Connect with us

Malappuram

മഞ്ചേരി നഗരസഭയുടെ അധ്യാപക ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു

Published

|

Last Updated

മഞ്ചേരി: അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. കച്ചേരിപ്പടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും അരുകിഴായ പുതിയ ബസ് സ്റ്റാന്‍ഡിനുമിടയിലാണ് ഭാര്‍ഗവീ നിലയം പോലെ രണ്ട് ക്വാര്‍ട്ടേഴ്‌സുകള്‍.
മഞ്ചേരി നഗരസഭയുടെ അധീനതയിലുള്ള ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കുവേണ്ടി പണിത ക്വാര്‍ട്ടേഴ്‌സുകള്‍ക്കാണ് ഈ ദുരവസ്ഥ. പത്തുവര്‍ഷത്തിലധികമായി അധ്യാപകരോ സ്‌കൂള്‍ പി ടി എ കമ്മിറ്റിയോ തിരിഞ്ഞുനോക്കാത്തതിനാല്‍ കെട്ടിടത്തിന്റെ മരംകൊണ്ടുള്ള വാതില്‍ ജനല്‍ കട്ടിളുകളും മറ്റും അടര്‍ത്തിയെടുത്തുപോയിട്ടുണ്ട്.
ചുറ്റുമതിലില്ലാത്തതിനാല്‍ ഏതു സമയത്തും സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണിവിടെ. മദ്യം, മയക്കുമരുന്ന് തുടങ്ങി എല്ലാ അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ കണ്ടുവരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അനധികൃത മദ്യ വ്യാപാരവും തകൃതിയായി നടക്കുന്നുണ്ട്.
ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടം നഗരസഭക്ക് ബാധ്യതയായിട്ടുണ്ട്. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് കോടികള്‍ വിലവരുന്ന സ്ഥലത്താണ് കെട്ടിടങ്ങള്‍. ഇത് പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ഫഌറ്റുകള്‍ നിര്‍മിച്ചാല്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കും ഇതര ജീവനക്കാര്‍ക്കും ഉപകാരപ്രദമാകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങള്‍ ഇത്തരത്തില്‍ നശിച്ചിട്ടുണ്ട്.

 

Latest