ലംപാര്‍ഡ്, മെസി, ബലോടെല്ലി തകര്‍ത്തു

Posted on: March 19, 2013 8:46 am | Last updated: March 19, 2013 at 8:54 am
SHARE
Chelsea+v+West+Ham+United+-+Premier+League
വെസ്റ്റ്ഹാമിനെതിരെ ലാംപാര്‍ഡിന്റെ മുന്നേറ്റം

ലണ്ടന്‍: ചെല്‍സി ജഴ്‌സിയില്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഇരുനൂറാം ഗോള്‍ തികച്ച മത്സരത്തില്‍, ചെല്‍സി 2-0ന് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി. പത്തൊമ്പതാം മിനുട്ടിലായിരുന്നു ലംപാര്‍ഡ് ഗോളടിയില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 202 ഗോളുകള്‍ നേടിയ ബോബി ടാംബ്ലിംഗിന്റെ റെക്കോര്‍ഡ് ഈ സീസണില്‍ തന്നെ ലംപാര്‍ഡ് മറികടന്നേക്കും. സീസണില്‍ ഇതുവരെ പന്ത്രണ്ട് ഗോളുകളാണ് ലംപാര്‍ഡ് നേടിയത്. സീസണ്‍ അവസാനിക്കുന്നതോടെ കരാര്‍ പൂര്‍ത്തിയാകുന്ന ലംപാര്‍ഡിന് ചെല്‍സി പുതിയ കരാര്‍ ഓഫര്‍ ചെയ്തിട്ടില്ല. 1995 മുതല്‍ 2001 വരെ വെസ്റ്റ് ഹാം താരമായിരുന്ന ലംപാര്‍ഡ് ചെല്‍സിക്കായി ഗോള്‍ നേടിയപ്പോള്‍ ഗാലറിയില്‍ നിന്ന് കോയിന്‍ ഏറ് വന്നു. ലംപാര്‍ഡിന് പരുക്കേറ്റില്ലെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. റെക്കോര്‍ഡിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടീം ജയിക്കുന്നതാണ് പ്രധാനമെന്നും ലംപാര്‍ഡ് പറഞ്ഞു. രണ്ടാം ഗോള്‍ നേടിയ എദെന്‍ ഹസാദ് യൂറോപ്യന്‍ ഫുട്‌ബോളില്‍ തിളങ്ങാനിരിക്കുന്നതേയുള്ളൂവെന്ന് ലംപാര്‍ഡ് പ്രശംസിച്ചു.
ഫുള്‍ഹാം 1-0ന് ടോട്ടനത്തെ അട്ടിമറിച്ചു.

പതിനെട്ടാം മത്സരത്തിലും
മെസിക്ക് ഗോള്‍
ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ തുടരെ പതിനെട്ടാം മത്സരത്തിലും ലയണല്‍ മെസി സ്‌കോര്‍ ചെയ്തു. ബാഴ്‌സലോണ 3-1ന് റയോ വാള്‍കാനോയെ തോല്‍പ്പിക്കുകയും ചെയ്തു. ഇരുപത്തഞ്ചാം മിനുട്ടില്‍ ഡേവിഡ് വിയക്ക് ഗോളവസരമൊരുക്കിയത് മെസിയായിരുന്നു. നാല്‍പതാം മിനുട്ടില്‍ വിയ രണ്ടാം ഗോള്‍ നേടി. അമ്പത്തേഴാം മിനുട്ടിലായിരുന്നു മെസിയുടെ ഗോള്‍. ലീഗില്‍ മെസിയുടെ 42താം ഗോള്‍. സീസണില്‍ ആകെ ഗോള്‍ നേട്ടം 56ലെത്തി. ലാ ലിഗയില്‍ മെസി മൊത്തം നേടിയ ഗോള്‍ 211ലെത്തി.
ലീഗില്‍ പത്ത് മത്സരങ്ങള്‍ അവശേഷിക്കെ പതിമൂന്ന് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ബലോടെല്ലി ഗോളില്‍ മിലാന്‍
മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ സി മിലാന്‍ 2-0ന് പാലെര്‍മോയെ തോല്‍പ്പിച്ചു. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബലോടെല്ലിയാണ് രണ്ട് ഗോളുകളും നേടിയത്. നാപോളി 3-2ന് അറ്റ്‌ലാന്റയെ മറികടന്നു. ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി രണ്ട് ഗോളുകള്‍ നേടി. ഗോരന്‍ പാന്‍ഡെവാണ് മറ്റൊരു സ്‌കോറര്‍. ലീഗില്‍ ഒമ്പത് മത്സരങ്ങള്‍ ശേഷിക്കെ ജുവെന്റസ് ഒമ്പത് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ എ എസ് റോമ 2-0ന് പാര്‍മയെ തോല്‍പ്പിച്ചു.

രണ്ട് ഗോള്‍ ലീഡ് പി എസ് ജി നഷ്ടമാക്കി
പാരിസ്: ഫ്രഞ്ച് ഫസ്റ്റ് ലീഗില്‍ പി എസ് ജി 2-2ന് സെയിന്റ് എറ്റിനെയുമായി സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു പി എസ് ജി സമനില വഴങ്ങിയത്. ബെക്കാം തുടക്കം മുതല്‍ പി എസ് ജി നിരയിലുണ്ടായിരുന്നു. സ്ലാറ്റന്‍ ഇബ്രാഹിമോവിച് ഒമ്പതാം മിനുട്ടിലും പത്തൊമ്പതാം മിനുട്ടിലും പി എസ് ജിയെ മുന്നിലെത്തിച്ചു. മുപ്പത്തേഴാം മിനുട്ടില്‍ അലെക്‌സിന്റെ സെല്‍ഫ് ഗോളില്‍ പി എസ് ജി ആദ്യ ഗോള്‍ വഴങ്ങി. എഴുപത്തിരണ്ടാം മിനുട്ടില്‍ ഫ്രാങ്കോയിസ് സമനില നേടി.
അയാക്‌സിന് ജയം
ആംസ്റ്റര്‍ഡം: ഡച്ച് ഒന്നാം ഡിവിഷന്‍ ഫുട്‌ബോളില്‍ അയാക്‌സ് ആംസ്റ്റര്‍ഡം 3-2ന് അല്‍ക്മാറിനെ മറികടന്നു. 3-1ന് പിറകില്‍ നിന്ന അല്‍ക്മാര്‍ അമേരിക്കന്‍ സ്‌ട്രൈക്കര്‍ ജോസി അല്‍ട്ടിഡോറിന്റെ ഗോളില്‍ പ്രതീക്ഷ നിലനിര്‍ത്തി. സീസണില്‍ അല്‍റ്റിഡോറിന്റെ ഇരുപത്തഞ്ചാം ഗോളായിരുന്നു ഇത്. 2009ന് ശേഷം ആദ്യമായിട്ടാണ് അയാക്‌സ് അല്‍ക്മാറിനെ തോല്‍പ്പിക്കുന്നത്.