ടി പി വധം: പ്രതികള്‍ ഇന്നോവ കാറില്‍ കറങ്ങുന്നത് കണ്ടതായി സാക്ഷി മൊഴി

Posted on: March 21, 2013 12:35 pm | Last updated: March 22, 2013 at 11:30 am
SHARE

tp slugകോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രതികളായ ടി കെ രജീഷും എന്‍ എം സനൂപും ഇന്നോവ കാറില്‍ കറങ്ങുന്നത് കണ്ടതായി സാക്ഷി മൊഴി. പ്രോസിക്യൂഷന്റെ 22-ാം സാക്ഷി കുന്നുമ്മക്കര പുതിയോട്ട് മീത്തല്‍ പി എം പ്രമോദാണ് നാദാപുരം റോഡില്‍ വെച്ച് ഇന്നോവ കാറില്‍ ഇവരെ കണ്ടതായി എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കിയത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിന് മുമ്പ് ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങള്‍ കൊലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനായി നിയോഗിക്കപ്പെട്ടയാളാണ് സനൂപ് എന്ന് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. രജീഷ് കേസിലെ നാലാം പ്രതിയും ടി പിയെ വെട്ടിക്കൊന്ന സംഘത്തില്‍പ്പെട്ടയാളുമാണ്.
എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ എം പി പ്രവര്‍ത്തകര്‍ നടത്തിയ വിവിധ കേസുകളിലെ പ്രതിയാണ് പ്രമോദെന്നും ഇയാള്‍ കള്ള സാക്ഷി പറയാന്‍ എത്തിയതാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു. വടകര അസി. സെഷന്‍സ് കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും ഇയാള്‍ പ്രതിയായി കേസുകള്‍ എത്തിയിട്ടുണ്ട്. ഇതിലൊന്ന് സനൂപിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച കേസാണ്. ഇതിനുള്ള പ്രതികാരമായിട്ടാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറയാന്‍ പ്രമോദ് വന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ തന്റെ പേരില്‍ രണ്ട് കേസുകളുണ്ടെന്നും ഇതില്‍ ഒന്ന് ഒത്തുതീര്‍പ്പായതാണെന്നും പ്രമോദ് കോടതിയില്‍ മൊഴി നല്‍കി. സനൂപിനെ 2009ല്‍ മാരകായുധങ്ങളുമായി ആക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്ന കേസാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉണ്ടായിരുന്നത്. ഈ കേസാണ് ഒത്തുതീര്‍ന്നതെന്ന് പ്രമോദ് പറഞ്ഞു. എന്നാല്‍ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ ഉള്‍െപ്പടെയുള്ള നേതാക്കള്‍ സഞ്ചരിച്ച കാര്‍ തകര്‍ക്കുകയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ എട്ടാം പ്രതിയാണ് പ്രമോദെന്ന് പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ച പ്രമോദ്, ആര്‍ എം പി പ്രവര്‍ത്തകനായ താനുള്‍പ്പെടെ കേസില്‍ 16 പ്രതികളുണ്ടെന്നും ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.
ആശാരിപ്പണിക്കാരനായ താന്‍ 2012 ഏപ്രില്‍ 26നാണ് പ്രതികളെ നാദാപുരം റോഡില്‍വെച്ച് ഇന്നോവയില്‍ കണ്ടതെന്ന് പ്രമോദ് മൊഴി നല്‍കി. അന്ന് രാവിലെ ഒമ്പതിന് നാദാപുരം റോഡിലെ എ കെ ജി സെന്ററിനു കിഴക്കുള്ള ഫര്‍ണിച്ചര്‍ കടയില്‍ പോയിരുന്നു. ഡോ. സുധീര്‍കുമാര്‍ എന്നയാളുടെ വീടിന്റെ വാതിലിന് പ്ലെയിനര്‍ അടിക്കാനായിരുന്നു അത്. വൈകീട്ട് 5.30 വരെ താന്‍ അവിടെയുണ്ടായിരുന്നു. നാല് മണിക്ക് എ കെ ജി സെന്ററിനടുത്ത് ബസ് സ്റ്റോപ്പില്‍ സനൂപ് ഇന്നോവ കാറില്‍ വന്നിറങ്ങുന്നത് കണ്ടു. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് മൂന്ന് പേരുണ്ടായിരുന്നു. തന്റെ അയല്‍വാസിയായ സനൂപിന്റെ കൂടെ മുന്‍സീറ്റില്‍ കറുത്ത് കഷണ്ടിയുള്ള ഒരാളുമുണ്ടായിരുന്നു. അത് ടി കെ രജീഷാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ സനൂപ് ഇപ്പോഴും തന്റെ സുഹൃത്താണെന്നും പ്രമോദ് മൊഴി നല്‍കി.