Connect with us

Kozhikode

മണ്ണിനെ പൊന്നാക്കി മരുതോങ്കരയില്‍ ഡോക്ടറുടെ നേതൃത്വത്തില്‍ പച്ചക്കറി ഗ്രാമം

Published

|

Last Updated

കുറ്റിയാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിനെ പച്ചക്കറി സമൃദ്ധിയിലാക്കിക്കൊണ്ട് ഡോ. സച്ചിത്തിന്റെ നേതൃത്വത്തിലുള്ള “ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (ഫാം) എന്ന കര്‍ഷക കൂട്ടായ്മ ശ്രദ്ധേയമാകുന്നു. മരുതോങ്കര കാവുംതാഴ വയലിലെ പന്ത്രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കഴിഞ്ഞ നാല് വര്‍ഷമായി കൃഷിവകുപ്പിന്റെ വാണിജ്യ പച്ചക്കറി ഗ്രാമപദ്ധതി വളരെ വിജയകരമായി ഡോക്ടറും സംഘവും നടത്തിവരുന്നത്.
കുറ്റിയാടിയിലെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനായ ഡോ. സച്ചിത്ത് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നേതൃത്വം നല്‍കുന്ന ഈ സംഘടന ലക്ഷ്യം വെക്കുന്നത് യുവതലമുറയെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെടുത്തുക എന്നതിനാണ്.
കൂടാതെ യന്ത്രവത്കൃത കൃഷിരീതി പ്രോത്സാഹിപ്പിക്കുക, പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളെ കൃഷിയും അനുബന്ധ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുക, പൊതു വിപണിയില്‍ പച്ചക്കറി വില വര്‍ധനവ് തടയുന്നതിനാവശ്യമായ ചാലകശക്തിയായി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൂടിയുണ്ട് ഈ കര്‍ഷക കൂട്ടായ്മക്ക്. പുതിയതും പഴയതുമായ വിവിധ കൃഷികളിലും യന്ത്രസാമഗ്രികളിലും ഇവിടെ നിന്നും പരിശീലനം നല്‍കുന്നുണ്ട്.
ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന വിശാലമായ കൃഷിയിടത്തില്‍ വെണ്ട, ചീര, തണ്ണിമത്തന്‍, വഴുതന, തക്കാളി, പച്ചമുളക്, പയര്‍, മത്തന്‍, എളവന്‍, കുമ്പളങ്ങ, വെള്ളരി, മത്തന്‍, പാവല്‍, പടവലം, പീച്ചിങ്ങ തുടങ്ങിയ കാര്‍ഷിക വിളകളാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഓഫീസര്‍ നൗഷാദിന്റെയും നിര്‍ലോഭമായ സഹായ സഹകരണം ഈ സംഘടനക്ക് ലഭിക്കുന്നുണ്ട്. ആത്മയുടെ ഫിറമോണ്‍ട്രാപ്, ലൈറ്റ്ട്രാപ്, ഷുഗര്‍ബേബി പ്രദര്‍ശനത്തോട്ടം എന്ന ഡെമോണ്‍സ്‌ട്രേഷന്‍ യൂനിറ്റുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്, ആത്മ കോഴിക്കോട്, കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവും ഈ സംഘടനക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കിപോരുന്നു.
അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴ ഈ കൂട്ടായ്മയുടെ ഹരിതസ്വപ്‌നങ്ങള്‍ക്ക് അല്‍പ്പമെങ്കിലും കരിനിഴല്‍ വീഴ്ത്തിയെങ്കിലും ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറി ഗ്രാമത്തിനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടറും സംഘവും.
ഡോക്ടറെ കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വി വി അംബുജാക്ഷന്‍, എ ടി ജോസ്, ഗോപാലന്‍നായര്‍, മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍, കെ സുരേഷ്, കെ കെ സുധീഷ്, വി വി ശ്രീധരന്‍, എ കെ ഷിജു, വി വി പ്രകാശ് എന്നിവരാണ് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകകൂട്ടായ്മയിലെ മറ്റ് അംഗങ്ങള്‍.

Latest