ആരോഗ്യമേഖലയില്‍ സഹകരണത്തിന് കേരള-തമിഴ്‌നാട് സംയുക്തയോഗം ചേരും

Posted on: March 21, 2013 1:16 pm | Last updated: March 25, 2013 at 12:20 pm

healthപാലക്കാട് : കേരള – തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലെ സാംക്രമികരോഗം തടയുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംയുക്തയോഗം 23ന് ചേരും.
ആരോഗ്യ വകുപ്പ് അധ്യക്ഷന്മാര്‍, അതിര്‍ത്തി ജില്ലകളിലെ ജില്ലാതല ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, അതിര്‍ത്തി ബ്ലോക്കുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ യോഗമാണ് നെല്ലിയാമ്പതി ഗ്രീന്‍വാലി റിസോര്‍ട്ടില്‍ 23 ന് രാവിലെ 10 ന് ചേരുന്നത്. വി ചെന്താമരാക്ഷന്‍ എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും, ഈ ജില്ലകളുടെ അതിര്‍ത്തി പങ്കുവെയ്ക്കുന്ന തമിഴ്‌നാട് ജില്ലകളായ തേനി, കോയമ്പത്തൂര്‍, നീലഗിരി എന്നീ ജില്ലകളിലെ ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എച്ച്1എന്‍1, മലേറിയ, എയ്ഡഡ്, ഡെങ്കിപ്പനി, ക്ഷയം, മഴക്കാല രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കുവാനും ധാരണയാകും. തലസ്ഥാനാതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ ജോലിയാവശ്യത്തിനും പഠനാവശ്യത്തിനും മറ്റും മാറി താമസിക്കുന്നവരുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.
അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഭാഗങ്ങള്‍ കണ്ടത്തി ആരോഗ്യബോധവത്ക്കരണ പരിപാടികള്‍ അവരുടെ മാതൃ’ഭാഷയില്‍ നല്‍കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കും. സാംക്രമിക രോഗങ്ങള്‍ക്കും തുടര്‍ചികിത്സ ആവശ്യമുളള രോഗങ്ങള്‍ക്കും സഹായം ലഭിക്കുന്ന രോഗികള്‍ സംസ്ഥാന മാറിത്താമസിച്ചാലും ആ ഭാഗത്തെ ആരോഗ്യസ്ഥാപനങ്ങള്‍ വഴി ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുളള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ജമീല, ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ, ഡി എം ഒ ഡോ കെ വേണുഗോപാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ജഗദീഷ്, ഡോ എ എസ് പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.