മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

Posted on: March 21, 2013 12:41 pm | Last updated: March 21, 2013 at 12:41 pm
SHARE

arts collegeകോഴിക്കോട്: മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. തുടക്കത്തില്‍ മാനാഞ്ചിറയിലെ ട്രെയിനിംഗ് കോളജില്‍ പ്രവര്‍ത്തനമാരംഭിച്ച കോളജ് പിന്നീട് മീഞ്ചന്തയിലെ 20.5 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. 1964ല്‍ സ്ഥാപിതമായ കോളജില്‍ ഇപ്പോള്‍ 12 ബിരുദ കോഴ്‌സുകള്‍, ഏഴ് ബിരുദാനന്തര കോഴ്‌സുകള്‍, ഒരു റിസര്‍ച്ച് സെന്റര്‍ എന്നിവയിലായി 1600 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു.
സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിനായി സമര്‍പ്പിച്ച 10 കോടിയുടെ പ്രൊപ്പോസലില്‍ രണ്ട് കോടി രൂപ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജൂബിലിയോടനുബന്ധിച്ച് ലേഡീസ് ഹോസ്റ്റല്‍, ചുറ്റുമതില്‍, ടോയ്‌ലറ്റ്, കാന്റീന്‍, സഹകരണ സ്റ്റോര്‍ എന്നിവയുടെ നവീകരണം നടന്നുവരികയാണ്. എം കെ രാഘവന്‍ എം പിയുടെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം 23ന് നടക്കും.
സുവര്‍ണ ജൂബിലി വിപുലമായി ആഘോഷിക്കാന്‍ 23ന് ഉച്ചക്ക് രണ്ട് മണിക്ക് കോളജില്‍ നടക്കുന്ന യോഗം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ എ കെ പ്രേമജം അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും.