വന്ധ്യതാ ചികിത്സയില്‍ പുത്തന്‍ നാഴികക്കല്ല്‌

Posted on: March 22, 2013 6:00 am | Last updated: March 22, 2013 at 7:28 am
SHARE

കൊച്ചി: ബീജാണു ഇല്ലാത്ത പുരുഷന്റെ വൃഷണത്തില്‍ നിന്ന് മൈക്രോ ടീസേ ഇക്‌സി എന്ന അതിനൂതന സങ്കേതം ഉപയോഗിച്ച് ബീജാണുവിനെ ശേഖരിച്ച് ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കി കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ വന്ധ്യതാ ചികിത്സയില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. കോട്ടയം സ്വദേശികളായ ദമ്പതികളാണ് ഇന്ത്യയില്‍ ആദ്യമായി മൈക്രോ ടീസേ ഇക്‌സിയിലൂടെ കുഞ്ഞിന് ജന്‍മം നല്‍കിയത്.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി വന്ധ്യതാ ചികിത്സക്ക് വിധേയരായിരുന്നു ഈ ദമ്പതികള്‍. ശുക്ലത്തില്‍ ബീജാണുക്കള്‍ ഇല്ലാത്തതായിരുന്നു മാത്യുവിന്റെ രോഗാവസ്ഥ. 2007ല്‍ മാത്യുവിന്റെ ശുക്ലത്തില്‍ ബീജാണുക്കള്‍ ഇല്ലെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ടെസ്റ്റിക്കുലര്‍ ബയോപ്‌സി ചെയ്യുകയും വൃഷണത്തില്‍ പോലും ബീജാണുക്കള്‍ ഇല്ല എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മറ്റൊരു പുരുഷന്റെ ബീജം ഉപയോഗിച്ച് ചികിത്സിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ലായിരുന്നു. നാല്‍പ്പത് ഇരട്ടി വലുപ്പത്തില്‍ കാണാവുന്ന മൈക്രോസ്‌കോപ്പിലൂടെ വൃഷണത്തില്‍ നിന്ന് ബീജാണുക്കളെ കണ്ടെത്തുന്ന നൂതന മാര്‍ഗമായ മൈക്രോ ടീസേ ഇക്‌സിയെക്കുറിച്ച് അറിഞ്ഞ ഇവര്‍ അവിടെയെത്തി ചികിത്സക്ക് വിധേയരായി.
ബ്രസീലില്‍ നിന്നുള്ള ഡോ. സാന്‍ഡ്രോ എസ്റ്റൈവ്‌സിന്റെ നേതൃത്വത്തില്‍ തെക്കെ ഇന്ത്യയിലെ പ്രമുഖ ആന്‍ഡ്രോളജിസ്റ്റായ ഡോ പി. ധര്‍മ്മരാജ് ആണ് കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ മാത്യുവിനെ ചികിത്സിച്ചത്. വൃഷണങ്ങള്‍ക്കുള്ളില്‍ നാരുപോലെ അടുക്കടുക്കായി വെച്ചിരിക്കുന്ന സെമിനിഫെറസ് റ്റിയൂബ്യൂള്‍സ് ഓരോന്നും ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിച്ച് ബീജാണു കണ്ടെത്തുന്ന രീതിയാണ് മൈക്രോ ടീസേ ഇക്‌സി. ബീജാണു ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ഉള്ള പുരുഷന്മാരില്‍ നിന്ന് ഈ ചികിത്സയിലൂടെ ബീജാണു കണ്ടെത്താം. കഴിഞ്ഞ ഫെബ്രുവരി 16 ാം തീയതി ആരോഗ്യവാനായ ഒരാണ്‍കുട്ടിക്കും ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിക്കും ജന്മം നല്‍കുമ്പോള്‍, മൈക്രോ ടീസേ ഇക്‌സി ചികിത്സയിലൂടെ ഇന്ത്യയില്‍ ജനിച്ച ആദ്യ കുട്ടികളുടെ മാതാപിതാക്കളായിത്തീരുകയായിരുന്നു ഇരുവരും.
പുരുഷന്മാര്‍ക്ക് സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ ലഭിക്കുക എന്ന അനുഗ്രഹമാണ് മൈക്രോ ടീസേ ഇക്‌സി നല്‍കുന്നതെന്ന് ക്രാഫ്റ്റ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്്‌റഫ് പറഞ്ഞു.