കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരാതികള്‍ സ്വീകരിക്കാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തും: വനിതാ കമ്മീഷന്‍

Posted on: March 22, 2013 11:42 am | Last updated: March 22, 2013 at 11:43 am
SHARE

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കേരള വനിതാ കമ്മീഷനില്‍ സ്വീകരിക്കാനാകുംവിധം കമ്മീഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ ശിപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്. ഇത്തരം പരാതികള്‍ ദേശീയ വനിതാ കമ്മീഷനില്‍ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാന്‍ കമ്മീഷന് സാധിക്കില്ല. കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന പരാതികള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ചര്‍ച്ചചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
എന്‍ ഐ ടിയുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ കേരള വനിതാ കമ്മീഷനു ഒരു പരാതി കൈമാറിയിട്ടുണ്ട്. പൂട്ടിയ പി എ സി എല്‍ എന്ന സ്ഥാപനത്തിലെ ഫീല്‍ഡ് വര്‍ക്കര്‍മാരായിരുന്ന സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും വീടുകളില്‍ നിന്നും നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി 112 പേര്‍ സമര്‍പ്പിച്ച പരാതികളും കമ്മീഷന് മുമ്പിലുണ്ട്. ഈ രണ്ട് പരാതികളും കമ്മീഷന്‍ ഫുള്‍ ബഞ്ചിന് വിട്ടു. ജോലി സ്ഥലത്തെ പീഡനം വര്‍ധിച്ച് വരികയാണെന്നും നൂര്‍ബിനാ റഷീദ് പറഞ്ഞു. പ്രമുഖ കോളജുകളിലേതുള്‍പ്പെടെയുള്ള ജോലി സ്ഥലത്തെ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാ സമ്പന്നര്‍ക്കിടയില്‍ പരസ്പര ബഹുമാനം നഷ്ടപ്പെടുന്നത് കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത് സ്ഥാപനങ്ങള്‍ തന്നെ സംവിധാനമുണ്ടാക്കണമെന്ന് അവര്‍ പറഞ്ഞു. അദാലത്തില്‍ അഭിഭാഷകരായ ശ്രീല മേനോന്‍, ടി ജി മീനാ നായര്‍, എന്‍ ജലാലുദ്ദീന്‍, വനിത സെല്‍ സി ഐ ഷെര്‍ലറ്റ്മണി പങ്കെടുത്തു.
സ്ത്രീകള്‍ക്കുനേരെയുളള മാനസിക-ശാരീരിക പീഡനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 64 പരാതികളില്‍ 45 പരാതികളില്‍ ഇരുകൂട്ടരും ഹാജരായി. ഇതില്‍ 20 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 13 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 11 പരാതികള്‍ പോലീസ് അന്വേഷണത്തിലാണ്.