ഈ ഇരുപത്തെട്ട് ചെറുപ്പക്കാര്‍

  Posted on: March 19, 2013 7:46 am | Last updated: March 20, 2013 at 3:53 pm
  SHARE

  malabarകൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ വല തുരന്ന് സ്വന്തം വീട്ടിലെത്തിയ നാട്ടില്‍ തന്നെ ചെയ്ത തെറ്റ് എന്തെന്നറിയാതെ വിവിധ ജയിലുകളില്‍ ആയിരങ്ങള്‍ വെളിച്ചം കാണാതെ കിടക്കുന്നു. മുസ്‌ലിംകളും ദളിതുകളുമാണ് ഭരണകൂടം തീര്‍ത്തുവെച്ച നുണ ബോംബുകള്‍ കാരണം ഇരുട്ടറയില്‍ കഴിയുന്നത്. അതില്‍ മലബാറില്‍ നിന്നു മാത്രം 28 പേരുണ്ട്. സ്വന്തം ജനതയെ ശത്രുക്കളായി കണ്ടു അവരുടെ കൈക്ക് വിലങ്ങ് തീര്‍ക്കുന്നവര്‍ എന്തെങ്കിലും ചോദിച്ചാല്‍ പറയും: നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമം നിയമത്തിന്റെ വഴിക്ക് മാത്രം പോകുകയും നീതിയുടെ വഴിക്ക് പോകാതിരിക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.
  man-in-prison-behind-bars-jailകേരളത്തെ പിടിച്ചു കുലുക്കിയ ഫ്രഞ്ച് ചാരക്കേസിലെ പ്രതികളായിരുന്നു ഗോവക്കാരനായ ക്യാപ്റ്റന്‍ എസ് എം ഫുട്ടാര്‍ഡോ, ഫ്രഞ്ച് പൗരന്‍മാരായ ഫ്രാന്‍സിസ് ഗ്ലോവെല്‍, എല്ലിഫിലിപ്പ് എന്നിവര്‍. ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രി കെ വി തോമസിനേയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഈ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വെറുതെയല്ല, കാരണമുണ്ടായിരുന്നു. അത്യാവശ്യമായി നാട്ടില്‍ പോകണമായിരുന്നു ഇവര്‍ക്ക്. പ്രതികളുടെ രണ്ട് സുഹൃത്തുക്കളില്‍ ഒരാളുടെ കാല്‍മുട്ടിനും മറ്റൊരാള്‍ക്ക് ക്യാന്‍സറിനും ഓപ്പറേഷനാണ്. ഇവരെ നാട്ടില്‍ പോയി കാണണം. ജാമ്യം ലഭിച്ച ഫ്രാന്‍സിസ് ഗ്ലോവെലും എല്ലിഫിലിപ്പും സുഹൃത്തുക്കളെ കാണാന്‍ ഫ്രാന്‍സിലേക്ക് പോയി. എസ് എം ഫുട്ടാര്‍ഡോ ഗോവ വഴി പിന്നീട് വിദേശത്തേക്കു കടന്നു. പിന്നീടിതുവരെ ഇവരെ കാണാന്‍ പോലും കിട്ടിയിട്ടില്ല.
  കോടികള്‍ ഒഴുകിയ ബോഫേഴ്‌സ് കേസിലെ ഇടനിലക്കാരനായിരുന്നു ഇറ്റലിക്കാരനായ ക്വത്‌റോച്ചി. നാട്ടില്‍ പോകാന്‍ ക്വത്‌റോച്ചിയും കാരണങ്ങള്‍ നിരത്തി. കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാടും സ്വീകരിച്ചു. 1993 ല്‍ ക്വത്‌റോച്ചി ഇന്ത്യ വിട്ടു. അദ്ദേഹവും തിരിച്ചുവന്നില്ല ഇതുവരെ. ഭോപാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു വാറന്‍ ആന്‍ഡേഴ്‌സണ്‍. നിയമനടപടി നേരിട്ട ആന്‍ഡേഴ്‌സണ്‍ അറസ്റ്റ് ചെയ്യില്ലെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ എത്തിയത്. എത്തിയ ഉടന്‍ ജാമ്യത്തിന് അപേക്ഷിച്ചു. ജാമ്യം ലഭിച്ച് ഇന്ത്യ വിട്ട ആന്‍ഡേഴ്‌സനും പിന്നെ തിരിച്ചു വന്നില്ല.
  ക്വത്‌റോച്ചി മുങ്ങിയതോടെ ബോഫോഴ്‌സ് കേസ് അന്വേഷണം മുടങ്ങി. ഫ്രഞ്ച് പൗരന്‍മാര്‍ ഇന്ത്യ വിട്ടതോടെ ഫ്രഞ്ച് ചാരക്കേസിന്റെയും വഴി മുട്ടി. ആന്‍ഡേഴ്‌സണ്‍ പോയതോടെ ഭോപാലില്‍ വിഷപ്പുക ശ്വസിച്ച ആയിരങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ഇത്രയൊക്കെയായിട്ടും ഭരണകൂടവും നീതിപീഡവും ഒന്നും പഠിച്ചില്ല. അവര്‍ മുമ്പ് ചെയ്തത് വീണ്ടും ചെയ്തു. ആ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു. അങ്ങനെ ഇറ്റാലിയന്‍ നാവികര്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ഇനി അവര്‍ തിരിച്ചുവരില്ലത്ര. അവരിനി വരില്ലെന്ന് ഇറ്റലി ഇന്ത്യയോട് പറഞ്ഞിരിക്കുന്നു.
  ഇറ്റലിയുടെ നിലപാടിനെതിരെ നാട്ടില്‍ പ്രതിഷേധമുണ്ട്. ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത് മുതല്‍ ഇറ്റലിയുടെ ഭൂപടത്തില്‍ കെ എസ് യുക്കാര്‍ കരി ഓയില്‍ ഒഴിച്ചതുവരെ… അങ്ങനെ നാവികരെ സഹായിച്ചവരും അമളി പറ്റിയവരുമൊക്കെ ഇന്ന് പ്രതിഷേധത്തിലാണ്. ഗോവക്കാരനായ ക്യാപ്റ്റന്‍ എസ് എം ഫുട്ടാര്‍ഡോയും ഫ്രഞ്ച് പൗരന്‍മാരായ ഫ്രാന്‍സിസ് ഗ്ലോവെലും എല്ലിഫിലിപ്പും പിന്നെ ഇറ്റലിക്കാരനായ ക്വത്‌റോച്ചിയും ആന്‍ഡേഴ്‌സണും ഈ നിരയിലെ പുതുമുഖങ്ങളായ ഇറ്റാലിയന്‍ നാവികരും തെറ്റ് ചെയ്തിട്ടുണ്ട്. തെറ്റുകാരെന്ന ബോധ്യം അവര്‍ക്കുമുണ്ട്. പക്ഷേ അവരെല്ലാം ഇപ്പോള്‍ സ്വന്തം വീട്ടുലാണ്.
  തെറ്റുകാരായിട്ടും ശിക്ഷിക്കപ്പെടാതെ ഇവരൊക്കെ കഴിയുമ്പോള്‍ ബംഗളൂരുവിലേയും ബല്‍ഗാമിലേയും അഹമ്മദാബാദിലേയും കോയമ്പത്തൂരിലേയും ജയിലുകളില്‍ കഴിയുകയാണ് മലബാറിലെ 28 ചെറുപ്പക്കാര്‍. തെറ്റ് ചെയ്തതിനല്ല; എന്തിനാണ് പിടിക്കപ്പെട്ടത് എന്നുപോലും അറിയാതെ. ഒരു കോടതിയുടെ നീതിയും ലഭിക്കാതെ. എന്താണ് ചെയ്ത തെറ്റ്? എന്താണ് തങ്ങളുടെ മേലുള്ള കുറ്റം? എന്ന് പുറത്തിറങ്ങും ഈ ഇരുട്ടറയില്‍ നിന്ന്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇവര്‍ക്ക് ഉത്തരമില്ല. ഉത്തരം പറയാന്‍ കഴിയുന്നവരാകട്ടെ ഇതൊന്നും കേള്‍ക്കുന്നുമില്ല. നിയമം നിയമത്തിന്റെ വഴിക്ക്…. ഇറ്റലിക്കാരും ഫ്രഞ്ചുകാരനും അമേരിക്കക്കാരനും രാജ്യം വിടുമ്പോള്‍ മലപ്പുറത്തേയും പാലക്കാട്ടേയും കണ്ണൂരിലേയും കോഴിക്കോട്ടേയും ചെറുപ്പക്കാര്‍ക്ക് നീതി ലഭിക്കാത്തതെന്ത്? ഇന്ത്യക്കാരനായതാണോ ഇവര്‍ക്കൊക്കെയുള്ള കുഴപ്പം? ഇവിടെ വിദേശിക്ക് ലഭിക്കുന്ന നീതിയും പരിഗണനയും സ്വന്തം നാട്ടുകാര്‍ക്കില്ലേ?
  പരപ്പനങ്ങാടി പുത്തന്‍പീടികയിലാണ് കൊണിയത്തു വീട്ടില്‍ സക്കരിയ്യയുടെ വീട്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് സക്കരിയ്യ മൊബൈല്‍ മെക്കാനിക്ക് പഠിച്ചത്. പഠനത്തിന് ശേഷം കൊണ്ടോട്ടിയിലെ ഇലക്ട്രിക് കടയില്‍ ജോലിക്ക് നിന്നു. വീട്ടില്‍ നിന്നുള്ള ദൂരവും രണ്ട് ബസ് കയറിയിറങ്ങേണ്ട ബുദ്ധിമുട്ടും കാരണം 40 ദിവസത്തിന് ശേഷം ആ കടയില്‍ നിന്നിറങ്ങി. പിന്നീട് ബന്ധുവായ സുഹൃത്ത് വഴി തിരൂരിലെ മറ്റൊരു കടയില്‍ ജോലിക്ക് നിന്നു. ഒരു ദിവസം കടയില്‍ നിന്നും അസര്‍ നിസ്‌കാരത്തിനായി പുറത്തിറങ്ങിയതായിരുന്നു സക്കരിയ്യ. കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 5ന്. മഫ്ത്തിയിലെത്തിയ മൂന്ന് പോലീസുകാര്‍ സക്കരിയ്യയെ പിടിച്ചുകൊണ്ടു പോയി.
  ഭര്‍ത്താവ് മരണപ്പെട്ട ബീക്കുട്ടിക്ക് മകന്‍ സക്കരിയ്യയായിരുന്നു എല്ലാം. രണ്ട് ദിവസം കഴിഞ്ഞും വീട്ടിലെത്താത്ത മകനെ തേടിയിറങ്ങിയ ബീക്കുട്ടി സ്ഥലം എം എല്‍ എയായിരുന്ന മന്ത്രി അബ്ദുര്‍റബ്ബിന്റെ വീട്ടിലുമെത്തി. ആശ്വാസ വാക്കുകളെല്ലാതെ കൃത്യമായ വിവരം അവിടെ നിന്നും കിട്ടിയില്ല. അവസാനം ബന്ധുവിനൊപ്പം തിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യമന്യേഷിച്ചു. ‘തീവ്രവാദികള്‍ വീട്ടിലുണ്ടായാല്‍ ഞങ്ങളെ പോലുള്ളവര്‍ കയറിനിരങ്ങും’ തിരൂര്‍ എസ് ഐയുടെ വാക്കുകള്‍ ഈ ഉമ്മയുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു.
  ഏറെ കഴിഞ്ഞാണ് ബീക്കുട്ടി അറിയുന്നത് മകന്‍ സക്കരിയ്യ ബല്‍ഗാം ജയിലിലാണെന്ന്. എന്താണ് ചെയ്ത തെറ്റെന്ന് ഉമ്മക്കുമറിയില്ല, മകനുമറിയില്ല. കൊണ്ടോട്ടിയിലെ 40 ദിവസത്തിനിടയില്‍ തീവ്രവാദികള്‍ക്ക് ടൈമര്‍ നിര്‍മിച്ചു നല്‍കിയത്രേ ഈ 18കാരന്‍. സാക്ഷിയായി കര്‍ണാടക പോലീസ് അവതരിപ്പിച്ച രണ്ട് പേരും പറഞ്ഞു. ഞങ്ങള്‍ക്ക് സക്കറിയയെ അറിയില്ല, കണ്ടിട്ടുമില്ല. പിന്നെ എന്തിനാണാവോ ഈ പാവത്തെ പീഡിപ്പിക്കുന്നത്.
  മനാഫ് കൂത്തുപറമ്പിലെ ടാക്‌സി ഡ്രൈവറായിരുന്നു. അംബാസഡര്‍ കാര്‍ ഓടി കിട്ടുന്നത് കൊണ്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഓട്ടത്തിനിടെ മനാഫിനെ ഓടിച്ചിട്ടുപിടിച്ചു കര്‍ണാടക പോലീസ്. പിന്നീട് ബംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടിട്ടു. ഏതോ തീവ്രവാദി ഈ അംബാസിഡറില്‍ മുമ്പ് കയറിയിട്ടുണ്ടെത്ര. കണ്ണൂര്‍ സ്വദേശി ശറഫുദ്ദീനും ബംഗളൂരുവില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്. അയല്‍വാസിയായ യുവാവിന്റെ മൊബൈല്‍ നമ്പര്‍ ശറഫുദ്ദീന്റെ മൊബൈലിലുണ്ടായി പോയതായിരുന്നു കുറ്റം. അങ്ങനെ ന്യായങ്ങള്‍ നിരത്താതെയും നിരത്തിയും കുറേ ചെറുപ്പക്കാരെ ജയിലിലടച്ചിരിക്കുന്നു. ഒരു സക്കറിയയോ മനാഫോ ശറഫുദ്ദീനോ മാത്രമല്ല. എവിടെയാണെന്നോ പേര് എന്തെന്നോ അറിയാത്ത കുറേ ചെറുപ്പക്കാര്‍.
  അയല്‍ രാജ്യക്കാര്‍ അതിര്‍ത്തി കടന്നാലും കാശ്മീര്‍ താഴ്‌വരയില്‍ കുഴിബോംബ് പൊട്ടിയാലും മുംബൈയിലോ ബംഗളൂരുവിലോ സ്‌ഫോടനമുണ്ടായാലും പേരുകേട്ട അന്വേഷണ ഏജന്‍സികളൊക്കെ തുമ്പു തേടി വരും ഇവിടെ മലബാറിലേക്ക്. എന്തെങ്കിലുമൊക്കെ കാരണം കണ്ടെത്തി ഏതെങ്കിലും മുസ്‌ലിം ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടു പോകും. പിന്നെയവന്‍ ഭീകരനായി. താടിയുണ്ടെങ്കില്‍ കൊടും ഭീകരനുമായി.

  [email protected]