Connect with us

Editorial

അറബ് തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം

Published

|

Last Updated

തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം  ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഖത്തറും ഊര്‍ജിതമാക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാറിനോ സ്വദേശികള്‍ക്കോ പങ്കാളിത്തമുള്ള മുഴുവന്‍ കമ്പനികളിലെയും ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍ തസ്തികയില്‍ സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ മുല്ല കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുകയുണ്ടായി. സ്വകാര്യ കമ്പനികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആവശ്യമായി വരുന്ന തൊഴിലാളികളുടെ എണ്ണം അറിയിക്കാനും നിര്‍ദേശമുണ്ട്. സ്വകാര്യ കമ്പനികള്‍ 20 ശതമാനം ജോലി സ്വദേശികള്‍ക്ക് നീക്കിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഉത്തരവ് ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും മിക്ക കമ്പനികളും ഇത് പാലിക്കുന്നില്ലെന്നും അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹൂസൈന്‍ അല്‍മുല്ല മുന്നറിയിപ്പ് നല്‍കി.

സഊദി, ഒമാന്‍, യു എ ഇ തുടങ്ങി മുഴുവന്‍ അറബ് രാജ്യങ്ങളും സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. ചില മേഖലകള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി മാറ്റിവെക്കുകയും മറ്റു മേഖലകളില്‍ സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം സംവരണം ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയുമാണ് അറബ് നാടുകള്‍ വിദേശികളുടെ സാന്നിധ്യം കുറച്ചുകൊണ്ടിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ ഇഖാമ (റസിഡന്റ് പെര്‍മിറ്റ്) പുതുക്കാനുള്ള ഫീസ് 2400 റിയാലായി (ഏകദേശം 35000 രൂപ) ഉയര്‍ത്തിയ സഊദി അറേബ്യയുടെ തീരുമാനം ഉദാഹരണം. വര്‍ഷം തോറും ഈയിനത്തില്‍ ഇത്രയും വലിയൊരു സംഖ്യ ചെലവഴിക്കാന്‍ നാനൂറും അഞ്ഞൂറും റിയാല്‍ വേതനം പറ്റുന്ന സാധാരണ തൊഴിലാളികള്‍ക്ക് പ്രയാസം. ഇക്കാരണത്താല്‍ പ്രവാസം ജീവിതം അവസാനിപ്പിച്ചവര്‍ നിരവധിയാണ്.
കൂവൈത്തില്‍ വിസിറ്റിംഗ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന സമ്പ്രദായം അടുത്തിടെ നിര്‍ത്തലാക്കുകയുണ്ടായി. വിസ മാറ്റത്തിന്റെ മറവില്‍ തൊഴിലില്‍ പ്രാവീണ്യമില്ലാത്തവരെ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും വിദേശ തൊഴിലാളികളെ നിയന്ത്രിക്കുയാണ് യഥാര്‍ഥ ലക്ഷ്യം. കുവൈത്തിലേക്ക് നേരിട്ട് തൊഴില്‍വിസ ലഭിക്കുക പ്രയാസമായതിനാല്‍ വിസിറ്റിംഗ് വിസയെടുത്ത് അവിടെയെത്തിയ ശേഷം തൊഴില്‍ വിസയിലേക്ക് മാറുകയായിരുന്നു മിക്കപേരും. ആ സൗകര്യം നിര്‍ത്തിയതോടെ അവിദഗ്ധ തൊഴിലാളികള്‍ക്ക് കുവൈത്ത് അപ്രാപ്യമായിക്കഴിഞ്ഞു.
ഒമാനില്‍ വിദേശി സ്വദേശി അനുപാതം 33:77 ആയി നിജപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. വിദേശികള്‍ ഒമാനികളുടെ പേരില്‍ ലൈസന്‍സെടുത്ത് സ്ഥാപനങ്ങള്‍ നടത്തി ലാഭം മുഴുവന്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത് തടയുക, വിദേശികള്‍ക്ക് തൊഴില്‍ ക്ലിയറന്‍സ് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുക, കമ്പനി രജിസ്റ്റ്രേഷന്‍ നിയമങ്ങളില്‍ മാറ്റം തുടങ്ങിയവയാണ് മറ്റു ശിപാര്‍ശകള്‍.
തൊഴിലിന് ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ അറബ് നാടുകളെ ഉറ്റുനോക്കിയിരുന്ന കാലമവസാനിച്ചെന്നും നിലവില്‍ അവിടെ ജോലി ചെയ്യുന്ന പ്രവാസി മലയാളിയുടെ ഭാവി തന്നെ ശുഭകരമല്ലെന്നുമാണ് മേല്‍ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 30 ലക്ഷത്തോളം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ മിക്കവാറും അവിദഗ്ധ തൊഴിലാളികളും തുച്ഛമായ ശമ്പളം പറ്റുന്നവരുമാണ്. നാട്ടില്‍ മാന്യമായൊരു തൊഴില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവരില്‍ മഹാഭൂരിഭാഗവും സ്വന്തം കുടംബത്തില്‍ നിന്നകന്നും പ്രതികൂല കാലാവസ്ഥയോട് മല്ലിട്ടും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്. മികച്ച നേട്ടമാണ് അവരുടെ പ്രവാസി ജീവിതം വഴി സംസ്ഥാനത്തിനും മൊത്തം രാഷ്ട്രത്തിനും കൈവരുന്നത്. കേരളത്തിന്റെ മൊത്ത നിക്ഷേപത്തില്‍ ഇരുപത്തഞ്ച് ശതമാനവും പ്രവാസികളുടെ വകയാണെന്ന് ബജറ്റിന്റെ മുന്നോടിയായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കാണാനോ കര്‍ക്കശമാക്കിയ തൊഴില്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിന് അറബ് ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്താനോ നമ്മുടെ ഭരണകൂടങ്ങള്‍ മുന്നോട്ട് വരുന്നില്ലെന്നതാണ് ദുഃഖകരം. ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികള്‍ രാജ്യത്തിന് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ വികസന സമിതി യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ പ്രസ്താവനക്കപ്പുറം ഇക്കാര്യത്തില്‍ തുടര്‍ ചലനങ്ങളൊന്നുമുണ്ടായില്ല. അറബ് നാടുകളില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.

---- facebook comment plugin here -----

Latest