കരമണല്‍ ഖനനം നാട്ടുകാര്‍ തടഞ്ഞു; സംഘര്‍ഷം

Posted on: March 19, 2013 12:37 pm | Last updated: March 19, 2013 at 12:37 pm
SHARE

പയ്യോളി: ഇരിങ്ങല്‍ അറുവയില്‍ പ്രദേശത്ത് കരമണല്‍ ഖനനം നാട്ടുകാര്‍ തടഞ്ഞത് നാട്ടുകാരും മണലെടുക്കാന്‍ വന്നവരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. പോലീസിന്റെയും റവന്യൂ അധികാരികളുടെയും സാന്നിധ്യമുണ്ടായിട്ടും കലക്ടറുടെ സ്റ്റോപ്പ് മെമ്മോ ഉത്തരവ് ലംഘിച്ച് മണലെടുപ്പ് തുടര്‍ന്നതാണ് പ്രദേശത്തുകാരെ പ്രകോപിപ്പിച്ചത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു സംഘം പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കൊയിലാണ്ടി തഹസില്‍ദാര്‍ ഖനനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും മണല്‍ കയറ്റിയ ടിപ്പര്‍ ലോറി പിടിച്ചെടുക്കുകയും ചെയ്തു. ഇത് പിന്നീട് പോലീസിന് കൈമാറി. എന്നാല്‍ പോലീസ് ലോറി വിട്ടുനല്‍കിയത് പ്രതിഷേധത്തിനിടയാക്കി.
ഇരിങ്ങല്‍ വില്ലേജിലെ അറുവയില്‍ പ്രദേശത്തെ പനയുള്ളതില്‍ ബാബുവിന്റെ മൂന്നര ഏക്കര ഭൂമിയില്‍ നിന്നാണ് മണലെടുപ്പ്. കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ നിന്ന് മണലെടുത്തുവരികയായിരുന്നു. പ്രദേശത്തെ യുവാക്കള്‍ക്ക് ജോലിസാധ്യതയുള്ള ഒരു പദ്ധതിക്ക് വേണ്ടിയാണ് മണല്‍ നീക്കുന്നത് എന്നായിരുന്നു ആദ്യ വിശദീകരണം.
എന്നാല്‍ അഞ്ചര അടി താഴ്ചയില്‍ ഏക്കറുകളോളമുള്ള ഭൂമിയില്‍ മണലെടുപ്പ് തുടര്‍ന്നതോടെ നാട്ടുകാരില്‍ സംശയമുണ്ടാകുകയും ചോദ്യം ചെയ്യുകയ്യും ചെയ്തു. മാത്രമല്ല പ്രദേശത്ത് പാരിസ്ഥിതി പ്രശ്‌നങ്ങളും അനുഭവപ്പെടാന്‍ തുടങ്ങി.
വീടുകള്‍ക്ക് വിള്ളലുണ്ടാകുകയും കിണറിലെ ജലം വറ്റുകയും നിറവിത്യാസം അനുഭവപ്പെടുകയും ചെയ്തതോടെ കരമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ഇതിനകം ആറ് കോടി രൂപയുടെ മണല്‍ വിറ്റഴിച്ചതായി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.
ഒരു വര്‍ഷത്തേക്ക് മണല്‍ ഖനനം നടത്തുന്നതിന് ജിയോളജി വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയതായി പറയുന്നു. എന്നാല്‍ പാരിസ്ഥിതിക ഭീഷണി നേരിടുന്നത് കൊണ്ട് പ്രദേശവാസികള്‍ വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥയാണുള്ളത്. ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നേരത്തെ താത്കാലികമായി മണലെടുപ്പ് നിരോധിച്ചുകൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഇത് കാറ്റില്‍ പറത്തിയാണ് പ്രദേശത്ത് മണല്‍ ലോബി പിടിമുറുക്കിയിരിക്കുന്നത്. റവന്യൂ അധികൃതര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി സ്വാധീനിച്ചാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. തഹസില്‍ദാര്‍ പിടിച്ചെടുത്ത് പോലീസിന് കൈമാറിയ മണലും ലോറിയും പോലീസ് വിട്ടുകൊടുത്തതില്‍ ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഭൂമിയില്‍ ആറ് മീറ്ററില്‍ മാത്രമെ കുഴിയെടുക്കാവൂ എന്നാണ് ജിയോളജി വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഇവിടെ ഇപ്പോള്‍തന്നെ അഞ്ചര മീറ്ററിലധികം താഴ്ചയില്‍ മണലെടുത്ത് കഴിഞ്ഞുവെന്ന് ഇരിങ്ങല്‍ വില്ലേജ് ഓഫീസര്‍ ജിയോളജി വകുപ്പിനും കലക്ടര്‍ക്കും റിപ്പോര്‍ട്ടും നല്‍കിയതായി അറിയുന്നു.
എന്നാല്‍ അറുവയില്‍ പ്രദേശത്തെ മണല്‍ ഖനനം അനധികൃതമല്ലെന്നാണ് പോലീസ് പറയുന്നത്. നിയമപരമായ എല്ലാവിധരേഖകളോടും കൂടിയാണ് മണല്‍ എടുത്തതെന്നും അതിനാലാണ് മണല്‍ ലോറി വിട്ടുകൊടുത്തതെന്നും പോലീസ് അറിയിച്ചു. സംഘര്‍ഷം ഒഴിവാക്കാനാണ് ലോറി പിടിച്ചെടുത്തത്. ജിയോളജി വകുപ്പിന്റെ അനുമതി ജില്ലാ കലക്ടര്‍ക്ക് താത്കാലികമായി നിരോധിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
അനധികൃത മണല്‍ ഖനനം നടക്കുന്ന ഇരിങ്ങല്‍ അറുവയില്‍ പ്രദേശം ഇന്ന് കാലത്ത് സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിക്കും. ആക്ഷന്‍ കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ടി പി എത്തുന്നത് എന്നാണ് അറിയുന്നത്.