ശ്രീലങ്ക: തമിഴ്‌വികാരം മാനിക്കണം

Posted on: March 19, 2013 7:38 am | Last updated: March 19, 2013 at 7:38 am
SHARE

siraj copyശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഡി എം കെ നേതാവ് കരുണാനിധിയുടെ നിലപാട് യു പി എ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ്. ശ്രീലങ്കന്‍ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ പിന്തുണക്കണമെന്നും, ഇല്ലെങ്കില്‍ യു പി എ സര്‍ക്കാറില്‍ നിന്ന് ഡി എം കെ മന്ത്രിമാരെ പിന്‍വലിക്കുമെന്നുമാണ് കരുണാനിധിയുടെ ഭീഷണി. വേലുപ്പിള്ള പ്രഭാകരന്റെ ഇളയ പുത്രന്‍ ബാലചന്ദ്രന്‍ പ്രഭാകരനെന്ന പന്ത്രണ്ട് വയസ്സുകാരനെ കൊല ചെയ്യുന്നതുള്‍പ്പെടെ ശ്രീലങ്കന്‍ സൈന്യം തമിഴര്‍ക്കെതിരെ നടത്തിയ വംശീയ യുദ്ധത്തിന്റെ ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് അമേരിക്ക ശ്രീലങ്കക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. തമിഴരോട് ലങ്കന്‍ സൈന്യം കാണിച്ച ക്രൂരതകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, കുറ്റവാളികളായ സൈനികരെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യുക, അവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തുക എന്നീ ആവശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രമേയം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും കരുണാനിധി ആവശ്യപ്പെടുന്നു. ഈ മാസാവസാനമാണ് അമേരിക്കയുടെ പ്രമേയത്തിന്മേല്‍ കൗണ്‍സിലില്‍ വോട്ടെടുപ്പ്.
കഴിഞ്ഞ ഫെബ്രുവരി 18ന് ചാനല്‍ ഫോറാണ് തമിഴരോട് ശ്രീലങ്കന്‍ സൈന്യം നടത്തിയ ക്രൂരതകളുടെ ദൃശ്യം പുറത്തു വിട്ടത്. നിരായുധരായ തമിഴരെ ഓടിച്ചും, കീഴടങ്ങിയവരെ അതിക്രൂരമായി പീഡിപ്പിച്ചും കൊല്ലുക, നിരപരാധികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വെടിയുതിര്‍ക്കുക, ആശുപത്രികളും വീടുകളും ബോംബിട്ടു നശിപ്പിക്കുക തുടങ്ങി കൊടും ക്രൂരതകളാണ് സൈന്യം നടത്തിയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീലങ്കന്‍ തമിഴരില്‍ വളരെ ന്യൂനപക്ഷമായിരുന്ന എല്‍ ടി ടി ഇ നടത്തിയ വിമോചന പോരാട്ടത്തെ അടിച്ചര്‍ത്താനെന്ന പേരില്‍ തമിഴ് മേഖലകളില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ തേരോട്ടം ഭയാനകമായിരുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍ നാഷനല്‍, ഹ്യൂമര്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. മുല്ലത്തീവ്, കിളിനൊച്ചി, വാവുനിയ എന്നീ തമിഴ് മേഖലകളിലായി ഏഴായിരത്തോളം പേരില്‍ മാത്രമൊതുങ്ങിയിരുന്ന എല്‍ ടി ടി ഇ ക്കാരെ തുരത്താന്‍ രണ്ടായിരത്തി ഒന്‍പതില്‍ രണ്ട് ലക്ഷത്തോളം സൈനികരെയായിരുന്നു നിയോഗിക്കപ്പെട്ടതെന്നും യൂദ്ധത്തിന്റെ അവസാന നാളുകളില്‍ മാത്രം നാല്‍പ്പതിനായിരത്തോളം തമിഴര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടില്‍ കാണാം.
ചാനലിലെ ദൃശ്യങ്ങള്‍ കണ്ടതോടെ തമിഴ്‌നാട് ഇളകിവശായിരിക്കയാണ്. ശ്രീലങ്കന്‍ പ്രസിഡണ്ട് രജപക്‌സെയെ കുറ്റവാളിയായി പ്രഖ്യാപിക്കുക, ശ്രീലങ്കയിലെ തമിഴരെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഡി എം കെയുടെ പോഷക സംഘടനയായ തമിഴ് ഈഴം സ്‌പോട്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ടെസോ), ദ്രാവിഡര്‍ കഴകം, വിടുതലൈ ചിരുതൈകള്‍ കച്ചി തുടങ്ങിയ സംഘടനകളും പാര്‍ട്ടികളും സമരത്തിലാണ്. കോളജ് വിദ്യാര്‍ഥികളും സമര രംഗത്തുണ്ട്. വിദ്യാര്‍ഥി സമരം രൂക്ഷമായപ്പോള്‍ കോളജുകള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചെങ്കിലും അടച്ചിട്ട കോളജുകള്‍ക്ക് മുമ്പില്‍ നിരാഹാരമുള്‍പ്പെടെയുള്ള മുറകളുമായി വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കരുണാനിധിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നത്.
ശ്രീലങ്കയിലെ തമിഴരുടെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ തമിഴ്‌നാട് ആവശ്യപ്പെടുന്നത് പോലെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടാനോ, കടുത്ത നിലപാട് സ്വീകരിക്കാനോ പ്രയാസമുണ്ടെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ്. വികാരത്തിനടിപ്പെട്ട് എടുത്തു ചാടി തീരുമാനമെടുക്കാനാകില്ലെന്നും വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇക്കാര്യം ബോധ്യപ്പെടുത്താനും കടുത്ത നിലപാടില്‍ അയവ് വരുത്തണമെന്നാവശ്യപ്പെട്ടുമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി, ധനമന്ത്രി പി ചിദംബരം, തമിഴ്‌നാടിന്റെ ചുമതലയുള്ള മന്ത്രി ഗുലാംനബി ആസാദ് എന്നിവരുള്‍ക്കൊള്ളുന്ന മന്ത്രിതല സംഘം ഇന്നലെ കരുണാനിധിയെ സന്ദര്‍ശിച്ചത്.
തമിഴ്‌നാടിന്റെ ആവശ്യം ന്യായമാണ്. ശ്രീലങ്ക നടത്തിയ ക്രൂരതകള്‍ മാപ്പര്‍ഹിക്കുന്നില്ല. അത് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്തു അര്‍ഹിക്കുന്ന ശിക്ഷ വിധിക്കേണ്ടതുമാണ്. അതേ സമയം ഇതെക്കുറിച്ചു ചോദ്യം ചെയ്യാനും പ്രമേയം അവതരിപ്പിക്കാനും ധാര്‍മികമായി അമേരിക്കക്കുള്ള അവകാശമെന്തെന്ന് മനസ്സിലാകുന്നില്ല. ഇത്തരം ക്രൂരതകള്‍ വിയറ്റ്‌നാമിലും, ഇറാഖിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ അമേരിക്കന്‍ സൈന്യം നടത്തിയിട്ടില്ലേ? ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍ യു എസ് സൈന്യം നടത്തിയ ക്രൂരതകള്‍ കേട്ട് ലോകം ഞെട്ടിത്തെറിച്ചിട്ടുണ്ട്. ഫലസ്ഥീനിള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം അനുവര്‍ത്തിക്കുന്നതും ഇത്തരം മൃഗീയതകള്‍ തന്നെ. അതിനെതിരെ ശബ്ദിക്കാനോ, യു എന്നില്‍ പ്രമേയമവതരിപ്പിക്കാനോ അമേരിക്ക എന്തുകൊണ്ട് തയാറാകുന്നില്ല?