Connect with us

Palakkad

പാചകവാതകവിതരണം : ഓപണ്‍ ഫോറത്തില്‍ 26 പരാതികളില്‍ തീര്‍പ്പ്

Published

|

Last Updated

പാലക്കാട്: ജില്ലയിലെ പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട ഓപണ്‍ ഫോറം ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഗ്യാസ് സംബന്ധമായി മുന്‍കൂട്ടി ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ട് ലഭിച്ചതും ജില്ലാ കലക്ടര്‍ മുഖാന്തിരം ലഭിച്ചതും ഉള്‍പ്പെടെ ഉണ്ടായിരുന്ന 26 പരാതികളിന്മേലുളള തീര്‍പ്പ് ജില്ലാ സപ്ലൈ ഓഫീസര്‍ പ്രഖ്യാപിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഉപഭോക്താക്കളില്‍ ഉന്നയിച്ച പരാതികളില്‍ ബന്ധപ്പെട്ട ഏജന്‍സികളുമായും ഓയില്‍ കമ്പനി അധികൃതരുമായും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി. ഗ്യാസ് സിലിണ്ടര്‍ യഥാസമയം വിതരണം ചെയ്യാതിരിക്കുക, ലീക്കിങ് പോലുളള അടിയന്തിര അവസരങ്ങളില്‍ പോലും ഫോണ്‍ വിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ബില്ല് നല്‍കാതിരിക്കുക, സീനിയോറിറ്റി പ്രകാരം സിലിണ്ടറുകള്‍ വിതരണം ചെയ്യാതിരിക്കുക, വാഹന സൗകര്യമുളള സ്ഥലങ്ങളില്‍ പോലും വീടുകളില്‍ സിലിണ്ടര്‍ എത്തിക്കാത്ത അവസ്ഥ, സിലിണ്ടര്‍ തൂക്കി നല്‍കുന്നില്ല .തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കള്‍ കൂടുതലായി ഉന്നയിച്ചത്. മേല്‍ പരാതികള്‍ ഇനിയും ഉണ്ടാകുവാനുളള സാഹചര്യം ഉണ്ടാവരുത് എന്നും നിശ്ചിത സമയത്തിനുളളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാവണമെന്നും ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശിച്ചു. പരാതി പരിഹാരം സുഗമമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ ജില്ലാ കലക്ടറും ഓയില്‍ കമ്പനി പ്രതിനിധികളും ജില്ലാ സപ്ലൈ ഓഫീസറും ഉള്‍പ്പെട്ട കമ്മിറ്റിക്ക് രൂപം നല്‍കിയതായും ആയതിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കുമെന്നും അറിയിച്ചു.
ഓരോ താലൂക്കിലും ഗ്യാസ് ഏജന്‍സി തലത്തില്‍ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ രണ്ട് പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മോണിറ്ററിങ് സെല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ആയതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുവാനും ഈ സമിതികള്‍ സജീവമാകുന്നതോടുകൂടി ഈ രംഗത്തെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ സുതാര്യമായും, സത്വരമായും പരിഹരിക്കാന്‍ സാധിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കെ വൈ സി ഫോറം, സ്മാര്‍ട്ട് കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഓയില്‍ കമ്പനി പ്രതിനിധികള്‍ മറുപടി പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ ടി പി സുമതിക്കുട്ടിയമ്മ, പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ ജി ലീലാമ്മ, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ജയപ്രകാശ്, നവാബ് രാജേന്ദ്രന്‍ ഫൗണ്ടേഷനിലെ ഡോ ജി മാന്നാര്‍ രാധാകൃഷ്ണന്‍, ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി കെ ജയകുമാര്‍, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സി കെ പ്രേംകുമാര്‍, ജനജാഗ്രതാ സമിതി സെക്രട്ടറി ഡോ പി എസ് പണിക്കര്‍, ഉപഭോക്തൃആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എ കെ സുല്‍ത്താന്‍, ബി പി സി എല്‍ എച്ച് പി സി എല്‍, ഐ ഒ സി പെട്രോളിയം കമ്പനി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.