Connect with us

Kozhikode

മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

Published

|

Last Updated

വടകര: ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. നാദാപുരം റോഡില്‍ പുളിയേരന്‍വിട ലക്ഷം വീട് കോളനിയില്‍ റഹീസ് (28)നെയാണ് കോഴിക്കോട് എക്‌സൈസ് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് ടി കെ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റഹീസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 30 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. 270 പാക്കറ്റുകളിലായി വില്‍പ്പനക്കായി തയ്യാറാക്കി വച്ചതായിരുന്നു ഇത്. മാര്‍ക്കറ്റില്‍ ഇതിന് മൂന്ന് ലക്ഷം രൂപയോളം വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപത്ത്‌വെച്ച് വടകര റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയ്‌നാസ് ഹൗസില്‍ സുനീറിനെ ബ്രൗണ്‍ഷുഗറുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഹീസ് കൂടി വലയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബ്രൗണ്‍ഷുഗര്‍ മൊത്തക്കച്ചവടം ചെയ്യുന്നത് റഹീസാണെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. മുംബൈയില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നത്. പ്രതിയെ ഇന്ന് വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കും. പരിശോധനക്ക് നാക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലിം, ഇന്‍സ്‌പെക്ടര്‍ ആര്‍ എം ബൈജു നേതൃത്വം നല്‍കി.