Connect with us

Kerala

കൊച്ചി മെട്രോ: ഫ്രഞ്ച് ഏജന്‍സി ആയിരം കോടി രൂപ നല്‍കും

Published

|

Last Updated

തിരുവനന്തപുരം:കൊച്ചി മെട്രോ പദ്ധതിക്ക് ആയിരം കോടി രൂപ വായ്പ നല്‍കാന്‍ ഫ്രഞ്ച് വികസന ഏജന്‍സി സന്നദ്ധത അറിയിച്ചു. രണ്ട് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ഏജന്‍സി ഫോര്‍ ഫ്രാന്‍സ് ഡവലപ്പ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. 20 വര്‍ഷമാണ് വായ്പാ കാലാവധി. ആദ്യ ഒമ്പത് വര്‍ഷം വായ്പക്ക് മൊറോട്ടോറിയം നല്‍കും. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കാമെന്ന് സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും ഇതിന് അംഗീകാരം നല്‍കേണ്ടതുണ്ട്.

5182 കോടി രൂപയാണ് കൊച്ചി മെട്രോയുടെ ആകെ ചെലവ്. ഇതില്‍ 2174 കോടി രൂപയാണ് വായ്പ എടുക്കുന്നത്. സ്ഥലമെടുപ്പിനായി 800 കോടി രൂപ വായ്പ നല്‍കാന്‍ ഹഡ്‌കോ സമ്മതിച്ചിട്ടുണ്ട്. നേരത്തെ ജൈക്കയില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനിച്ചിരുന്നത്. അവരുമായി പ്രാഥമിക ചര്‍ച്ചകളും നടത്തി. കൊച്ചി മെട്രോക്ക് ആവശ്യമായ സാധന സാമഗ്രികള്‍ തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന നിബന്ധന ജൈക്ക മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആവശ്യമായ സാധനങ്ങള്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് വാങ്ങാമെന്നാണ് ഫ്രഞ്ച് ഏജന്‍സിയുടെ നിബന്ധന. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഫ്രഞ്ച് വികസന ഏജന്‍സി അധികൃതര്‍ തിങ്കളാഴ്ച ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തറ വരെയുള്ള പദ്ധതി പ്രദേശവും സംഘം സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്, കൊച്ചി മെട്രോ എം ഡി ഏലിയാസ് ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മെട്രോ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ്, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും വായ്പാ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും സംഘം അറിയിച്ചു.
ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേറ്റീവ് ഏജന്‍സി (ജൈക)യില്‍ നിന്നുള്ള വായ്പയാണ് പ്രധാനമായും പദ്ധതിക്ക് കേരളം പ്രതീക്ഷിക്കുന്നത്. എന്നാല്‍, സാമ്പത്തിക ലഭ്യത സംബന്ധിച്ച് മറ്റു സാധ്യതകള്‍ ആരായാന്‍ നേരത്തെ കെ എം ആര്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ്, എം ഡി ഏലിയാസ് ജോര്‍ജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് വായ്പാ സഹായം തേടിയത്.