഈ പരാതി ഉയര്‍ന്നത്. പ്രസ്തുത കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റാരോപിതനാണെന്നിരിക്കെ സി ബി ഐയുടെ പെട്ടെന്നുള്ള സജീവതയില്‍ ദുഷ്ടലാക്ക് സംശയിക്കുക സ്വാഭാവികമാണ്. സി ബി ഐയുടെ പ്രവര്‍ത്തനം ഇത്തരം സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടംനല്‍കാത്ത വിധം കുറ്റമറ്റതും കാര്യക്ഷമവുമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest