സ്‌നേഹസ്പര്‍ശം പദ്ധതി: കുടുംബശ്രീ വഴി വീടുകളില്‍ നിന്ന് വിഭവ സമാഹരണം നടത്തും

Posted on: March 21, 2013 12:37 pm | Last updated: March 21, 2013 at 12:37 pm
SHARE

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2012ല്‍ നടപ്പാക്കിയ സ്‌നേഹസ്പര്‍ശം പദ്ധിതി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 6, 7 തീയ തികളില്‍ ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും വീടുകള്‍തോറും കയറിയിറങ്ങി ജനകീയ വിഭവ സമാഹരണം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കുടുംബശ്രീ യൂനിറ്റില്‍ നിന്ന് ചുരുങ്ങിയത് 1000 രൂപ വീതം സമാഹരിച്ച് ജില്ലയില്‍ നിന്നും രണ്ട് കോടി രൂപ സമാഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2012 മാര്‍ച്ചില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സനും ജില്ലാ കലക്ടര്‍ ചീഫ് കോ- ഓഡിനേറ്ററുമായാണ് സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന തീര്‍ത്തും നിര്‍ധനരായ 475 രോഗികള്‍ക്ക് ഒരു ഡയാലിസിസിന് 250 രൂപ വീതം മാസം 2000 രൂപ വീതം നല്‍കി ആരംഭിച്ച പദ്ധതിയില്‍ നിന്നും നിലവില്‍ 625 രോഗികള്‍ക്ക് മാസം 2000 രൂപ വീതം നല്‍കിവരികയാണിപ്പോള്‍.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ ധനസമാഹരണത്തില്‍ 30 ലക്ഷം രൂപയാണ് പിരിഞ്ഞുകിട്ടിയത്. 2013 ജനുവരി 30ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ചത് 35 ലക്ഷം രൂപ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, എല്‍ പി, യു പി തലത്തില്‍ നിന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്ക് നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന പരിപാടിയില്‍ അവാര്‍ഡ് നല്‍കും.