Connect with us

Kerala

ടി പി വധം: ഇന്നോവ കാറില്‍ 29ാം പ്രതി പ്രതി കയറുന്നത് കണ്ടതായി സാക്ഷി മൊഴി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് 4ന് രാത്രി കൊലയാളി സംഘാംഗങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ കേസിലെ 29-ാം പ്രതി അഴിയൂര്‍ കോട്ടാമലക്കുന്ന് കുന്നുമ്മല്‍ കെ പി ദിപിന്‍ (23)കയറുന്നത് കണ്ടതായി സാക്ഷി മൊഴി. പ്രോസിക്യൂഷന്‍ 21-ാം സാക്ഷി ഓര്‍ക്കാട്ടേരി നടേമ്മല്‍ വീട്ടില്‍ ബാബു(52)വാണ് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍ സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കിയത്.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം സംഘം മടങ്ങവെ, രാത്രി പത്തരക്ക് ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് ദിപിന്‍ കാറില്‍ കയറുന്നത് കണ്ടതായി നേരത്തെ പോലീസിന് നല്‍കിയ മൊഴി ബാബു ആവര്‍ത്തിക്കുകയായിരുന്നു. ദിപിനെയും സംഘം സഞ്ചരിച്ച ഇന്നോവ കാറും ബാബു തിരിച്ചറിഞ്ഞു.
സുഹൃത്തിന്റെ ഹൈബോണ്‍”ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് റോഡിലേക്കിറങ്ങവെയാണ് ദിപിനിനെ കണ്ടത്. ടി പി ചന്ദ്രശേഖരനുമായി തനിക്ക് ഒമ്പത് വര്‍ഷത്തെ പരിചയമുണ്ട്. കൊല്ലപ്പെടുന്നതിന് അല്‍പ്പം മുമ്പ് രാത്രി ഓര്‍ക്കാട്ടേരി ബസ് സ്റ്റോപ്പിന് പിറകിലെ പെയിന്റ് കടയുടെ വരാന്തയില്‍ വെച്ച് ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നു. അന്ന് രാത്രി പത്തര മണിയോടെ ഓര്‍ക്കാട്ടേരി ഭാഗത്തു നിന്ന് ദിപിന്‍ നടന്നുവരുന്നത് കണ്ടു. ദിപിനെ മുന്‍പരിചയമുള്ളതിനാല്‍ ലോഹ്യം പറയാമെന്ന് കരുതി അങ്ങോട്ട് ചെല്ലാനൊരുങ്ങിയപ്പോള്‍ ഓര്‍ക്കാട്ടേരി ഭാഗത്ത് നിന്ന് ഒരു ഇന്നോവ കാര്‍ അമിത വേഗത്തിലെത്തി ദിപിന്റെ അടുത്ത് നിര്‍ത്തി. സംസാരിക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ ദിപിന്‍ കെ എല്‍ 18 എ 5964 നമ്പര്‍ ഇന്നോവ കാറില്‍ കയറി. ഏറാമല ഭാഗത്തേക്കാണ് കാര്‍ പോയത്. കാറിന്റെ പിന്‍വശത്തെ ചില്ലില്‍ അറബി അക്ഷരത്തില്‍ എന്തോ എഴുതിവെച്ചിരുന്നു. തേപ്പ് പണിക്കാരനായ താന്‍ ഒരു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തതിനാല്‍ അറബി വായിക്കാനറിയില്ലെങ്കിലും കണ്ടാല്‍ മനസ്സിലാകും.
പിറ്റേ ദിവസമാണ് ടി പി കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞത്. ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തെന്ന് കേട്ട് മെയ് ആറിന് എടച്ചേരി സ്റ്റേഷനില്‍ ചെന്ന് കാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കാറിന്റെ നമ്പര്‍ മാറിയിരുന്നു. കെ എല്‍ 58 ഡി 8744 നമ്പറായിരുന്നു അന്ന് കാറിലെ നമ്പര്‍ പ്ലേറ്റില്‍ കണ്ടത്. തുടര്‍ന്ന് മെയ് 11ന് പോലീസിനെ കണ്ട് ടി പി കൊല്ലപ്പെട്ട രാത്രി കണ്ട കാര്യങ്ങള്‍ വിവരിച്ചെന്നും ബാബു മൊഴി നല്‍കി.
എന്നാല്‍ ബാബുവും അദ്ദേഹത്തിന്റെ മകന്‍ ബിനോയിയും ആര്‍ എം പി പ്രവര്‍ത്തകരായതിനാലാണ് തെറ്റായ മൊഴികള്‍ നല്‍കുന്നതെന്ന് പ്രതി ഭാഗം വാദിച്ചു. ടി പി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി പി എം പ്രാദേശിക നേതാവ് പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കട കത്തിച്ച കേസിലെ പ്രതിയാണ് ബിനോയിയെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ബാബു ഇതെല്ലാം നിഷേധിച്ചു.
പ്രതികളെ തിരിച്ചറിയാന്‍ സാക്ഷികള്‍ ആശയക്കുഴപ്പം നേരിടുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് കോടതി മുറിയില്‍ പ്രതികളെ നിരനിരയായി നിര്‍ത്തിയാണ് വിചാരണ നടന്നത്. കേസില്‍ 22, 23 നമ്പര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ ചൊക്ലി നാരായണന്‍പറമ്പ് ഒളവിലം തണല്‍ വീട്ടില്‍ കെ പി സരീഷ് (29), അഴിയൂര്‍ കല്ലറവത്ത് തെരുവിങ്കല്‍ വീട്ടില്‍ ടി അശോകന്‍(45) എന്നിവരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും കൂറുമാറിയേക്കുമെന്ന് ഭയന്ന് ഇവരെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയായ കൊടി സുനിയും സംഘവും ഇന്നോവയില്‍ കറങ്ങുന്നത് കണ്ടെന്നും സരീഷ് നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. തന്റെ വീടിന്റെ ടെറസ്സിന് മുകളില്‍ ടി പിയെ വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച വാളുകള്‍ കൊണ്ടുവെച്ചുവെന്നത് പറഞ്ഞുകേട്ടതായി ടി അശോകനും പോലീസിനോട് പറഞ്ഞിരുന്നു.
കേസിലെ 41 മുതല്‍ 43 വരെ സാക്ഷികളെ ഇന്ന് വിസ്തരിക്കും.

Latest