Connect with us

National

ഇന്ത്യയും ഈജിപ്തും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

mozaheb20130319132539597ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയുള്‍പ്പെടെ ഏഴ് കരാറുകളില്‍ ഇന്ത്യയും ഈജിപ്തും ഒപ്പുവെച്ചു. ഇന്നലെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറില്‍ ഒപ്പിട്ടത്. യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചര്‍ച്ചാ വേദികളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.
മുര്‍സിയുമായുള്ള കൂടിക്കാഴ്ച സമഗ്രവും ഫലപ്രദവുമായിരുന്നെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ആ രാജ്യവുമായുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതുക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈജിപ്തില്‍ ജനാധിപത്യത്തിന്റെ ഉദയത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, മുര്‍സിക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ഈജിപ്തുമായി സാമ്പത്തിക സഹകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഐ ടി, ഇലക്‌ട്രോണിക്‌സ്, ചെറുകിട ഇടത്തരം വ്യവസായം, ഉത്പാദനം, വളം, പുതുരുത്പാദിപ്പിക്കാവുന്ന ഊര്‍ജം എന്നീ മേഖലകളില്‍ സഹകരിച്ച് നീങ്ങാനും ഇരു രാജ്യങ്ങളും ധാരണയായി.
സാമൂഹികവും സാമ്പത്തികവുമായ വികസന പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖലകളിലും സഹകരിക്കും. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയും ആഫ്രിക്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമെന്ന നിലയില്‍ ഈജിപ്തിന് ഏറെ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മന്‍മോഹന്‍ സിംഗ് കുലീനമായ വ്യക്തിത്വത്തിനുടമയാണെന്ന് പറഞ്ഞ മുര്‍സി, ഇന്ത്യയുമായി വലിയ തോതിലുള്ള സഹകരണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിയോടെയെത്തിയ മുഹമ്മദ് മുര്‍സിക്ക് രാഷ്ട്രപതി ഭവനില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് മുര്‍സിയെ സ്വീകരിച്ചു. മൂന്ന് ദിവസം ഇന്ത്യയില്‍ ചെലവഴിക്കുന്ന മുര്‍സി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഹുസ്‌നി മുബാറക്കിന്റെ നേതൃത്വത്തിലുള്ള 30 വര്‍ഷത്തെ ഭരണത്തിന് അറുതി കുറിച്ചാണ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ അധികാരത്തിലേറിയത്. അറബ് വസന്തം എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭത്തിനൊടുവിലാണ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയത്.

Latest