Connect with us

Kozhikode

ജപ്തിഭീഷണി: വൃദ്ധ മാതാവും മക്കളും ബേങ്കില്‍ കുത്തിയിരിപ്പ് നടത്തി

Published

|

Last Updated

പേരാമ്പ്ര: വീട് നിര്‍മാണത്തിന് ലോണെടുത്ത വകയില്‍ കടം തിരിച്ചടക്കാനുണ്ടെന്നറിയിച്ച് വീട് പൂട്ടി സീല്‍ വെച്ച ബേങ്ക് നടപടിയില്‍ പ്രതിഷേധിച്ച് വീട്ടമ്മയും വൃദ്ധയായ മാതാവും രണ്ട് മക്കളും ബേങ്കില്‍ എത്തി കുത്തിയിരിപ്പ് ആരംഭിച്ചു.
വൈകുന്നേരം ബേങ്ക് പൂട്ടി പോകാന്‍ കഴിയാതെ ജീവനക്കാര്‍ ഏറെ പ്രയാസപ്പെട്ടു. കോട്ടൂര്‍ സ്വദേശി പിലാവുള്ളതില്‍ മോഹനന്‍ 2003ല്‍ 85,000 രൂപയും 2005ല്‍ 48,000 രൂപയും കായണ്ണ ഫെഡറല്‍ ബേങ്കില്‍ നിന്നും പേ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി ലോണെടുത്തിരുന്നു. പലപ്പോഴായി ഒരു ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ ആറ് സെന്റ് ഭൂമിയില്‍ താമസിക്കുന്ന കുടുംബത്തിന് ബേങ്കിന്റെ നിരന്തരം ഭീഷണിയും ജപ്തിയും തുടര്‍ന്നു.
പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയും ഏഴാം തരത്തില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമുള്ള കുടുംബത്തിന് പുസ്തകങ്ങളും വസ്ത്രങ്ങളും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും എടുക്കാന്‍ അനുവദിക്കാതെ പെട്ടെന്ന് എത്തി ബേങ്ക് അധികൃതര്‍ വീടിന് സീല്‍ വെക്കുകയായിരുന്നു.
പൂട്ടിയിട്ട വീടിന് മുന്നില്‍ നാല് നാള്‍ കഴിഞ്ഞ കുടുംബം പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന കുട്ടികളുടെ പുസ്തകമെടുക്കാന്‍ ബേങ്ക് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു ദയയും കാണിച്ചില്ല.
തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് ബേങ്കില്‍ എത്തിയ കുടുംബം കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ബേങ്ക് പൂട്ടുന്നതിന് അനുവദിക്കാതെ സമരം തുടര്‍ന്നതിനാല്‍ ജനപ്രതിനിധികളുമായും മറ്റും ചര്‍ച്ച നടത്തി. പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് വീണ്ടും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹിക്കാന്‍ ശ്രമിക്കുമെന്ന് ജനപ്രതിനിധികളുടെ ഉറപ്പിനെ തുടര്‍ന്ന് കുടുംബം കുത്തിയിരിപ്പ് അവസാനിപ്പിച്ചു.