Connect with us

Malappuram

മാപ്പിളകലാ അക്കാദമിക്ക് വാര്‍ഷിക ഗ്രാന്റ് 50 ലക്ഷമാക്കി ഉയര്‍ത്തി

Published

|

Last Updated

കൊണ്ടോട്ടി: മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയെ ബജറ്റില്‍ അവഗണിച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതിഷേധത്തിന് ഫലം കണ്ടു. അക്കാദമിക്ക് പ്രതി വര്‍ഷം 50 ലക്ഷം രൂപ ഗ്രാന്റ് നല്‍കുമെന്ന് ധന മന്ത്രി കെ എം മാണി ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചു. വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിക്ക് വാര്‍ഷിക ഗ്രാന്റ് ഇരട്ടിയാക്കിയെന്നായിരുന്നു ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നത്. കേള്‍ക്കുന്നവര്‍ക്ക് ഇത് വലിക തുകയായി തോന്നാമെങ്കിലും വാര്‍ഷിക ഗ്രാന്റായി ലഭിക്കുന്ന ഒരു ലക്ഷം രൂപ രണ്ട് ലക്ഷമാക്കിയതായിരുന്നു ഈ മഹാ പ്രഖ്യാപനം.
കേരളീയ കലകളും ക്ഷേത്ര കലകളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഡസനോളം സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഗ്രാന്റായി നല്‍കുമ്പോള്‍ വൈദ്യര്‍ സ്മാരകത്തിന് അനുവദിച്ചിരുന്നത് 50,000 രൂപ മാത്രമായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തിയത്.സ്മാരകത്തിലെ വൈദ്യുതി ചാര്‍ജ്ജും ഫോണ്‍ ബില്ലും അടക്കാന്‍ പോലും ഇത് തികഞ്ഞിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വൈദ്യര്‍ മഹോത്‌സവത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫ് വൈദ്യര്‍ സ് മാരകം മാപ്പിള കലാ അക്കാദമിയായി പ്രഖ്യാപിച്ചു. വാര്‍ഷിക ഗ്രാന്റ് 50 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചാലേ അക്കാദമിയുടെ ലക്ഷ്യം സാക്ഷാത് കരിക്കാനാവൂ എന്ന് കമ്മിറ്റി ധന മന്ത്രിക്കും മറ്റും നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് വെറും രണ്ട് ലക്ഷം മാത്രം.
അക്കാദമിയെ തഴഞ്ഞതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നു വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.