Connect with us

Articles

ആഗോള കാലത്ത് വെനിസ്വേലയുടെ ഭാവി

Published

|

Last Updated

chavez and nejadലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ ചരിത്രം സാമ്രാജ്യത്വ മേല്‍ക്കോയ്മക്കെതിരെയും അധീശക്തികള്‍ക്കെതിരെയുമായിരുന്നു, എക്കാലവും. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ സ്‌പെയിനിന്റെ കോളനിയായിരുന്നു ഈ രാജ്യം. സ്‌പെയിന്‍ മാത്രമല്ല 916,445 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ രാജ്യത്തിന്റെ പ്രകൃതി സമ്പന്നതയിലേക്ക് നോട്ടമിട്ടിരുന്നത്. ലോകത്തെ പല സാമ്രാജ്യത്വ ശക്തികളും ഈ മണ്ണിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നു. പ്രകൃതി വാതകത്തിന്റെയും കാപ്പിയുടെയും കൊക്കോയുടെയും നാടായ വെനിസ്വേല അങ്ങനെ ചൂഷകരുടെ വിളഭൂമിയായി മാറി. 19-ാം നൂറ്റാണ്ടിലെ പട്ടാള ഭരണവും കോളനി രാജ്യങ്ങളും വെനിസ്വന്‍ ജനതയുടെ ആത്മവീര്യത്തെയും സമ്പത്തിനെയും കുറച്ചൊന്നുമല്ല കൊള്ളയടിച്ചത്. മണ്ണില്‍ പൊന്ന് വിളയിച്ച ജനത പാപ്പരാകുന്നതിന് ലോകം സാക്ഷ്യം നിന്നു. ഗോത്ര സംസ്‌കൃതികള്‍ നശിക്കുന്നതും പാരമ്പര്യ മൂല്യങ്ങള്‍ തകര്‍ന്നടിയുന്നതും നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ടവരായി അവര്‍. വെനിസ്വലന്‍ തടാകങ്ങളില്‍ വന്‍ തോതിലുള്ള എണ്ണ നിക്ഷേപം ഒന്നാം ലോക മഹായുദ്ധ കാലത്ത് തന്നെ തിരിച്ചറിയുകയും അതിന്റെ ഗുണഭോക്താക്കള്‍ പാശ്ചാത്യരാകുകയും ചെയ്തത് നോക്കിനില്‍ക്കേണ്ടിവന്ന ഹതാശരായിരുന്നു വെനിസ്വന്‍ ജനത.
1958ല്‍ വെനിസ്വേലന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതോടെയാണ്, ആ രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതപ്പെട്ടത്. പ്രകൃതി വാതകവും മറ്റും ദേശവത്കരിച്ചതോടെ വെനിസ്വേലയുടെ ദേശീയ വരുമാനം മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പതിന്‍മടങ്ങായി. ഇത് എല്ലാ അര്‍ഥത്തിലും ജീവത്താകുന്നത് 1998ല്‍ വെനിസ്വേലയുടെ പ്രസിഡന്റായി ഹ്യൂഗോ ഷാവേസ് അവരോധിക്കപ്പെട്ടതോടെയാണ്. 2008ല്‍ ലോക സാമ്പത്തിക പ്രതിസന്ധി, ആഗോളവത്കരണത്തെ തുടര്‍ന്ന് പരകോടിയിലെത്തിയ അവസരത്തില്‍ പോലും ഈ രാജ്യം തലയുയര്‍ത്തിനിന്നത് ഷാവേസിന്റെ ധീരമായ നയസമീപനങ്ങളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായിരുന്നു. ധീരമായ ഇടതുപക്ഷ ജാഗ്രതയുടെ തലപ്പൊക്കം കൊണ്ട് സാമ്രാജ്യത്വ ശക്തികളെ അദ്ദേഹം വെല്ലുവിളിച്ചു. അധികാരമേറ്റതുമുതല്‍ മരണം വരെ ഈയൊരു ധീരത അദ്ദേഹം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര വേദികളില്‍ തനിക്ക് കിട്ടുന്ന ഏതൊരു അവസരത്തെയും അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ ഉപയോഗിക്കാനാണ് ആ ഒറ്റയാന്‍ ധൈര്യം കാണിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒരു ചെകുത്താനാണെന്ന് തുറന്നുപറായന്‍ മടി കാണിച്ചിട്ടില്ലാത്ത ഭരണകര്‍ത്താവായിരുന്നു ഹ്യൂഗോ. അക്കാലത്ത് ചെറുതല്ലാത്ത പ്രതിഷേധ ശബ്ദങ്ങളെ അദ്ദേഹത്തിന് കമ്യൂണിസ്റ്റ് ചേരികള്‍ക്കിടയില്‍ നിന്ന് പോലും കേള്‍ക്കേണ്ടിവുന്നു.
ലോകം ഏകധ്രുവമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ചരിത്ര കാലത്ത് ഹ്യൂഗോവിനെ പോലുള്ള ധീരര്‍ക്ക് എളുപ്പത്തിലൊന്നും അതിജീവിക്കാന്‍ കഴിയാത്ത ചുറ്റുപാടായിരുന്നു മുന്നില്‍. അമേരിക്കന്‍ തന്മപ്രമാണിത്വത്തെ ചെറുത്തുനിന്ന സോവിയറ്റ് യൂനിയന്റെ തകര്‍ച്ച വന്‍ തിരിച്ചടിയായി ലോകത്തിന്. ചോദ്യം ചെയ്യാന്‍ മറുചേരിയില്ലാതായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ വന്നു. ലോകത്തെ ചെറുതും വലുതുമായ നിരവധി രാജ്യങ്ങള്‍ അമേരിക്കന്‍ താത്പര്യങ്ങളുടെ ഇരകളായിത്തീരുന്നത് ലോകം കണ്ടു. പേരില്‍ മാത്രം കമ്യൂണിസം കൊണ്ടുനടക്കുന്ന മറ്റൊരു ശക്തിയായ ചൈനയുടെ നയങ്ങളും സമീപനങ്ങളും അമേരിക്കയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തിരിച്ചറിയാനും കഴിയുന്നുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ആകെ കുത്തഴിഞ്ഞിരിക്കയാണ് ചൈനീസ് ഭരണകൂടം. ഭരണതലത്തില്‍ ഈയടുത്ത കാലത്താണ് അവര്‍ അഴിച്ചുപണി നടത്തിയത്. പുറമെ സോഷ്യലിസം പറയുമ്പോഴും ഉള്ളില്‍ നവ ലിബറലിസവും സെമി ക്യാപ്പിറ്റലിസവും തുടരുന്നവരാണവര്‍. ഒരു കമ്യൂണിസ്റ്റ് രാജ്യമെന്ന് അവകാശപ്പെടുന്ന ക്യൂബ പോലും വെനിസ്വേലയെ വേണ്ടത്ര പരിഗണിച്ചിട്ടില്ല.
ഷാവേസ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഒരു ദശാബ്ദക്കാലം അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് നടത്തിയ കടന്നുകയറ്റത്തിന് കൈയും കണക്കുമില്ല. ഇറാഖ് അധിനിവേശവും അഫ്ഗാനിലെ ഇടപെടലും മുതല്‍ ഫലസ്തീന്‍ ജനതക്ക് മീതെ ഇസ്‌റാഈലിന്റെ കിരാത വാഴ്ചക്കുള്ള പിന്തുണ വരെയുള്ള ഒട്ടേറെ ഉദാഹണങ്ങള്‍. ഇത്തരം കാടത്തങ്ങളെ ചങ്കൂറ്റത്തോടെ എതിര്‍ത്ത ഒരേയൊരു ഭരണകര്‍ത്താവേ ലോകത്തുണ്ടായിട്ടുള്ളൂ. അത് ഷാവേസായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട പോലെ അപലപിക്കപ്പെടേണ്ട ഒന്നാണ് അഫ്ഗാനിലെ ഇടപെടലെന്ന് അദ്ദേഹം തുറന്നടിച്ചു. ചൈനയുടെയും റഷ്യയുടെയും മൗനത്തിന് മീതെയുള്ള ഒരു തുറന്നുപറച്ചിലായിരുന്നു അത്.
എണ്ണ ഉത്പാദക രാജ്യമാണ് വെനിേസ്വല. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ ശക്തികള്‍ക്ക് ഈ രാജ്യത്തിന്റെ മണ്ണ് പ്രിയപ്പെട്ടതാണ്. മറ്റേതെങ്കിലും ഒരു ഭരണാധികാരിയായിരുന്നെങ്കില്‍ എപ്പോഴേ ഈ രാജ്യം തീരെഴുതപ്പെട്ടുകഴിഞ്ഞേനേ. പൊതുവെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം അമേരിക്കന്‍ താത്പര്യ കക്ഷികളായിരിക്കുന്ന ഒരു കാലത്താണ് വെനിസ്വേലയുടെ വഴിമാറിനടത്തം.
ഇത് അമേരിക്കയെ കുറച്ചൊന്നുമല്ല, ചൊടിപ്പിച്ചത്. മുന്‍ പ്രസിഡന്റ് കാര്‍ലോസ് അദ്രോസിന്റെ പാപ്പര ഭരണത്തില്‍ നിന്നും ഷാവേസിലേക്കുള്ള ദൂരം വലിയതാണ്. വെനിസ്വേലയുടെ ടണ്‍ കണക്കിന് എണ്ണ തുച്ഛമായ ഡോളറിനാണ് അമേരിക്ക കാര്‍ലോസില്‍ നിന്നും കടത്തിക്കൊണ്ടുപോയത്. അതിന്റെ കമ്മീഷന്‍ പറ്റി ജീവിക്കുന്ന ദല്ലാള്‍ മാത്രമായിരുന്നു കാര്‍ലോസ്. അഴിമതി, പട്ടിണി, സ്വജനപക്ഷപാതം, സ്ത്രീവിരുദ്ധത എന്നിവ രാജ്യത്തിന്റെ മുഖമുദ്രയായി മാറിയ കാര്‍ലോസിന്റെ കൈകളില്‍ നിന്നും അധികാരം ഷാവേസിലേക്ക് മാറ്റപ്പെടുന്നത് നിരന്തര പോരാട്ടങ്ങളുടെയും ജനകീയ സമരങ്ങളിലൂടെയുമാണ്.
അധികാരമേറ്റയുടനെ ഷാവേസ് ചെയ്തത് എണ്ണ വ്യവസായം സ്വദേശിവത്കരിക്കുകയാണ്. ആ പണം ജനങ്ങളുടെ സര്‍വമാന രംഗത്തെയും പുരോഗതിക്ക് വേണ്ടി നീക്കിവെക്കുക കൂടി ചെയ്തതോടെ വെനസ്വേലയുടെ മുഖം മാറി. വെറും 14 വര്‍ഷം കൊണ്ട് ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ വെനിസ്വേലയെ എത്തിക്കാന്‍ ഷാവേസ് ഒഴുക്കിയ വിയര്‍പ്പിന് കണക്കില്ല.
ഷാവേസ് യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണമുണ്ടായത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ ഷാവേസിന്റെ മരണത്തോടെ, ലോകഭൂപടത്തില്‍ ഏതെല്ലാം രാജ്യങ്ങള്‍ തിരുത്തിക്കുറിക്കപ്പെടുമെന്ന് ഈ ആഗോള സാമ്രാജ്യത്വ കാലത്ത് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ. അതു മാത്രമല്ല, ഷാവേസ് നേതൃത്വം നല്‍കിയ ഒരു സാമ്പത്തിക കൂട്ടായ്മ കൂടി ഇനി ഇല്ലാതാകുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ആഗോള കുത്തകകള്‍ ആ ബദല്‍ സാമ്പത്തിക സംവിധാനത്തെ വിഴുങ്ങിക്കൂടായ്കയില്ല.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ അവശേഷിക്കുന്നത് ആരാണ്? ഷാവേസിന്റെ ഉറ്റ മിത്രം അഹ്മദി നജാദിനെ മറന്നുകൊണ്ടല്ല ഈ ചോദ്യം. ഒരര്‍ഥത്തില്‍ ഷാവേസിന്റെ മരണം ഇറാന്‍ ജനതക്കാണ് ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചിരിക്കുക. രണ്ട് ഭരണ നേതാക്കളും സാമ്രാജ്യത്വവിരുദ്ധ ശബ്ദമായിരുന്നു. ആണവ പദ്ധതികളുമായി ഇറാന്‍ മുന്നോട്ട് പോകുകയും അതിനെ അമേരിക്ക നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നജാദിനൊപ്പം നിന്ന ഏക വ്യക്തിയായിരന്നു ഷാവേസ്.
ഷാവേസ് കെട്ടിപ്പടുത്ത ലാറ്റിനമേരിക്കന്‍ കൂട്ടായ്മയില്‍ നിന്ന് സാമ്രാജ്യത്വ പക്ഷത്തേക്ക് ആരൊക്കെ, എപ്പോള്‍ കൂറു മാറുമെന്ന് പറയാറായിട്ടില്ല എങ്കിലും അത്തരമൊരു സാധ്യത തള്ളിക്കളയുക വയ്യ. അങ്ങനെ വരുമ്പോള്‍ പാശ്ചാത്യവും പൗരസ്ത്യവുമായ പ്രശ്‌നങ്ങളെ ലളിതവത്കരിക്കാനും അമേരിക്കന്‍ പക്ഷം ചേര്‍ന്ന് കൂടുതല്‍ അപകടകരമായ ഒരു ലോക നിര്‍മിതിയിലേക്ക് എണ്ണ പകരാനും ഈ രാജ്യങ്ങളെല്ലാം ഒത്തുചേര്‍ന്നുകൂടായ്കയില്ല. അതിന് ആളും അര്‍ഥവും നല്‍കാന്‍ മുതലാളിത്ത ദാസന്മാര്‍ സദാ ജാഗരൂകരായിട്ടുണ്ട്. അവിടെ ഒറ്റപ്പെടുന്നത് ഇറാനായിരിക്കുകയും ചെയ്യും. ഇത്തരമൊരു ശൂന്യതയില്‍ അഹ്മദി നജാദിന് ഉത്തരവാദിത്വങ്ങള്‍ കൂടുക തന്നെയാണ്. ഷാവേസ് കെട്ടിപ്പടുത്ത സാമ്രാജ്യത്വവിരുദ്ധ ചേരികളെ അനാഥമാക്കാതെ ഒപ്പം കൂട്ടി നടക്കാന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ദീര്‍ഘ വീക്ഷണത്തിനും കഴിയുകയാണെങ്കില്‍ അത്രയും നന്ന്. അത് അത്ര എളുപ്പമല്ലെങ്കിലും.

പ്രതിരോധത്തിന്റെ മഴവില്‍ മനുഷ്യന്‍

 

Latest