Connect with us

Ongoing News

യു പി എ ക്കുള്ള പിന്തുണ ഡി എം കെ പിന്‍വലിച്ചു;പുറത്തുനിന്നും പിന്തുണക്കില്ല

Published

|

Last Updated

ചെന്നൈ: ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കരുണാനിധിയുടെ ഡി എം കെ യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. സര്‍ക്കാറിനെ പുറത്തുനിന്നുപോലും പിന്തുണക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അധ്യക്ഷന്‍ കരുണാനിധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി എം കെ യുടെ 5 മന്ത്രിമാരും ഇന്നോ നാളെയോ രാജിവെക്കുമെന്നും കരുണാനിധി അറിയിച്ചു. 18 എം പി മാരുള്ള ഡി എം കെ പിന്തുണ പിന്‍വലിച്ചതോടെ 230 അംഗങ്ങളായി ചുരുങ്ങുന്ന യു പി എ സര്‍ക്കാര്‍ ന്യൂനപക്ഷമാവും.
ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കരുണാനിധി പറഞ്ഞു. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ തമിഴര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും കരുണാനിധി ആരോപിച്ചു.

ഈ വിഷയത്തില്‍ എ കെ ആന്റണി, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ ഇന്നലെ കരുണാനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ശ്രീലങ്കയെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ കരുണാനിധി ഉറച്ചുനില്‍ക്കുകയായിരുന്നു. ശ്രീലങ്കന്‍ ഭരണകൂടം നടത്തിയ വംശഹത്യയാണ് പുലിവേട്ടയെന്ന് കരുണാനിധി പറഞ്ഞിരുന്നു.

എം കെ അഴകിരി, എസ് പളനിമാണിക്യം, ഡി നെപ്പോളിയന്‍, എസ് ജഗദ്രാക്ഷന്‍, എസ് ഗാന്ധിസെല്‍വന്‍ എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലെ ഡി എം കെ മന്ത്രിമാര്‍