തിരുളുകുന്നിലെ ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു

Posted on: March 21, 2013 1:24 pm | Last updated: March 22, 2013 at 11:53 am
SHARE

മാനന്തവാടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട തിരുളുകുന്നിലെ വിവാദ ഭൂമി അതീവ പരിസിഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു.
സര്‍വെ നമ്പര്‍ 401,402,403 എന്നിവയില്‍പ്പെട്ട 12.93 ഏക്കര്‍ ഭൂമിയാണ് 582/12 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കിയത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്റര്‍ ഗ്രേറ്റഡ് ഇക്കോ റിസോര്‍ട്‌സ് ആന്‍ഡ് ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തോമസ് അലക്‌സാണ്ടറിന്റെ ഉടമസ്ഥയിലുള്ളതായിരുന്നു ഭൂമി. ഉയര്‍ന്ന വനം വകുപ്പ് ഉദ്യേഗസ്ഥന്റെ ഉടമസ്ഥന്റെ ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയതാണ് പ്രസ്തുത ഭൂമിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവിടെ റിസോര്‍ട്ട് നിര്‍മിക്കാനുള്ള നീക്കമാണ് വിവാദമായത്.
ആനത്താരയായി പ്രഖ്യാപിച്ച സ്ഥലത്ത് കൂടിയായിരുന്നു റിസോര്‍ട്ട് നിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോയിരുന്നത്. ഇത് വനം വകുപ്പ് തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 2009ല്‍ അന്നത്തെ തോല്‍പ്പെട്ടി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ഷജ്‌ന ഇ എഫ് എല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. ഇതിനെതിരെ സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസ് തീര്‍പ്പാക്കി കൊണ്ട് സെക്ഷന്‍ നാല് പ്രകാരം നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്നത്തെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി എ ടി എം മനോഹരന്‍, വി ഡി സതീഷന്‍ എം എല്‍ എ, ബത്തേരി എം എല്‍ എമായിരുന്ന പി കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റി സ്ഥലം സന്ദര്‍ശിക്കുകയും ഭൂമി ഏറ്റെടുക്കാന്‍ ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
ചുറ്റും വനത്താല്‍ ചുറ്റപ്പെട്ട അതീവ പ്രാധാന്യ മേഖലയിലാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചിരുന്നത്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.