ഇറാഖില്‍ സ്‌ഫോടനപരമ്പര; മരണം 70 ആയി

Posted on: March 19, 2013 1:24 pm | Last updated: March 20, 2013 at 6:36 pm
SHARE

iraq blast

ബഗ്ദാദ്: ബഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. 160 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ഒമ്പത് കാര്‍ ബോംബ് സ്‌ഫോടനങ്ങളും പാതയോര സ്‌ഫോടനങ്ങളും ചാവേറാക്രമണങ്ങളുമാണ് ഉണ്ടായത്. ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കി യു എസ് അധിനിവേശം നടത്തിയതിന്റെ പത്താം വാര്‍ഷികത്തിനിടെയായിരുന്നു ആക്രമണ പരമ്പര അരങ്ങേറിയത്. ശിയ മേഖലയിലായിരുന്നു സ്‌ഫോടനങ്ങള്‍.
ബഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. നഗരത്തിന് തെക്ക് ശിയകള്‍ക്ക് ആധിപത്യമുള്ള മേഖലയിലെ ഒരു പോലീസ് താവളത്തിന് നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് ചാവേര്‍ ആക്രമണം നടത്തിയിട്ടുള്ളത്.
‘ഡ്രൈവ് ചെയ്യുന്നതിനിടെ കാര്‍ കുലുങ്ങി. ചുറ്റും പുക ഉയരുന്നതും കണ്ടു. രണ്ട് ശരീരങ്ങള്‍ നിലത്ത് കിടക്കുന്നു, ആളുകള്‍ ഉച്ചത്തില്‍ നിലവിളിച്ച് പരക്കം പായുന്നുമുണ്ടായിരുന്നു’- സ്‌ഫോടനം നടന്ന സദര്‍ സിറ്റിയിലെ ടാക്‌സി ഡ്രൈവര്‍ അല്‍ റാദി പറഞ്ഞു.
സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഈ വര്‍ഷമാദ്യം ശിയാ മേഖലകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാന്‍ അല്‍ഖാഇദ പദ്ധതിയിടുന്നതായി വിവരങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മധ്യ ബഗ്ദാദിലെ നീതിന്യായ മന്ത്രാലയത്തിന് നേരെ ചാവേറാക്രമണം നടന്നിരുന്നു. സംഭവത്തില്‍ 25ഓളം പേര്‍ കൊല്ലപ്പെട്ടു. അല്‍ഖാഇദയുമായി ബന്ധപ്പെട്ട സംഘമായിരുന്നു ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.