Connect with us

Kerala

ഐസ്‌ക്രീം അട്ടിമറി കേസ് : വി എസിന്റെ ആവശ്യം കോടതി തള്ളി

Published

|

Last Updated

കൊച്ചി: ഐസ്‌ക്രീം അട്ടിമറി കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ സമര്‍പ്പിച്ച ഹരജി വേഗം പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഈയാവശ്യമുന്നയിച്ച് വി എസ് സമര്‍പ്പിച്ച പ്രത്യേക ഹരജി ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാതെ മാറ്റി.
കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം എന്താണുള്ളതെന്ന് ഡിവിഷന്‍ ബഞ്ച് ചോദിച്ചു.
ഐസ്‌ക്രീം അട്ടിമറി കേസില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടപടികള്‍ തുടരുകയാണെന്നും പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളും മറ്റും ലഭിക്കുന്നതിന് മുമ്പ് തന്നെ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത് നിയമപരമല്ലെന്നും വി എസിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ഐസ്‌ക്രീം അട്ടിമറി കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണെന്നാവശ്യപ്പെട്ടാണ് വി എസ് ഹരജി സമര്‍പ്പിച്ചത്.
എന്നാല്‍ സി ബി ഐ അന്വേഷണ ഹരജിയില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി തീരുമാനിക്കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം വിവിധ ഘട്ടങ്ങളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് തന്റെ ഹരജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി എസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Latest