Connect with us

International

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുക എളുപ്പമല്ല: സി ജിന്‍പിംഗ്‌

Published

|

Last Updated

ബീജിംഗ്: ഇന്ത്യയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് അഞ്ചിന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ചൈനയുടെ പുതിയ പ്രസിഡന്റ് സി ജിന്‍പിംഗ്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുക എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് ഹു ജിന്റാവോ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ചിന പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നു. സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനും അന്ന് തീരുമാനിച്ചിരുന്നു. ഹു മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ പുതിയ നേതൃത്വവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആയുധ ഇടപാട്, പരസ്പര നിക്ഷേപം തുടങ്ങിയ മറ്റ് മേഖലകളിലും സൗഹൃദ മനോഭാവം പുലര്‍ത്താനാണ് താത്പര്യമെന്ന് പിംഗ് വ്യക്തമാക്കുന്നു. ഇന്ത്യയുമായി സൗഹാര്‍ദപരമായ ആശയ വിനിമയം നിലനിര്‍ത്തുമെന്നും ക്രമേണ കാലികവും പരസ്പരം അംഗീകരിക്കുന്നതുമായ പരിഹാരത്തിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേ സമയം അതിര്‍ത്തിത്തര്‍ക്കം, നദീജല പ്രശ്‌നങ്ങള്‍, പാക് അധീന കാശ്മീര്‍ തുടങ്ങിയ സങ്കീര്‍ണ വിഷയങ്ങളും ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.
ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള പിംഗിന്റെ ആദ്യ കൂടികാഴ്ച്ച നടക്കും.

Latest