റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറക്കാന്‍ തീരുമാനം

Posted on: March 19, 2013 11:21 am | Last updated: March 20, 2013 at 10:15 am
SHARE

RBI-logo_2

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറക്കാന്‍ റിസര്‍വ് ബേങ്കിന്റെ ധനനയാവലോകന യോഗം തീരുമാനിച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. അത് നാല് ശതമാനമായി തുടരും.
റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്നും 7.50 ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 6.50 ആയുമാണ് ആര്‍ ബി ഐ കുറച്ചത്. ഇതിലൂടെ 18,000 കോടി രൂപ വിപണിയില്‍ അധികമായി എത്തുമെന്നാണ് അനുമാനം. ആര്‍ ബി ഐ ബേങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പക്കുള്ള നിരക്കാണ് റിപ്പോ. ബേങ്കുകള്‍ തങ്ങളുടെ കൈവശമുള്ള പണം ആര്‍ ബി ഐയില്‍ സൂക്ഷിക്കുന്നതിന് ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
മൊത്തവില സൂചികയും ഭക്ഷ്യസാധന വിലയും ഉയര്‍ന്നുതന്നെ തുടരുകയും കറണ്ട് അക്കൗണ്ട് കമ്മി ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ സാധ്യമല്ലെന്നാണ് ആര്‍ ബി ഐ നിലപാട്.
ധനനയ പ്രഖ്യാപനം വന്നതോടെ ഇടിയാന്‍ തുടങ്ങിയ ബി എസ് ഇ സെന്‍സെക്‌സ് , യു പി എ യില്‍ നിന്നും ഡി എം കെ പിന്മാറാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തു വന്നതോടെ ഏതാണ്ട് 300 പോയ്ന്റ് ഇടിഞ്ഞു.