മൈദയെ പേടിക്കണോ?

Posted on: March 21, 2013 12:05 am | Last updated: March 21, 2013 at 12:05 am
SHARE

parotta 1പൊറാട്ട ഭൂരിപക്ഷം മലയാളികളുടെയും ഇഷ്ട ഭോജ്യമാണ്. വേണമെങ്കില്‍ നമുക്കതിനെ കേരളത്തിന്റെ ദേശീയ പലഹാരമെന്നും വിളിക്കാം. ചിലര്‍ക്ക് ന്യൂഡില്‍സാണ് ആരോഗ്യ രഹസ്യം. ബിസ്‌ക്കറ്റുകള്‍, കേക്കുകള്‍ തുടങ്ങിയ മിക്ക ബേക്കറി പലഹാരങ്ങളും പ്രധാനമായും മൈദ കൊണ്ട് ഉണ്ടാക്കിയവയാണ്. ഗോതമ്പ് മാവ് (ആട്ട) ഉപയോഗിച്ച് ഉണ്ടാക്കിയതെന്ന് വിളിക്കപ്പെടുന്ന മിക്ക ഉത്പന്നങ്ങളിലും മൈദയാണ് പ്രധാന ഘടകം. ധാന്യം കൊണ്ടുണ്ടാക്കിയതെന്ന് പരസ്യപ്പെടുത്തുന്ന ഒരു ഉത്പന്നത്തില്‍ ആ ധാന്യത്തിന്റെ എത്ര ശതമാനം ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന നിയമങ്ങളൊന്നും ഇന്ത്യയില്‍ ഇല്ലെന്നതാണ് ഇതിന്റെ കാരണം.

ഗോതമ്പിന്റെ എല്ലാ പോഷകാംശങ്ങളും എടുത്തുമാറ്റപ്പെട്ട ശേഷം അവശേഷിക്കുന്ന വെറും പൊടി മാത്രമാണ് മൈദ. ഗോതമ്പ് ഉത്പന്നമെന്ന പേരില്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളും മൈദ കൊണ്ടുള്ളതാണ്. മൈദ എന്നത് നൂറു ശതമാനം കാര്‍ബോ ഹൈഡ്രേറ്റാണ്. നാരുകളില്ലാത്ത ധാന്യപ്പൊടി. കാര്‍ബോ ഹൈഡ്രേറ്റുകള്‍ പ്രോട്ടീനില്‍ നിന്നും കൊഴുപ്പില്‍ നിന്നും ലഭിക്കും. മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷ്യ പദാര്‍ഥങ്ങള്‍ കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രദമല്ല.
ഇങ്ങനെ നോക്കുമ്പോള്‍ മൈദ ഭക്ഷ്യയോഗ്യമല്ലെന്ന് ഉറപ്പിക്കുക വളരെ എളുപ്പം തന്നെ. മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷ്യ പദാര്‍ഥങ്ങള്‍ സര്‍വസാധാരണമായിരിക്കെ ഇതിന്റെ ദൂഷ്യങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് ആലോചിക്കാനുള്ളത്. ഇതിന് എനിക്ക് നിര്‍ദേശിക്കാനുള്ളത്, മൈദ കൊണ്ടുള്ള പൊറാട്ടയോ പൂരിയോ റൊട്ടിയോ കഴിക്കുമ്പോള്‍ അതോടൊപ്പം ധാരാളം പച്ചക്കറികളും കഴിക്കുക എന്നതാണ്. മൈദ കൊണ്ടുള്ള ഭക്ഷ്യ പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പച്ചക്കറിയായിരിക്കണം.

പൊറാട്ടയും കുറുമയും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. ഇത് തീര്‍ച്ചയായും ഒഴിവാക്കേണ്ട ശീലമാണ്. നൂഡില്‍സ് എന്നത് സംസ്‌കരിച്ച ഭക്ഷണമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷ്യ പദാര്‍ഥങ്ങള്‍ എങ്ങനെയെല്ലാമാണ് നമ്മുടെ ആരോഗ്യത്തിന് ഭീഷണിയും വെല്ലുവിളിയുമാകുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. ഇന്ത്യയില്‍ അല്‍പ്പം മാത്രം ആട്ടയോ ധാന്യാംശമോ ചേര്‍ത്ത മൈദ വിഭവങ്ങളെയെല്ലാം ധാന്യ ഉത്പന്നമെന്ന് വിളിക്കുന്നതിന് തടസ്സമില്ല. മൈദയില്‍ കരിച്ച പഞ്ചസാരയോ ശര്‍ക്കര പാവോ ചേര്‍ത്ത് നിറം വരുത്തിയാണ് പല വിശേഷപ്പെട്ട ആട്ട പലഹാരങ്ങളും നിര്‍മിക്കുന്നത്. റൊട്ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. വളരെ ചെറിയൊരു ശതമാനം ആട്ട ചേര്‍ത്ത മൈദ കൊണ്ടുണ്ടാക്കിയ റൊട്ടിയെ ആട്ട കൊണ്ട് ഉണ്ടാക്കിയതെന്ന് പറയാനാവില്ല. ഇത് ആരോഗ്യത്തിന് ഗുണകരമല്ല. ചെറിയ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രായമുള്ളവര്‍ക്കുമൊന്നും ഇത് നല്ല ഭക്ഷണ ശീലമല്ല. നേരത്തെയുള്ള ആര്‍ത്തവ പ്രശ്‌നങ്ങള്‍, അമിത വണ്ണം, പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവക്ക് മൈദയുടെ അമിത ഉപയോഗം കാരണമാകാം. എന്നാല്‍ മൈദയെ പാടെ ഉപേക്ഷിക്കാന്‍ സാധ്യമല്ലെന്നതുകൊണ്ട് തന്നെ ഇതിന്റെ ദൂഷ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. മൈദ കൊണ്ടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കൊപ്പം രണ്ടോ മൂന്നോ ഇരട്ടി പച്ചക്കറികള്‍ കൂടി കഴിക്കാന്‍ അവരെ ശീലിപ്പിക്കണം. റൊട്ടിയാണ് നൂഡില്‍സിനെക്കാള്‍ ആരോഗ്യ പ്രഥമായിട്ടുള്ളത്. നൂഡില്‍സ് പൂര്‍ണമായും സംസ്‌കരിച്ച ഭക്ഷ്യവിഭവമാണ്. രാസ പദാര്‍ഥങ്ങളും അമിത കൊഴുപ്പും ഇതിലടങ്ങിയിട്ടുണ്ട്. അനാരോഗ്യകരമായ ഈ ഭക്ഷ്യ പദാര്‍ഥങ്ങള്‍ ആരോഗ്യപ്രദമായ പച്ചക്കറി വിഭവങ്ങളോടൊപ്പം വളരെ കുറച്ചു മാത്രം കഴിക്കാന്‍ ശീലമാക്കണം.

(ലേഖകന്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ മനശാസ്ത്ര, പാരിസ്ഥിതിക ആരോഗ്യ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.)