സ്റ്റാലിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ്

Posted on: March 21, 2013 9:50 am | Last updated: March 26, 2013 at 11:03 am
SHARE

mk-stalinചെന്നൈ: ഡി എം കെ നേതാവ് എം കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടില്‍ ഇന്നലെ രാവിലെ സി ബി ഐ റെയ്ഡ് നടത്തി. ഇറക്കുമതി ചെയ്ത കാറുകളുടെ നികുതി അടച്ചില്ലെന്ന റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.

സ്റ്റാലിന്റെ മകന്‍ ഉദയാനിധി സ്റ്റാലിനാണ് കാര്‍ ഉപയോഗിക്കുന്നത്. നാല് പേരടങ്ങുന്ന സി ബി ഐ സംഘം രാവിലെ 6.30നാണ് സ്റ്റാലിന്റെ വീട്ടിലെത്തിയത്. ഈ സമയത്ത് അദ്ദേഹം പ്രഭാത സവാരിക്ക് പോയിരിക്കുകയായിരുന്നു. മകന്‍ ഉദയാനിധി സ്റ്റാലിനെ ഒന്നര മണിക്കൂറോളം സംഘം ചോദ്യംചെയ്തു. കാര്‍ പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കണ്ടെടുത്തു. സ്റ്റാലിന്റെ സുഹൃത്ത് രാജാ ശങ്കറിന്റെ വീട്ടിലും സി ബി ഐ പരിശോധന നടത്തി.
രണ്ട് കാറുകളാണ് വാങ്ങിയതെന്ന് സി ബി ഐ പറയുന്നു. ഏതാനും വര്‍ഷം മുമ്പ് കള്ളക്കടത്തുകാരനായ അലക്‌സ് ജോസഫ് എന്നയാളുടെ പക്കല്‍ നിന്നാണ് ഉദയാനിധി ഇത് വാങ്ങിയത്. 2011 നവംബറില്‍ അലക്‌സ് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് കേസ് സി ബി ഐക്ക് കൈമാറുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പതോളം കാറുകള്‍ ഇത്തരത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ട്. 20 കോടിയോളം രൂപയാണ് നികുതി വെട്ടിച്ചത്. റവന്യൂ ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുരുകാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സി ബി ഐ അറിയിച്ചു. ഇത്തരത്തില്‍ നികുതി വെട്ടിച്ച 12 കാറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവയില്‍ പലതും ശരിയായ ഉടമസ്ഥന്റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും സി ബി ഐ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാറില്‍ നിന്നും യു പി എയില്‍ നിന്നും ഡി എം കെ പിന്മാറിയതിന് തൊട്ടടുത്ത ദിവസമാണ് സ്റ്റാലിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് എന്നത് ശ്രദ്ധേയമാണ്. അതേസമയം, സ്റ്റാലിന്റെ വസതിയില്‍ പരിശോധന നടത്താന്‍ സി ബി ഐ തിരഞ്ഞെടുത്ത സമയം ‘അനുചിത’മാണെന്നും അതില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ലെന്നും പ്രധാനമന്ത്രി മന്‍മേഹന്‍ സിംഗ് വ്യക്തമാക്കി.

റെയ്ഡ് അനവസരത്തിലെന്ന് ചിദംബരം